Sections

ഉത്പാദന മേഖലയിൽ സഹകരണ മേഖല വലിയ പുരോഗതി കൈവരിച്ചു -മന്ത്രി  വി എൻ വാസവൻ

Tuesday, Apr 25, 2023
Reported By Admin
Co-operative Expo 2023

ഉത്പാദന മേഖലയിൽ സഹകരണ മേഖല വലിയ പുരോഗതി കൈവരിച്ചു


ഉത്പാദന മേഖലയിൽ വലിയ പുരോഗതി കൈവരിക്കുന്ന മേഖലയായി സഹകരണ മേഖല മാറിയതായി രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. സംസ്ഥാനത്ത് ഉടനീളം നടക്കുന്ന സഹകരണ എക്സ്പോകളുടെ വിജയം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ - സെലക്റ്റ് കമ്മിറ്റി സിറ്റിംഗ് ആമുഖ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നിർമ്മാണം, ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ചു കഴിഞ്ഞു. ഇത് ശരിവെക്കുന്നതാണ് സഹകരണ സംഘത്തിന് ലഭിച്ച നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ. കുറ്റമറ്റരീതിയിൽ നിയമപരമായ പരിരക്ഷ സഹകരണമേഖലയ്ക്ക് അത്യാവശ്യമായി വന്ന പശ്ചാത്തലത്തിലാണ് സമഗ്രമായ നിയമഭേദഗതി കരട് നിർദേശം മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു.

അത്തോളിയിൽ നടന്ന കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ - സെലക്റ്റ് കമ്മിറ്റി സിറ്റിങ്ങോടെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സെലക്ട് കമ്മിറ്റി സിറ്റിംഗ് പൂർത്തീകരിച്ചതായും മന്ത്രി അറിയിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു.

സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ചെയർമാനായ സെലക്ട് കമ്മിറ്റി കോഴിക്കോട്, വയനാട് , മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ സംഘങ്ങളിലെ ജീവനക്കാർ, സഹകരണ സംഘങ്ങളിലെ ബോർഡ് അംഗങ്ങൾ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു.

2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ www.niyamasabha.org ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താൽപര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ മെയിലായോ (legislation.kla@gmail.com) സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു കൊടുക്കാവുന്നതുമാണ്.

സെലക്റ്റ് കമ്മിറ്റി അംഗങ്ങളായ എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, നിയമസഭാ സമിതി ഉദ്യോഗസ്ഥർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.