Sections

കൊച്ചിയിൽ തുടർ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകർ അനുഭവങ്ങൾ പങ്ക് വയ്ക്കും

Saturday, Jul 27, 2024
Reported By Admin
Conclave on Continuing Investments to feature 250 entrepreneurs

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അഞ്ച് കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയ സംരംഭകർക്ക് പിന്തുണ നൽകുന്നതിനും അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിൻറെയും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൻറെയും സംയുക്താഭിമുഖ്യത്തിൽ തുടർ നിക്ഷേപം സംബന്ധിച്ച സമ്മേളനം സംഘടിപ്പിക്കുന്നു.

250 സംരംഭകർ പങ്കെടുക്കുന്ന സമ്മേളനം ജൂലൈ 29 തിങ്കൾ രാവിലെ 10.15 ന് കൊച്ചി ലേ മെറീഡിയനിലെ ഒമാൻ ഹാളിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാനത്ത് അടുത്തിടെ നിക്ഷേപം നടത്തിയിട്ടുള്ള വിവിധ ജില്ലകളിൽ നിന്നുള്ള നിക്ഷേപകരുമായി സംവദിക്കുന്നത് ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തങ്ങളുടെ അനുഭവങ്ങളും ഉൾക്കാഴ്ച്ചകളും തുടർ പ്രവർത്തനങ്ങളും അവർ സമ്മേളനത്തിൽ പങ്ക് വയ്ക്കും നൂതന സംരംഭങ്ങളുടെ അഭിവൃദ്ധിക്ക് പിന്തുണ നൽകുന്ന ശക്തമായ കേരളത്തിൻറെ ആവാസവ്യവസ്ഥയെ പ്രതിഫലിപ്പിക്കുക എന്നതും സമ്മേളനം ഉന്നം വയ്ക്കുന്നു. കേരളത്തിൻറെ നിക്ഷേപ സൗഹൃദ നയങ്ങളും സുശക്തമായ അടിസ്ഥാന സൗകര്യ വികസനവും ആഗോള വിപണികളിലേക്ക് പ്രവേശനം സുഗമമാക്കുന്നതുമെല്ലാം സമ്മേളനം ചർച്ച ചെയ്യും.

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ്. ഹരികിഷോർ സ്വാഗതം ആശംസിക്കുന്ന ചടങ്ങി കെഎസ്ഐഡിസി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ പോൾ ആൻറണി പ്രത്യേക പ്രഭാഷണം നടത്തും.

കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, സിഐഐ-കേരള സ്റ്റേറ്റ് കൗൺസി ചെയർമാൻ വിനോദ് മഞ്ഞില, എഫ്ഐസിസിഐ കോ-ചെയർ ദീപക് അസ്വാനി, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡൻറ് എ നിസാറുദ്ദീൻ എന്നിവർ പ്രസംഗിക്കും. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കൃപകുമാർ കെ എസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.

തുടർന്ന് നിക്ഷേപകരുമായി മന്ത്രി പി.രാജീവ് ആശയവിനിമയം നടത്തും. അതിന് ശേഷം സിന്തൈറ്റ് ഡയറക്ടർ അജു ജേക്കബ്, വികെസി ഗ്രൂപ്പ് എംഡിയും കെഎസ്ഐഡിസി ഡയറക്ടറുമായ വികെസി റസാഖ്, പിഎൻസി ഗ്രൂപ്പ് വൈസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു, ബിഫ ഡ്രഗ് ലബോറട്ടറീസ് സിഇഒയും എംഡിയുമായ അജയ് ജോർജ് വർഗീസ് തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വയ്ക്കുകയും നിക്ഷേപകരുമായി സംവദിക്കുകയും ചെയ്യും.

കേരളത്തിൻറെ വളർച്ചയെ അനാവരണം ചെയ്യുന്നതിനൊപ്പം സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനും അവയെ സുഗമമാക്കുന്നതിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഹരികിഷോർ പറഞ്ഞു.

[മലബാർ ബിസിനസ് ക്വിസ് ലീഗിന്റെ മാതൃകാ പ്രദർശനമത്സരം നടത്തി]

ഉച്ച കഴിഞ്ഞ് നാല് സെഷനുകൾ ഉണ്ടാകും. കെഎസ്ഐഡിസിയുടെ സാമ്പത്തിക പദ്ധതികളെ പറ്റി ജനറൽ മാനേജർ ജി. ഉണ്ണികൃഷ്ണനും, വ്യവസായ നയത്തെയും പോത്സാഹന പദ്ധതികളെയും പറ്റി വർഗീസ് മാലക്കാരനും അവതരണം നടത്തും. വ്യവസായ വാണിജ്യ വകുപ്പിൻറെ പദ്ധതികളെയും പിന്തുണയെയും കുറിച്ച് ഡെപ്യൂട്ടി ഡയറക്ടർമാരായ ഷബീർ എം, പ്രേംരാജ് എന്നിവരും കേന്ദ്ര സർക്കാർ പദ്ധതികളെ പറ്റി എംഎസ്എംഇ-ഡിഎഫ്ഒ ജോയിൻറ് ഡയറക്ടർ ജി.എസ് പ്രകാശും അവതരണങ്ങൾ നടത്തും. തുടർന്ന് നടക്കുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള മറ്റൊരു സെഷനിൽ വിവിധ സർക്കാർ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ നിക്ഷേപകരുടെ സംശയങ്ങൾക്ക് മറുപടി നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.