Sections

ഉല്പാദന മേഖലയിലെ മുന്നേറ്റത്തിന് ശക്തി പകരാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കും: മന്ത്രി പി രാജീവ്

Monday, Apr 24, 2023
Reported By Admin
Co-operative Expo 2023

സഹകരണ സംഘങ്ങളിലൂടെ മൂല്യ വർദ്ധിത വസ്തുക്കളുടെ ഉല്പാപാദനം വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക രംഗത്ത് കരുത്തേകാനും സാധിക്കുമെന്ന് മന്ത്രി


ഉല്പാപാദന മേഖലയിലെ മുന്നേറ്റത്തിന് ശക്തിപകരാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച- അടിസ്ഥാന സൗകര്യ- ഉല്പാപാദന മേഖലകളിൽ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടൽ എന്ന വിഷയത്തിൽ സഹകരണ എക്സ്പോ വേദിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സഹകരണ സംഘങ്ങളിലൂടെ മൂല്യ വർദ്ധിത വസ്തുക്കളുടെ ഉല്പാപാദനം വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക രംഗത്ത് കരുത്തേകാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആഭ്യന്തര വളർച്ച നിരക്കിനേക്കാൾ (ജി ഡി പി )വ്യവസായിക വളർച്ച നിരക്ക് കൈവരിക്കാൻ 2022-23 സാമ്പത്തിക വർഷം സംസ്ഥാനത്തിന് സാധിച്ചു. 17.3 ശതമാനം വ്യവസായിക വളർച്ച നിരക്കും 12 ശതമാനം ആഭ്യന്തര വളർച്ച നിരക്കും ആണ് സംസ്ഥാനം കൈവരിച്ചത്. ഉല്പാപാദനരംഗത്ത് നിരവധി വ്യവസായ സംരംഭങ്ങളാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് ആരംഭിച്ചത്. ഉല്പാദന രംഗത്ത് വൻ സാധ്യതകളാണ് കേരളത്തിലുള്ളത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് 22 മേഖലകൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് പുതിയ വ്യവസായ നയം സർക്കാർ രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തന്നെ ശ്രദ്ധേയമായ കേരള മോഡൽ വികസനം നിലനിർത്തിക്കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നടത്തി വരുന്നത്. കേരള മോഡലിലെ ഗുണങ്ങൾ ശക്തിപ്പെടുത്തിയും ദൗർബല്യങ്ങൾക്ക് പരിഹാരം കണ്ടുമുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ പശ്ചാത്തല വികസന മേഖലയിൽ വൻ വികസന കുതിപ്പ് സാധ്യമായതായി മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് ആരംഭിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതികളുടെ ഭാഗമായി 1.38 ലക്ഷം സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഇതിൽ കൂടുതലും മൂല്യ വർധിത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് .സ്ത്രീകളാണ് കൂടുതലും സംരംഭങ്ങൾ ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് പഠനത്തിനോടൊപ്പം ബന്ധപ്പെട്ട മേഖലയിൽ തൊഴിൽ ചെയ്യുന്നതിന് കലാലയങ്ങളോട് ചേർന്ന് വ്യവസായ പാർക്കുകൾ നിർമ്മിക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു .

പ്രവർത്തനമേഖലയിൽ ജനജീവിതത്തിൽ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിന്റെ അളവുകോൽ. പശ്ചാത്തല സൗകര്യ വികസന മേഖലയിൽ കൃത്യമായി ഇടപെടലുകൾ നടത്താൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കണം. കാർഷിക വിനോദസഞ്ചാര മേഖലയിലെ വികസനത്തിനായി പ്രവർത്തനങ്ങൾ നടത്താനും സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

സെമിനാറിൽ കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഡയറക്ടർ താജുദ്ദീൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ജിജു. പി. അലക്സ് വിഷയാവതരണം നടത്തി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് നടത്താൻ കഴിയുന്ന ഇടപെടലുകളെ കുറിച്ച് സെമിനാറിൽ ചർച്ച ചെയ്തു. ഉല്പാദന മേഖലയെ മുന്നോട്ടു നയിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ നടത്തേണ്ട ഇടപെടലുകളെ കുറിച്ചും അടിസ്ഥാന സൗകര്യ പശ്ചാത്തല വികസന മേഖലകളിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യങ്ങളെക്കുറിച്ചും സെമിനാറിൽ ചർച്ചയായി.

പാനൽ ചർച്ചയിൽ ഫെഡറൽ ബാങ്ക് ചെയർമാൻ ബാലഗോപാൽ, തൃക്കാക്കര മുൻസിപ്പൽ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് സുകുമാരൻ നായർ, വി.കെ.സി ഗ്രൂപ്പ് ചെയർമാൻ വി.കെ.സി റസാഖ്, പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം.എസ് ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.