- Trending Now:
വയനാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണനയാണ് സർക്കാർ നൽകി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ കൽപ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമായ പദ്ധതികൾ നടപ്പാക്കി വരികയാണ്. 6700 കോടി രൂപ ചെലവിലുള്ള പാക്കേജാണ് വയനാടിനായി സർക്കാർ പ്രഖ്യാപിച്ചത്. പദ്ധതികളുടെ പൂർത്തീകരണത്തിനായി സർക്കാർ ഒട്ടേറെ നടപടികൾ എടുത്തുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വയനാടിന് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. ഇതിന് പരിഹാരം കാണുന്നതിനായാണ് ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മിക്കാൻ തീരുമാനിച്ചത്. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തില ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഇതിനാവശ്യമായ മുഴുവൻ തുകയും സർക്കാർ കിഫ്ബി വഴി കണ്ടെത്തും. തുരങ്കപാതയുടെ രൂപരേഖ തയ്യാറാക്കാൻ കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിക്ക് ഏകദേശം 2134 കോടി രൂപയാണ് ചെലവ് വേണ്ടിവരിക. വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ഒട്ടേറെ പേർക്ക് പുതിയ വഴി വലിയ ആശ്വാസമാകും.
വിനോദ സഞ്ചാര മേഖലയിലും വയനാട് ജില്ല മുന്നേറുകയാണ്. വയനാടിന്റെ ടൂറിസം സാധ്യതയെ പൂർണ്ണമായും ഉപയോഗപ്പെടുത്തും. 12 പ്രധാന ജൈന ക്ഷേത്രങ്ങളെ കൂട്ടിയിണക്കി ജെയിൻ സർക്കിളിന് രൂപം കൊടുത്തിട്ടുണ്ട്. പത്തുകോടി രൂപ ചെലവിൽ ജില്ലാ പൈതൃക മ്യൂസിയം പൂർത്തീകരിച്ച് നാടിനു സമർപ്പിച്ചു കഴിഞ്ഞു.സംസ്ഥാന ശരാശരിയുടെ നാല് ശതമാനത്തിലധികം വിനോദസഞ്ചാരികൾ വയനാട്ടിൽ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016ൽ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മൂന്ന് ലക്ഷം പട്ടയങ്ങളാണ് സർക്കാർ നൽകിയത്.ആദിവാസി ജനവിഭാഗങ്ങൾക്ക് എല്ലാ മേഖലയിലും വലിയ പിന്തുണയാണ് സർക്കാർ നൽകുന്നത്. എല്ലാ ആദിവാസി ഊരുകളിലും ആധികാരിക രേഖ ഉറപ്പാക്കിയ രാജ്യത്തെ ആദ്യ ജില്ലയാണ് വയനാട്.23 പഞ്ചായത്തിൽ 3 നഗരസഭയിലും ഉള്ള മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ആധികാരിക രേഖകൾ ഉറപ്പാക്കാനായി.
2036 ഡിജിറ്റൽ ലോക്കറുകളിൽ ഇവരുടെ രേഖകൾസൂക്ഷിച്ചിരിക്കുകയാണ്. ചിറ്റിലപ്പള്ളിയും മാതൃഭൂമിയും ചേർന്നുള്ള വീടുകളും നാടിന് ആശ്വാസമാകും. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട 49 ആദിവാസി കുടുംബങ്ങൾക്ക് ആദ്യം വീട് ഒരുക്കി. ആദിവാസി പുനരധിവാസ കേന്ദ്രം പരൂർകുന്നിൽ ഒരുങ്ങുകയാണെന്നും 110 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ വീട് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തും സമഗ്ര വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. മെഡിക്കൽ കോളേജിൽ ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി വരികയാണ്. 45 കോടി ചെലവിൽ മൾട്ടിപർപ്പസ് ബ്ലോക്ക് ഇവിടെ നിലവിൽ വന്നു. 8 കോടി 20 ലക്ഷം മുടക്കി കാത്ത് ലാബ് ഒരുക്കി. ഹൃദ്രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കാത്ത് ലാബ് വഴി സാധിക്കും. ജില്ലയിലെ ആരോഗ്യരംഗത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിന് 70 ലക്ഷം രൂപ ചെലവിൽ ഹെൽത്ത് ടെക്നിക്കൽ ലാബ് ഒരുക്കി. ആദിവാസികൾക്കായി പ്രത്യേക ആരോഗ്യ പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. പോഷകാഹാരം കുറവുള്ള കുട്ടികൾക്കായി പ്രത്യേക ന്യൂട്രീഷൻ സെന്ററുകൾ, അരിവാൾ രോഗികൾക്ക് ചികിത്സ സഹായം നൽകുന്നതിനുള്ള പ്രത്യേക പദ്ധതികൾ തുടങ്ങിയവയും നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ബഫർസോൺ വിഷയത്തിൽ സർക്കാർ ഫലപ്രദമായി ഇടപെട്ടു. ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുക, ഉപജീവനം മാർഗം മെച്ചപ്പെടുത്തുക പങ്കാളിത്ത വനപരിപാലനം തുടങ്ങി മാതൃകപരമായ പരിപാടികളുമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. വനാശ്രിതർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകും. ചെറുകിട വന വിഭവങ്ങൾക്ക് താങ്ങു വില ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നിലവിലുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.
കൽപ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് സ്വാഗതസംഘം ചെയർമാൻ സി.കെ.ശശീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജിചെറിയാൻ, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ കെ.അജീഷ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.