- Trending Now:
കഴിഞ്ഞ വർഷം നിരവധി പേരുടെ മരണത്തിന് കാരണമായ പശ്ചാത്തലത്തിലാണ് നിർദേശം
കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും. ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്‌ബെക്കിസ്ഥാനിലും നിരവധി പേരുടെ മരണത്തിന് കാരണമായ പശ്ചാത്തലത്തിലാണ് നിർദേശം.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (സിഡിഎസ്സിഒ) നിന്ന് ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നല്കിയിയെന്നും അത് പരിഗണയിലാണെന്നുമാണ് റിപ്പോർട്ട്. കയറ്റുമതി ചെയ്യുന്നതിന് മുമ്പ് സർക്കാർ ലാബുകളിൽ ഈ കഫ് സിറപ്പുകൾ പരിശോധിക്കാനാണ് നിർദ്ദേശം.
അംഗീകൃത ലബോറട്ടറിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ 'വിശകലന സർട്ടിഫിക്കറ്റ് കയറ്റുമതിക്കാർ നിർബന്ധമായും ഹാജരാക്കണമെന്ന് സിഡിഎസ്സിഒ നിർദേശിച്ചിട്ടുണ്ട്.
നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിക്കുന്ന കഫ് സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചിരുന്നു. ഉസ്ബെക്കിസ്ഥാനിൽ 19 കുട്ടികൾ മരിച്ചതിനെ തുടർന്നായിരുന്നു നിർദേശം.ആംബ്രോണോൾ, DOK-1 മാക്സ് എന്നീ സിറപ്പുകളിൽ വിഷ പദാർത്ഥമായ എഥിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട്.
ഇന്ത്യയിൽ നിന്ന്‌നും നിർമ്മിച്ച് കയറ്റുമതി ചെയ്ത കഫ് സിറപ്പ് ഉപയോഗിച്ച് ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 70-ഓളം കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിലെ മരണം റിപ്പോർട്ട് ചെയ്തത്. ഹരിയാനയിലെ സോനാപത്തിലുള്ള എംഎസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡാണ് ഗാംബിയയിലേയ്ക്ക് അയച്ച കഫ് സിറപ്പുകൾ നിർമ്മിച്ചത്.
ഗാംബിയയിലേക്ക് കയറ്റുമതി ചെയ്യുന്ന സിറപ്പുകളിൽ കാർ ബ്രേക്ക് ഫ്‌ലൂയിഡിൽ ഉപയോഗിക്കുന്ന എഥിലീൻ ഗ്ലൈക്കോളും (ഇജി) ഡൈതലീൻ ഗ്ലൈക്കോളും (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് ഇന്ത്യൻ കമ്പനികളും ആരോപണങ്ങൾ നിഷേധിക്കുകയാണ് ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.