- Trending Now:
കോഴിക്കോട്: പാചക വാതക സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്നതിന് അമിത ചാർജ്ജ് ഈടാക്കുന്ന ഏജൻസിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. ചൊവ്വാഴ്ച കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന എൽ.പി.ജി ഓപ്പൺ ഫോറത്തിൽ പരാതികൾ കേട്ട ശേഷം സംസാരിക്കുകയായിരുന്നു കലക്ടർ.
റീഫിൽ സിലിണ്ടർ വീട്ടിലെത്തിച്ചു നൽകുന്നതിന് നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഏജൻസി ഷോറൂമിൽ നിന്നും 5 കി.മീ ദൂരപരിധി വരെ സൗജന്യ ഡെലിവറിയാണ്. അതിനു ശേഷമുള്ള ഓരോ 5 കി.മീ ദൂരത്തിനും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഗ്യാസിന്റെ വിലയും ട്രാൻപോർട്ടേഷൻ ചാർജും ബില്ലിൽ രേഖപ്പെടുത്തണം. ബിൽ തുക മാത്രമേ ഉപഭോക്താവിൽ നിന്ന് വാങ്ങാൻ പാടുള്ളു. നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുന്നതായി തെളിഞ്ഞാൽ ഏജൻസിയുടെ ലൈസൻസ് ഉൾപ്പടെ റദ്ദാക്കും.
അമിത തുക ഈടാക്കുന്ന ഏജൻസിക്കെതിരെ ഉപഭോക്താക്കൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകണമെന്നും പാചക വാതക സിലിണ്ടറുകളുടെ തൂക്കത്തിൽ കുറവ് വരുത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു. ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടുത്തുന്നതിന് ഡെലിവറി വാഹനത്തിൽ തൂക്കമെഷീൻ നിർബന്ധമായും വേണം. ഉപഭോക്താക്കൾക്ക് ബില്ല് നൽകുകയും വേണം.
പാചക വാതക വിതരണ ഗോഡൗണിലും വാഹനങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന ഉൾപ്പടെ നടത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു. സിലിണ്ടർ വിതരണവുമായി ബന്ധപ്പെട്ട് അമിത തുക ഈടാക്കുന്ന ഏജൻസികൾക്കെതിരെ ഓപ്പൺ ഫോറത്തിൽ പരാതികൾ ഉയർന്നു. റസിഡൻസ് കൂട്ടായ്മകളും ഉപഭോക്തൃ സംഘടനാ പ്രതിനിധികളും വിതരണവും തൂക്കവും സംബന്ധിച്ച പരാതികൾ ഉന്നയിച്ചു.
അധികമായി ഒരു സിലിണ്ടർ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഓപ്പൺ ഫോറത്തിൽ എത്തിയ കട്ടിപ്പാറയിലെ നിർധനയായ വീട്ടമ്മക്ക് സിലിണ്ടറിന്റെ ഡെപ്പോസിറ്റ് തുക മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് സി. ഇ ചാക്കുണ്ണി കൈമാറി. എ.ഡി.എം സി മുഹമ്മദ് റഫീഖ് തുക പട്ടേരികുടിയിൽ ഭാരത് ഗ്യാസ് ഏജൻസി മാനേജർ മുഹമ്മദ് കബീറിനെ ഏൽപ്പിച്ചു.
യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ എസ് ഒ ബിന്ദു അധ്യക്ഷത വഹിച്ചു. എ.ഡി.എം സി മുഹമ്മദ് റഫീഖ്, ബി.പി.സി.എൽ സെയിൽസ് ഓഫീസർ സച്ചിൻ കാഷ്യേ, ജില്ലാ സപ്ലൈ ഓഫീസ് ജൂനിയർ സുപ്രണ്ട് സി സദാശിവൻ, താലൂക്ക് സപ്ലൈ ഓഫീസർമാർ, ഗ്യാസ് ഏജൻസി ഡീലർമാർ, വിതരണക്കാർ, ഉപഭോക്തൃ സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
അംഗീകൃത പാചക വിതരണ ഏജൻസികൾ റീഫിൽ ചെയ്ത സിലിണ്ടറുകൾ ഉപഭോക്താവിന്റെ വീട്ടിൽ എത്തിക്കുന്നതിന് ഗ്യാസ് ഏജൻസിയുടെ ഓഫീസ് മുതൽ അഞ്ച് കിലോമീറ്റർ വരെ ഫ്രീസോൺ ആയിരിക്കും. ബിൽ തുകയിൽ കൂടുതൽ തുക സർവ്വീസ് ചാർജ്ജായി ഉപഭോക്താവിൽ നിന്നും ഈടാക്കാൻ പാടില്ല. അഞ്ചു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ 20 രൂപയും, 10 മുതൽ 15 കിലോമീറ്റർ വരെ 35 രൂപയും, 15 മുതൽ 20 കിലോമീറ്റർ വരെ 45 രൂപയും, 20 കിലോമീറ്ററിന് മുകളിൽ 60 രൂപയുമാണ് വീടുകളിൽ എത്തിക്കുന്നതിനുള്ള നിയമാനുസൃത തുക. കൂടുതൽ ഈടാക്കുന്ന ഏജൻസികൾക്കെതിരെ ഉപഭോക്താക്കൾക്ക് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകാം. കൂടാതെ സിലിണ്ടറുകളുടെ അളവിൽ സംശയം തോന്നിയാൽ ഉപഭോക്താവിന് ഭാരം അറിയാൻ അവകാശമുണ്ടെന്നും വിതരണക്കാരൻ സിലിണ്ടർ തൂക്കി നൽകേണ്ടതുമാണ്. സിലിണ്ടർ തൂക്കി നൽകാൻ ആവശ്യപ്പെട്ടിട്ടും തൂക്കം ബോധ്യപ്പെടുത്താത്ത പക്ഷവും ഉപഭോക്കാവിന് പരാതി നൽകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.