Sections

സമഗ്ര മാറ്റവുമായി ഇൻഫോപാർക്ക് തൃശൂരിലെ കൺസെപ്റ്റ് ലാബ്

Thursday, Sep 05, 2024
Reported By Admin
Concept Lab expands its operations to Coimbatore.

മൂന്നാം ഓഫീസ് കോയമ്പത്തൂരിലേക്ക്, ദുബായ് ഓഫീസും ഉടൻ


തൃശൂർ: ഡിജിറ്റൽ മാർക്കറ്റിംഗും ഐടി സേവനങ്ങളും നൽകുന്ന ഇൻഫോപാർക്ക് തൃശൂരിലെ കൺസെപ്റ്റ് ലാബ് കോയമ്പത്തൂരിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. കമ്പനിയുടെ പ്രധാന സേവനങ്ങളിൽ എഐ അടിസ്ഥാനമായുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷനും ഉപഭോക്തൃ സേവനവുമാണ് പുതുതായി ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ഇൻഫോപാർക്ക് തൃശൂരിലെ കൊരട്ടി കാമ്പസിൽ ഇന്ദീരവം കെട്ടിടത്തിലാണ് കൺസെപ്ട് ലാബ് പ്രവർത്തിക്കുന്നത്. കളമശേരിയിലും കൺസെപ്ട് ലാബിൻറെ മറ്റൊരു കാമ്പസ് പ്രവർത്തിക്കുന്നുണ്ട്. ആകെ അമ്പതിൽപരം ജീവനക്കാരാണ് മൂന്ന് ഓഫിസുകളിലായി ജോലി ചെയ്യുന്നത്.

പരമ്പരാഗത ഡിജിറ്റൽ മാർക്കറ്റിംഗിൽ നിന്ന് അത്യാധുനിക എഐ, മെഷീൻ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ് സാങ്കേതികവിദ്യയിലേക്കാണ് കമ്പനിയുടെ മാറ്റമെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫിറോസ് ബാബു ചൂണ്ടിക്കാട്ടി. വെബ്സൈറ്റിൻറെ നവീകരണവും പുതിയ ഓഫീസുകൾ തുടങ്ങിയതും ഇതിൻറെ ഭാഗമായാണ്.

ഒരു ഡസനിലധികം കമ്പനികൾക്ക് വേണ്ടി 500ലധികം പ്രൊജക്ടുകളാണ് കൺസെപ്ട് ലാബ് പൂർത്തിയാക്കിയിട്ടുള്ളതെന്ന് കമ്പനിയുടെ ചീഫ് ഇൻഫോർമേഷൻ ഓഫീസർ വരദ കൃഷ്ണമൂർത്തി പറഞ്ഞു. ഇൻഫോപാർക്കിലെ പ്രത്യേകസാമ്പത്തികമേഖലയിൽ ഓഫീസ് ലഭിച്ചത് വിപുലീകരണത്തിന് ഏറെ സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറ് മാസത്തിനുള്ളിൽ ദുബായിയിൽ പുതിയ ഓഫീസ് തുറക്കും. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആപ്ലിക്കേഷൻ മോഡെണൈസേഷൻ, ഡെവ്ഓപ്സ് ആൻഡ് എജൈൽ, എപിഐ മൈക്രോസർവീസസ്, ക്ലൗഡ് മൈഗ്രേഷൻ, സൈബർ സെക്യൂരിറ്റി, എന്നിവയാണ് ഡിജിറ്റൽ വിഭാഗത്തിൽ നൽകുന്ന സേവനങ്ങൾ. ജെനറേറ്റീവ് എഐ, മെഷീൻ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവ എഐ വിഭാഗത്തിലും നൽകുന്നു. എആർ(ഓഗ്മൻറെഡ് റിയാലിറ്റി), വിആർ(വെർച്വൽ റിയാലിറ്റി), എക്സ് ആർ(എക്സ്റ്റെൻഡഡ് റിയാലിറ്റി), ത്രിഡി,ടുഡി, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എന്നിവയിലൂന്നിയ ഉപഭോക്തൃ സേവനം തുടങ്ങിയവയാണ് കൺസെപ്ട് ലാബ് നൽകുന്ന സേവനങ്ങൾ.

2021 ലാണ് കൺസെപ്ട് ലാബ് പ്രവർത്തനമാരംഭിച്ചത്. 2022 ൽ ഇന്ദീവരം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. മൂന്നാം വാർഷികത്തോടനുബന്ധിച്ച് മികച്ച പ്രവർത്തനം നടത്തിയ ജീവനക്കാർക്കായി വിവിധ പുരസ്ക്കാരങ്ങളും വിതരണം ചെയ്തു.

ഇൻഫോപാർക്ക് തൃശ്ശൂർ കാമ്പസിൽ 58 ഐടി-ഐടി അനുബന്ധ കമ്പനികളിലായി 2000 ലേറെ ജീവനക്കാരാണുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.