- Trending Now:
കാര്‍ഷികവൃത്തി അടിസ്ഥാനമാക്കി ജീവിക്കുന്നവരാണ് കേരളത്തില്‍ ഭൂരിഭാഗം ജനങ്ങളും.പ്രധാനമായും ഭക്ഷ്യ വിളകളാണ് കേരളത്തില്‍ കാണാനാകുന്നത് പക്ഷെ അതിനൊപ്പം കാപ്പി,കുരുമുളക്,കൊക്കോ പോലുള്ള വിളകളും കേരളത്തിലെ മണ്ണില്‍ സമൃദ്ധമായി വളരുന്നു.നാട്ടില്‍ എല്ലായിപ്പോഴും ഡിമാന്റുള്ളതും കൃഷി ഒരുക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാത്തതുമായ ഒരു വിളയാണ് കൊക്കോ.
ലോകം മുഴുവന്‍ കൊക്കോയ്ക്ക് ഡിമാന്റുണ്ട്.അന്തരാഷ്ട്ര വിപണിയില്‍ ചോക്ലേറ്റിനുള്ള പ്രിയം കൊക്കോയ്ക്ക് ആവശ്യക്കാരെ വര്‍ദ്ധിപ്പിക്കുന്നു.ഇടവിളയായോ മുഖ്യവിളയായോ കൊക്കോ കൃഷി ചെയ്യാവുന്നതാണ്.വര്‍ഷം മുഴുവന്‍ 100% വിളവ് തരുന്ന ഒരു കൃഷിയാണ് കൊക്കോ കൃഷി. വര്‍ഷകാലത്ത് വെള്ളം കയറി കേടുവന്നു പോകാന്‍ സാധ്യതയുണ്ട് എന്നതൊഴിച്ചാല്‍ തികച്ചും സുരക്ഷിതമാണ് ഇത്.
കൊക്കോ കൃഷി ആരംഭിക്കുമ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത് അതിന്റെ നടീല്‍ വസ്തുവിന്റെ ശേഖരത്തെ കുറിച്ചാണ്.പരാഗണം വഴിയാണ് കൊക്കോ കായ്കളുണ്ടാകുന്നത്.അതുകൊണ്ട് തന്നെ മാതൃവൃക്ഷം എത്ര നല്ലതാണെങ്കിലും ഇതില്‍ വന്നുചേരുന്ന പൂമ്പൊടിയുടെ ജനിതക ഗുണം ആകും കൊക്കോ വൃക്ഷത്തിന്റെ ഗുണനിലവാരത്തെ തീരുമാനിക്കുന്നത്.
ശാസ്ത്രീയമായി കൊക്കോ പ്രജനനം നടത്തി കേന്ദ്രങ്ങളില്‍ നിന്ന് തൈകളായോ അല്ലെങ്കില്‍ നടീല്‍ വസ്തുവായോ കൊക്കോ വാങ്ങുക.ജനിതക ശേഷി കുറഞ്ഞ മറ്റ് കൊക്കോ മരങ്ങളില്‍ നിന്ന് അകത്തിവേണം പുതിയ തോട്ടങ്ങള്‍ ഒരുക്കാന്‍.
അടുത്ത് നില്‍ക്കുന്ന മരങ്ങളുമായി പരാഗണം നടക്കുന്നതിനാല്‍ കായ്കള്‍ സങ്കരമായി ഉണ്ടാകാന്‍ സാധ്യതയുണ്ട് അതുകൊണ്ടാണ് ജനിതകശേഷി കുറഞ്ഞ മരങ്ങളുമായി അകലം സൂക്ഷിക്കാന്‍ വിദഗ്ധര്‍ പറയുന്നത്.തൈകളുടെ വളര്‍ച്ചാഘട്ടത്തില്‍ തന്നെ കൃത്യമായ വളപ്രയോഗങ്ങള്‍ നടത്തേണ്ടതുണ്ട്.
ബഡ്ഡിങ് വഴി ഉരുത്തിരിഞ്ഞ് ചെടികളുടെ തൈകള്‍ വാങ്ങിച്ച് കൊക്കോ തോട്ടം നിര്‍മിക്കുന്നതാണ് മികച്ച ആദായത്തിന് കാരണമാകുന്നത്.ചാലുകള്‍ കീറി ജൈവവളങ്ങള്‍ ചേര്‍ത്ത് ചെടി വച്ച് പിടിക്കുമ്പോള്‍ മികച്ച വിളവ് ഉണ്ടാകും.
പ്രധാന വിളയായി കൃഷി ചെയ്യാന്‍ ആണ് ഉദ്ദേശമെങ്കില്‍ ഒരേക്കറില്‍ നാനൂറോളം തൈകള്‍ നടാവുന്നതാണ്. രണ്ടു തൈകള്‍ തമ്മില്‍ 4 മീറ്ററെങ്കിലും അകലം ആവശ്യമുണ്ട്. ചെടിയില്‍ വേണ്ടത്ര സൂര്യപ്രകാശം പതിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ വളരാന്‍ അനുയോജ്യം. ഒന്നര അടി താഴ്ചയില്‍ കുഴി എടുത്തുവേണം തൈകള്‍ നടാന്‍.
കാര്യമായ പരിചരണം കൂടാതെ തന്നെ നല്ല വിളവ് മൂന്നുവര്‍ഷത്തിനകം കിട്ടും എന്നുള്ളത് ഇത് കൃഷി ചെയ്യാന്‍ പ്രേരണ നല്‍കുന്ന ഒരു കാര്യം. മാര്‍ക്കറ്റില്‍ കൊക്കോക്ക് കിലോയ്ക്ക് ഏതാണ്ട് 200 രൂപ കിട്ടാറുണ്ട്. കൊക്കോയുടെ പുളിപ്പിച്ച് ഉണക്കിയ കുരുവിനാണ് വില കൂടുതല്‍ കിട്ടുക. പച്ച കുരുവും മലഞ്ചരക്ക് കടകളില്‍ വിലക്ക് എടുക്കാറുണ്ട്.
വീട്ടമ്മമാര്‍ക്കും നാലോ അഞ്ചോ മരങ്ങളിലൂടെ തരക്കേടില്ലാത്ത വരുമാനം ഉറപ്പിക്കാം. അടുക്കളയിലെ ഭക്ഷ്യമാലിന്യങ്ങളും പാത്രം കഴുകിയ വെള്ളവും ഒക്കെ ഉപയോഗിച്ച് തന്നെ ചെറിയ രീതിയില്‍ കൊക്കോ കൃഷി ചെയ്യാം. ഇതിന്റെ കായ്കള്‍ പറിച്ചെടുക്കാന്‍ പരസഹായം തേടേണ്ടതില്ല. പഴുത്തു തുടങ്ങുമ്പോള്‍ കൈകള്‍ കൊണ്ട് തന്നെ പഠിച്ചെടുക്കാവുന്ന ഉയരത്തില്‍ മരങ്ങള്‍ വളര്‍ത്താന്‍ ശ്രദ്ധിച്ചാല്‍ മതി.
കുരുക്കള്‍ എല്ലാം പുറത്തെടുത്ത് ഒരു പ്ലാസ്റ്റിക് കവറില്‍ മൂന്നുദിവസം കെട്ടിവയ്ക്കുകയും അതിനുശേഷം വെയിലത്ത് നല്ലപോലെ ഉണക്കിയെടുത്ത് അടുത്തുള്ള മലഞ്ചരക്ക് കടയില്‍ എത്തിച്ചാല്‍ മതി.
കുറെ മരങ്ങള്‍ ഉണ്ടെങ്കില്‍ കായ്കളുടെ സംസ്‌കരണം കുറേക്കൂടി ശ്രദ്ധിക്കണം. അടുത്തുള്ള കൃഷി ഓഫീസില്‍ നിന്നും ഇതിനുള്ള ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.