Sections

ജിഎസ്ടി വകുപ്പില്‍ സമ്പൂര്‍ണ ഇ - ഓഫീസ് സംവിധാനം നിലവില്‍ വന്നു

Thursday, Jan 27, 2022
Reported By Admin

 

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  മുഴുവന്‍ ഓഫിസുകളിലെയും ഫയല്‍ നീക്കം ഓണ്‍ലൈനാക്കി കൊണ്ട് ഇ- ഓഫിസ് സംവിധാനം നിലവില്‍ വന്നു

 

2021ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ സംസ്ഥാന ധനകാര്യ മന്ത്രി വകുപ്പിലെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  വകുപ്പിന്റെ കീഴിലുള്ള 220 ഓഫിസുകളിലും ഇ-ഓഫിസ് സംവിധാനം നിലവില്‍ വന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം പൂര്‍ണ്ണമായും ഇ-ഓഫിസ് വഴിയാകും. ഇതോടെ വകുപ്പിലെ വിവിധ ഓഫീസുകളില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ണമായി ഡിജിറ്റല്‍ ആയി മാറുന്നത് കൂടാതെ ഓഫീസുകള്‍ക്കിടയിലെ ഫയല്‍ നീക്കവും ഓണ്‍ലൈനായി മാറുകയാണ്. താഴെ തട്ടില്‍ ഉള്ള സര്‍ക്കിള്‍ ഓഫീസ് മുതല്‍ ജില്ലാ ഓഫീസ്, സംസ്ഥാനതല കമ്മീഷണറേറ്റ്, സെക്രട്ടേറിയറ്റ്, ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വരെയുള്ള ഫയല്‍ നീക്കം ഇതോടെ പൂര്‍ണമായും ഇ-ഫയല്‍ വഴി ആകും. ഇതിലൂടെ ഫയലുകളില്‍ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും  മറ്റ് ഓഫീസുകളിലേക്ക്  വേഗത്തില്‍  കൈമാറുന്നതിനും സാധിക്കും. കൂടാതെ ഓഫീസുകള്‍ക്കിടയിലെ ഫയല്‍ നീക്കം ഇ-ഓഫീസ് വഴിയായതിനാല്‍ പോസ്റ്റല്‍ ചെലവ്, പേപ്പര്‍ ഉപയോഗം എന്നിവ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.      

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ആസ്ഥാനത്ത് 2015ല്‍ തന്നെ ഇ-ഓഫിസ് സംവിധാനം നടപ്പിലാക്കിയിരുന്നു. വകുപ്പിലെ ഫയല്‍ നീക്കം പൂര്‍ണ്ണമായും ഇ - ഓഫിസിലേക്ക് മാറ്റുന്നതിന്റെ ആദ്യ പടിയായി 2020 ജനുവരിയില്‍ തന്നെ ജില്ലാതല നികുതി ഓഫീസുകള്‍ ഓണലൈന്‍ ആക്കി. ഇപ്പൊള്‍ സര്‍ക്കിള്‍ ഓഫീസുകള്‍ കൂടി ഓണ്‍ലൈന്‍ ആയതോടെയാണ് വകുപ്പിലെ ഇ-ഓഫിസ് നടപ്പാക്കല്‍ പൂര്‍ണ്ണമായത്. നിലവില്‍ നികുതി സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി നല്‍കുന്ന വകുപ്പിലെ മറ്റ് ഫയല്‍ നടപടിക്രമങ്ങള്‍ കൂടി ഓണ്‍ലൈന്‍ വഴി ആയതോടെ പേപ്പര്‍ രഹിത സമ്പൂര്‍ണ ഡിജിറ്റല്‍ ഓഫീസ് എന്ന ആശയമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്.        

എന്‍.ഐ.സി വികസിപ്പിച്ച ഇ - ഓഫിസ് സോഫ്റ്റ്വെയര്‍, കേരളാ ഐ. ടി മിഷന്‍ മുഖേനയാണ് വകുപ്പില്‍ നടപ്പാക്കിയത്. സമ്പൂര്‍ണമായി ഫയല്‍ നീക്കം ഇ-ഓഫീസിലൂടെ ആകുന്നതിലൂടെ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവും ആകുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണര്‍ അറിയിച്ചു.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.