- Trending Now:
കേരത്തിന്റെ നാട് എന്നാണ് നമ്മുടെ കേരളം അറിയപ്പെടുന്നത് തന്നെ.കേരളത്തില്‍ തെങ്ങിനും അതില്‍ നിന്നുള്ള കൊപ്ര,വെളിച്ചെണ്ണ അടക്കമുള്ള ഉത്പന്നങ്ങള്‍ക്കും വലിയ വിപണന സാധ്യത ഉണ്ട്.വിദേശ രാജ്യങ്ങളിലേക്ക് പോലും കേരളത്തിന്റെ വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്.
കോവിഡ് വ്യാപനം കേരളത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതത്തിന് ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ നിലവില്‍ മലയാളികള്‍ക്ക് സാധിക്കുന്ന ഒരു സംരംഭമേഖലയാണ് തെങ്ങുമായി ബന്ധപ്പെട്ട് കിടക്കുന്നത്.പ്രത്യേകിച്ചും കൊപ്ര നിര്‍മ്മാണം.
കേരളത്തിന്റെ പാരമ്പര്യ വ്യവസായങ്ങളില്‍പെട്ട ഒന്നാണ് കൊപ്ര നിര്‍മ്മാണം. എന്നാല്‍ ഇടക്കാലം കൊണ്ട് ഉത്തര മലബാറിലെ അപൂര്‍വം ചില കേന്ദ്രങ്ങളില്‍ ഒഴിച്ച് മിക്ക കൊപ്ര നിര്‍മ്മാണ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടപ്പെട്ടു. ഇതേ സമയം തമിഴ്നാട്ടിലെ കാങ്കയത്തും കര്‍ണ്ണാടകയിലെ തിപ്തൂരുമെല്ലാം കൊപ്ര നിര്‍മ്മാണം വന്‍ വ്യവസായമായി വളര്‍ന്നു.
കേരളത്തില്‍ ചെറുകിട വെളിച്ചെണ്ണ നിര്‍മ്മാണ വിപണന കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ചക്കിലാട്ടിയ വെളിച്ചെണ്ണ ഒരു ട്രെന്‍ഡായി മാറിയതോടെ നിരവധി സംരംഭകര്‍ ഈ രംഗത്തേക്ക് കടന്നുവന്നു. പ്രതിദിന കൊപ്ര ഉപഭോഗത്തിന്റെ 65% ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ തന്നെ ധാരാളം വിപണിയുള്ള കൊപ്ര നമ്മുടെ സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിക്കുന്നതിനുള്ള അവസരമുണ്ട്.
കൊപ്ര നിര്‍മ്മാണം ലാഭകരമായ വ്യവസായമാക്കി മാറ്റിയെടുക്കുന്നതിന് നവീകരിച്ച യന്ത്രങ്ങളും നിര്‍മ്മാണരീതികളുമൊക്കെ ഇന്ന് ലഭ്യമാണ്. പരമ്പരാഗതമായി വലിയ കളങ്ങള്‍ സ്ഥാപിച്ച് നടത്തിയിരുന്ന വ്യവസായം ഇന്ന് 500 - 1000 സ്‌ക്വയര്‍ ഫീറ്റ് ഷെഡിനുളളിലേക്ക് ഒതുക്കാനാകും. സ്ത്രീ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് കൊപ്ര നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനാകും. പ്രാദേശീകമായുള്ള 15-20 എണ്ണമില്ലുകള്‍ക്ക് ഗുണമേന്മയുള്ള കൊപ്ര സപ്ലൈ ചെയ്തുകൊണ്ട് തന്നെ ചെറിയ ഉല്പാദനയൂണിറ്റുകള്‍ക്ക് നിലനില്ക്കാന്‍ കഴിയും.
പാഴായി പോകുന്ന തേങ്ങാവെള്ളം സ്വാദിഷ്ഠമായ ശീതളപാനീയമാക്കി കൂടുതല്‍ വരുമാനം നേടുന്നതിനുള്ള സാങ്കേതികവിദ്യയും ഇന്ന് ലഭ്യമാണ്.
ഇന്ന് കൊപ്രവ്യവസായ മേഖലകളില്‍ കഠിനാധ്വാനത്തിന്റെ ആവശ്യമൊന്നുമില്ല.ആളുകള്‍ ചെയ്തിരുന്ന ബൃഹത്തായ ജോലികള്‍ ഒക്കെ ചെയ്യാന്‍ ഇന്ന് യന്ത്രങ്ങളുടെ സഹായം ഉണ്ട്.
തേങ്ങ ഉടച്ചെടുക്കുന്നതിന് ഇന്ന് കോക്കനട്ട് കട്ടര്‍ യന്ത്രം ലഭ്യമാണ്. മണിക്കൂറില്‍ 700 തേങ്ങ ഉടച്ചെടുക്കുന്നതിന് ഈ യന്ത്രത്തിന് ഒരു സ്ത്രീ തൊഴിലാളിയുടെ സേവനം മാത്രം മതിയാകും.
ഊര്‍ജ്ജക്ഷമതയുള്ള ഇലക്ട്രിക് ഡ്രയറുകള്‍ കൊപ്രാനിര്‍മ്മാണത്തിന് സ്പെഷ്യലായി രൂപകല്‍പ്പന ചെയ്തത് ലഭ്യമാണ്. വിറകും ചിരട്ടയും കത്തിച്ച് ഉണങ്ങിയെടുക്കുന്ന പാരമ്പര്യ മോഡലില്‍ നിന്ന് വിഭിന്നമായി മനുഷ്യ അധ്വാനം നന്നേ ലഘൂകരിക്കപ്പെടും.
6% ഈര്‍പ്പണമാണ് കൊപ്രയില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. നിര്‍മ്മിക്കുന്ന കൊപ്ര ഗുണമേന്മ നിലനിര്‍ത്താന്‍ ഈര്‍പ്പം പരിശോധിക്കുന്നതിനും ആവശ്യാനുസരണം താപനില ക്രമീകരിക്കുന്നതിനും കൊപ്ര ടെസ്റ്റിംഗ് മീറ്ററുകള്‍ ഇന്ന് ലഭ്യമാണ്.ഈ യന്ത്രങ്ങളൊക്കെ ലാഭകരമായി കൊപ്ര നിര്‍മ്മാണം നടത്താന്‍ സംരംഭകനെ സഹായിക്കും.
ഉദ്യം രജിസ്‌ട്രേഷന്‍,ഫുഡ് സേഫ്റ്റി ലൈസന്‍സ്, ജി.എസ്.ടി. എന്നീ ലൈസന്‍സുകള്‍ നേടി മികച്ച രീതിയില്‍ നാട്ടില്‍ തന്നെ സംരംഭം തുടങ്ങാനും ലാഭം നേടാനും സാധിക്കും.മൂലധന നിക്ഷേപത്തിന് അനുപാദികമായി നാളികേര വികസന ബോര്‍ഡില്‍ നിന്നോ വ്യവസായ വകുപ്പില്‍ നിന്നോ സബ്സിഡികളും സംരംഭകര്‍ക്ക് ലഭിക്കും.
ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള അന്യസംസ്ഥാന കൊപ്ര മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതുകൊണ്ടാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്.ഇതൊഴിവാക്കാനും ശുദ്ധമായ വെളിച്ചെണ്ണയും ഉത്പന്നങ്ങളും ലഭിക്കാനും അതിനൊപ്പം തൊഴില്‍ വര്‍ദ്ധനവിനും ഗ്രാമീണ സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുക്കുന്ന ഈ വ്യവസായത്തെ നവീകരിച്ച് തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ പ്രോത്സാഹനം നല്‍കുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.