- Trending Now:
വിപുലീകരിച്ചാല്‍ കുറച്ച് പേര്‍ക്ക് ജോലി നല്‍കാനുള്ള സാധ്യത ഇതിനുണ്ട്
ആത്മധൈര്യത്തോടെ ഇറങ്ങി തിരിച്ചാല്‍ ഏത് സംരംഭവും വിജയത്തിലേക്കെത്തിക്കാമെന്ന് കാട്ടിത്തരികയാണ് പേരാവൂര്‍ മണത്തണ സ്വദേശികളായ പി പി രവീന്ദ്രന്‍-കെ കെ രത്‌നമണി ദമ്പതികള്‍. വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഐശ്വര്യ റബ്ബര്‍ പ്രൊഡക്ട്‌സ് എന്ന കുടുംബശ്രീ സംരംഭം ചുരുങ്ങിയ നാളുകൊണ്ടാണ് ഇവര്‍ രണ്ട് പേരും കൂടി വിജയിപ്പിച്ചെടുത്തത്.
ഐശ്വര്യ റബ്ബര്‍ പ്രോഡക്ട്‌സിന്റെ റബ്ബര്‍ ബാന്റ്, വിരലുറ, കൈയ്യുറ എന്നിവ പ്രദേശികമായ മാര്‍ക്കറ്റുകളില്‍ സജീവമായിക്കഴിഞ്ഞു. ഇനി പുറത്തുള്ള വിപണികളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. പഞ്ചായത്ത്, കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവരുടെ പൂര്‍ണ പിന്തുണയും മറ്റ് സഹായങ്ങളും ഇവര്‍ക്കുണ്ട്.
കുടുംബശ്രീയില്‍ നിന്നും ലഭിച്ച 1.5 ലക്ഷം രൂപ വായ്പയില്‍ നിന്നാണ് സംരംഭത്തിന്റെ തുടക്കം. റബ്ബര്‍ ബോര്‍ഡില്‍ നിന്നും റബ്ബര്‍ ഉല്‍പ്പന്ന നിര്‍മാണത്തില്‍ ഒരാഴ്ചത്തെ പരിശീലനവും നേടി. മണത്തണ കുണ്ടേന്‍കാവ് കോളനിക്ക് സമീപമുള്ള വീടിനോട് ചേര്‍ന്നാണ് സംരംഭം. ആറു ലക്ഷം രൂപയാണ് മുതല്‍മുടക്ക്. കട്ടിങ് മെഷീന്‍, ബോയില്‍ മില്‍ എന്നീ മെഷീനുകളും ക്രീമിങ് ടാങ്ക്, ഉല്‍പന്നം പുഴുങ്ങി ഉണക്കിയിടാനുള്ള സംവിധാനങ്ങള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ ഒരു ദിവസം 20 കിലോഗ്രാം ഉല്‍പന്നങ്ങളാണ് ഉണ്ടാക്കുന്നതെങ്കിലും 50 കിലോഗ്രാം വരെ ഉല്‍പാദനശേഷിയുള്ള സംരംഭമാണിത്.
ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനായി റബ്ബര്‍ പാല്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഒരുക്കുന്ന മിശ്രിതം ആറുമാസം വരെ കെടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. റബ്ബര്‍ പാലും ആറുമാസം വരെ സംഭരിച്ച് കേടുകൂടാതെ നിലനിര്‍ത്താന്‍ സാധിക്കും. ഈ സംരംഭത്തിന്റെ അനുകൂലമായ സവിശേഷതയാണിത്. 20 ഗ്രാം റബ്ബര്‍ ബാന്റിന്റെ പാക്കിന് ആറു രൂപയാണ് വില. 500 ഗ്രാം തൂക്കമുള്ളതിന് 125 രൂപയും. പ്രസ്സുകളിലും മറ്റും ഉപയോഗിക്കുന്ന വലിയ അളവിലുള്ള റബ്ബര്‍ ബാന്റിന്റെ 200 ഗ്രാം പാക്കിന് 50 രൂപയാണ് വില. നാല് ഫിംഗര്‍ ക്യാപ് ഉള്ള പാക്ക് ആറു രൂപക്കും ഒരു ജോഡി കൈയ്യുറ 60 രൂപക്കുമാണ് വില്‍ക്കുന്നത്.
കൊവിഡ് സാഹചര്യം പ്രതിസന്ധിയിലാക്കിയ തൊഴില്‍ മേഖലക്ക് പ്രചോദനമാണ് ഈ കുടുംബശ്രീ സംരംഭം. വിപുലീകരിച്ചാല്‍ കുറച്ച് പേര്‍ക്ക് ജോലി നല്‍കാനുള്ള സാധ്യത ഇതിനുണ്ട്. ടാപ്പിങ് തൊഴില്‍ ചെയ്തിരുന്ന രവീന്ദ്രന്‍ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലുള്ള സാധ്യതകള്‍ മനസ്സിലാക്കിയപ്പോഴാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. റബ്ബറിന്റെ മറ്റ് ഉത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞാലും റബ്ബര്‍ ബാന്റിന്റെ വിപണിയെ ബാധിക്കില്ലെന്നാണ് രവീന്ദ്രന്‍ പറയുന്നത്.
സംരംഭങ്ങള്‍ തുടങ്ങാന്‍ നിരവധി പദ്ധതികളും സഹായങ്ങളും പരിശീലനങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും യുവാക്കള്‍ ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് വരണമെന്നും ഇവര്‍ പറയുന്നു. സംരംഭങ്ങള്‍ ആരംഭിക്കാന്‍ പോകുന്നവര്‍ക്കും, മടിച്ച് നില്‍ക്കുന്നവര്‍ക്കും പ്രചോദനമാണ് ഇവര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.