Sections

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ-വിദ്യാഭ്യാസ ഉച്ചകോടി കോൺഫ്ളുവൻസ് 2024 നവംബർ ആറിന് കൊച്ചിയിൽ

Saturday, Oct 26, 2024
Reported By Admin
Confluence 2024 industry-education summit at Rajagiri School of Engineering and Technology in Kochi

  • രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും

കൊച്ചി: രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനമായ കോൺഫ്ളുവൻസ 2024 കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ(ആർസിഇടി) നടക്കും. വ്യവസായസൗഹൃദമായ വിജ്ഞാന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം വയ്ക്കുന്ന ഈ സമ്മേളനം സംസ്ഥാനത്തെ 250ലേറെ വരുന്ന ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കും ആർസിഇടിയുമായ സഹകരിച്ചാണ് നടത്തുന്നത്.

പ്രതിഭകളുടെ ഭാവി(ഫ്യൂച്ചർ ഓഫ് ടാലൻറ്) എന്നതാണ് നവംബർ ആറിന് നടക്കുന്ന കോൺഫ്ളുവൻസ് 2024 ൻറെ പ്രമേയം.

സംസ്ഥാനത്തെ വ്യവസായ ആവാസ വ്യവസ്ഥയിലെ പ്രമുഖരായ ഇൻഫോപാർക്ക്, ടെക്നോപാർക്ക്, സ്മാർട്ട്സിറ്റി, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐഇഇഇ ഇന്ത്യ കൗൺസിൽ, കൊച്ചി മെട്രോ റെയിൽ തുടങ്ങിയവയുടെ സഹകരണവും ഈ സമ്മേളനത്തിനുണ്ട്.

വർത്തമാനകാല വ്യാവസായിക ആവാസ വ്യവസ്ഥയെ അടിമുടി മാറ്റുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇന്ന് ലോകമെമ്പാടും ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ജി-ടെക്ക് ചെയർമാനും ഐബിഎസ് സോഫ്റ്റ്വെയർ സ്ഥാപകനുമായ വി കെ മാത്യൂസ് പറഞ്ഞു. നിർമ്മിതബുദ്ധി(എഐ) പോലുള്ള ആധുനിക സാങ്കേതികവിദ്യയുമായി താദാമ്യം പ്രാപിക്കാൻ അക്കാദമിക രംഗത്തുള്ളവർ, ഐടി പ്രൊഫഷണലുകൾ, കോർപ്പറേറ്റുകൾ തുടങ്ങിയവർ വിപ്ലവകരമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.

നൂതന സാങ്കേതികവിദ്യയിലേക്കുള്ള ഈ ചുവട്മാറ്റം ഐടി ജീവനക്കാർ ദ്രുതഗതിയിൽ സ്വായത്തമാക്കണം. അതിനൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസരംഗം നിലവിലെ സാഹചര്യത്തിനൊത്ത് ഉയരേണ്ടതുണ്ട്. കോൺഫ്ളുവൻസ് സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രഗൽഭരായ പ്രൊഫഷണലുകൾ സ്വന്തം അനുഭവ പരിചയം പങ്കുവയ്ക്കുന്നതിലൂടെ ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ ഉന്നത വിദ്യാഭ്യാസരംഗത്തെയും ഐടി ആവാസവ്യവസ്ഥയെയും ഒരുപോലെ സഹായിക്കുമെന്നും വി കെ മാത്യൂസ് പറഞ്ഞു.

വിജ്ഞാന മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരും വിജ്ഞാന-സാങ്കേതിക മേഖലയിലെ പ്രമുഖരും ഈ ഉച്ചകോടിയിൽ പ്രഭാഷണങ്ങൾ നടത്തും. വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും സമ്മേളനത്തിൽ ഉണ്ടാകും.

സാങ്കേതിക വർക്ക് ഷോപ്പുകൾ, സ്റ്റാർട്ടപ്പ് പ്രദർശനം, ഗവേഷണ പ്രവർത്തനങ്ങളുടെയും ഉത്തന്നങ്ങളുടെയും പ്രദർശനം, പിഎച്ച്ഡി കോൺക്ലേവ്, റിസർച്ച് പോസ്റ്റർ പ്രദർശനം തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

ഐടി ആവാസ വ്യവസ്ഥയുടെ ആവശ്യങ്ങളെപ്പറ്റിയും പ്രവർത്തന രീതികളെപ്പറ്റിയും സാങ്കേതിക വിദ്യാർഥികൾക്ക് നേരിൽകണ്ട് മനസ്സിലാക്കാനുള്ള അസുലഭ അവസരമാണ് കോൺഫ്ളുവൻസ് 2024 എന്ന് ആർസിഇടി പ്രിൻസിപ്പൽ ഫാദർ ഡോ. ജെയ്സൺ മുളേരിക്കൽ സിഎംഐ പറഞ്ഞു. ആശയ വിനിമയത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും പുതുതലമുറ തൊഴിൽരംഗത്തെ പ്രതിഭകളുടെ തലസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നതിന് https://www.rajagiritech.ac.in/confluence/Registration.asp എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 80756 14084 / 85476 35562 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.