Sections

നഴ്‌സുമാരെല്ലാം വിദേശത്തേയ്ക്ക് പറക്കുന്നു

Wednesday, Nov 02, 2022
Reported By MANU KILIMANOOR

ഇന്ത്യയില്‍ നഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് ക്ഷാമം

മെച്ചപ്പെട്ട ജീവിതവും സൗകര്യങ്ങളും തേടി ഇന്ത്യന്‍ നഴ്‌സുമാര്‍ വിദേശത്തേയ്ക്ക് പറക്കുമ്പോള്‍ രാജ്യം മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം നേരിടുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) റിപ്പോര്‍ട്ട്. സംഗ്‌നിംഗ് ഹെല്‍ത്ത് കെയര്‍ വര്‍ക്ക് ഫോഴ്‌സ് റിപ്പോര്‍ട്ട് 'ദി 2047 അജണ്ട'യിലാണ് ഇന്ത്യ നേരിടുന്ന നഴ്‌സുമാരുടെ ക്ഷാമവും അതിന്റെ കാരണങ്ങളും തുറന്നുപറയുന്നത്.

ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് സ്റ്റാഫ് ഷോര്‍ട്ടേജ് നേരിടുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയില്‍ അര്‍ഹിക്കുന്ന ശമ്പളവും പരിഗണനയും മറ്റാനുകൂല്യങ്ങളും ലഭിക്കാത്തതിനാലാണ് നഴ്‌സുമാരിലേറെയും രാജ്യം വിടുന്നതെന്ന വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ട്.അതേസമയം വിദേശത്ത് സ്ഥിതി മറിച്ചാണ്.പാന്‍ഡെമിക്കിന് ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.അതിന്റെ ഭാഗമായി മികച്ച ശമ്പളം, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍, ഫാമിലി വിസ മുതലായവയൊക്കെ നഴ്‌സുമാര്‍ക്ക് വിദേശരാജ്യങ്ങള്‍ ഓഫര്‍ ചെയ്യുന്നു.

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍പ്പോലും നഴ്‌സുമാര്‍ കഷ്ടപ്പെടുകയാണെന്ന് നഴ്‌സുമാര്‍ തുറന്നു പറയുന്നു.നീണ്ട ഡ്യൂട്ടി സമയവും കുറഞ്ഞ ശമ്പളവുമൊക്കെ നഴ്‌സിംഗ് ജോലിയെ അനാകര്‍ഷകമാക്കുന്നു.പ്രൊഫഷനില്‍ വളരാനുള്ള സാധ്യതകളും കുറവാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.ഇതൊക്കെയാണ് ഇന്ത്യന്‍ നഴ്‌സുമാരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് നഴ്‌സിംഗ് രംഗത്തെ സംഘടനകള്‍ പറയുന്നത്.ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വന്‍ ഡിമാന്റ് വിദേശത്ത് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഡിമാന്റേറുകയാണ്. അയര്‍ലണ്ട്, മാള്‍ട്ട, ജര്‍മ്മനി, നെതര്‍ലാന്റ്, ഫിന്‍ലാന്റ്,യു.കെ(വെയില്‍സ്),ബെല്‍ജിയം, എന്നീ രാജ്യങ്ങളിലാണ് പരിശീലനം നേടിയ ഇന്ത്യ നഴ്‌സുമാര്‍ക്ക് ഏറെ ആവശ്യക്കാരെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഫിലിപ്പൈന്‍സ് നഴ്‌സുമാര്‍ക്കാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. എങ്കിലും അവരെ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അതിന് തൊട്ടുപിന്നിലാണ് ഇന്ത്യന്‍ നഴ്‌സുമാരുടെ സ്ഥാനം.

ആംബുലന്‍സ് സര്‍വ്വീസ്, ക്രിട്ടിക്കല്‍ കെയര്‍, മെന്റല്‍ ഹെല്‍ത്ത്, വയോജന പരിചരണം എന്നീ മേഖലകളിലാണ് നഴ്‌സുമാരുടെ ആവശ്യം. മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ക്കും ആവശ്യക്കാരുണ്ടെന്ന് ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ഒ ഡി ഇ പി സി,കേരള) മാനേജിംഗ് ഡയറക്ടര്‍ അനൂപ് കെ.എ.ചൂണ്ടിക്കാട്ടുന്നു.2019-20ല്‍ ഒ ഡി ഇ പി സി വഴി വെറും 300 നഴ്‌സുമാരെയാണ് വിദേശത്തേക്ക് റിക്രൂട്ട് ചെയ്തത്.എന്നാല്‍ 2020 ഓഗസ്റ്റിനും 2021 ഫെബ്രുവരിക്കും ഇടയില്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, യുകെ എന്നിവിടങ്ങളിലേക്ക് 420 നഴ്‌സുമാരെ അയച്ചു.ഇപ്പോഴും ഏറെ ആവശ്യക്കാരുണ്ട്.അതേസമയം സ്വയം അവസരങ്ങള്‍ കണ്ടെത്തി പതിനായിരക്കണക്കിന് നഴ്‌സുമാരാണ് ലോകമെങ്ങുമുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ ജോലി തേടി കുടിയേറിയത്.

നഴ്‌സുമാര്‍ ഇന്ത്യയില്‍

ഇന്ത്യയില്‍ 5,162 നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ടെന്ന് 2021ലെ നഴ്‌സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പറയുന്നു. ഇവയില്‍ 87% സ്വകാര്യ മാനേജ്‌മെന്റുകളാണ് നടത്തുന്നത്. 13%മാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഓക്‌സിലറി നഴ്‌സിംഗ് മിഡ് വൈഫറി (എ എന്‍ എം), ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി (ജി എന്‍ എം) എന്നീ ഡിപ്ലോമ കോഴ്‌സുകളിലൂടെ 1,92,679 നഴ്‌സുമാരും 1,33,299 ഗ്രാജുവേറ്റ് നഴ്‌സുമാരും (ബി എസ് സി, പോസ്റ്റ് ബേസിക് ബി എസ് സി), 17,141 ബിരുദാനന്തര ബിരുദ നഴ്‌സുമാരും (എം എസ് സി, പോസ്റ്റ് ബേസിക് എം എസ് സി ഇന്ത്യയില്‍ വര്‍ഷം തോറും ഇന്ത്യയില്‍, 60%ത്തിലധികം ഡോക്ടര്‍മാരും 50% നഴ്‌സുമാരും/മിഡൈ്വഫുമാരും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഗ്രാമീണരാണെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ മൂന്നിലൊന്നു മാത്രമേ ഗ്രാമപ്രദേശങ്ങളില്‍ ലഭ്യമാകുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.