- Trending Now:
കൊച്ചി: മഹാരാഷ്ട്രയിലെ തീരദേശ ആദിവാസി കർഷകർക്കായി ഒരു ലക്ഷത്തോളം ഓയിസ്റ്റർ (കായൽ മുരിങ്ങ) വിത്തുകൾ ഉൽപാദിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഷെല്ലുകളിൽ പിടിപ്പിച്ച വിത്തുകൾ ഓയിസ്റ്റർ കൃഷിക്കായി മഹാരാഷട്രയിലെത്തിച്ചു.
സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിൽ ഹാച്ചറിയിൽ ഉൽപാദിപ്പിച്ച ഷെല്ലിൽ പിടിപ്പിച്ച ഓയിസ്റ്റർ വിത്തുകൾ
മഹാരാഷ്ട്രയിലെ മാംഗ്രൂവ് ആന്റ് മറൈൻ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി. ബദൽ ഉപജീവനമാർഗമെന്ന നിലക്ക് ഓയിസ്റ്റർ കൃഷിയിലൂടെ ആദിവാസി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയർന്ന വിളവ് നൽകുന്നതും മെച്ചപ്പെട്ട ബദൽ ഉപജീവനമാർഗവും പരിസ്ഥിതി സൗഹൃദവുമാണ് ഓയിസ്റ്റർ കൃഷി.
ഷെല്ലിൽ പിടിപ്പിച്ച ഓയിസ്റ്റർ വിത്തുകൾ മഹാരാഷ്ട്രയിലേക്ക് കൊണ്ട്പോകുന്നതിന് മുമ്പായി പാക്ക് ചെയ്യുന്നു
അഷ്ടമുടിക്കായലിൽ നിന്ന് ശേഖരിച്ച കായൽ മുരിങ്ങ സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഹാച്ചറിയിൽ പ്രജനനം നടത്തി 50 ലക്ഷത്തോളം ലാർവ ഉൽപാദിപ്പിച്ചു. ഇവയെ വീണ്ടും 60 ദിവസത്തോളം ഹാച്ചറിയിൽ വളർത്തി ശരാശരി 8.5 മില്ലിമീറ്റർ വലിപ്പത്തിൽ ഷെല്ലുകളിൽ പറ്റിപ്പിടിക്കാൻ പാകത്തിലുള്ളതാക്കി വികസിപ്പിച്ചു. ഒരു ഷെല്ലിൽ രണ്ട് മുതൽ 12 വിത്തുകൾ വരെ ഇത്തരത്തിൽ അടങ്ങിയിട്ടുണ്ട്.
ഹാച്ചറികളിൽ ഉൽപാദിപ്പിച്ച വിത്തുകളുടെ ലഭ്യതക്കുറവാണ് പ്രധാന പരിമിതി. ഉയർന്ന അതിജീവന നിരക്ക്, വളർച്ചാനിരക്ക്, രോഗപ്രതിരോധ ശേഷി എന്നീ ഗുണങ്ങളുള്ളതിനാൽ കായലുകളിൽ നിന്ന് ലഭിക്കുന്ന വിത്തുകളേക്കാൾ ഗുണങ്ങൾ കൂടുതലാണ് ഹാച്ചറിയിൽ ഉൽപാദിപ്പിച്ച വിത്തുകൾക്ക്. ഇവ ഓയിസ്റ്റർ ഷെല്ലുകളിൽ പിടിപ്പിക്കുന്നതും ഹാച്ചറി സംവിധാനം വഴിയാണ്. ഇത്തരത്തിൽ ഷെല്ലുകളിൽ പിടിപ്പിച്ച ഒരു ലക്ഷത്തോളം വിത്തുകളാണ് കടൽവെള്ളത്തിൽ കുതിർത്ത ചാക്കിൽ പൊതിഞ്ഞ് പ്രത്യേക പെട്ടികളിൽ സുരക്ഷിതമായി പായ്ക്ക് ചെയ്ത് മഹാരാഷ്ട്രയിലെത്തിച്ചത്.
തീറ്റ ആവശ്യമില്ലാത്തതിനാൽ പരമ്പരാഗത അക്വാകൾച്ചർ രീതികളെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതും ലാഭകരവുമാണ് ഓയിസ്റ്റർ കൃഷി. മലിനീകരണം കുറഞ്ഞതും ചെറുകിട കർഷകർക്ക് സുസ്ഥിര വരുമാനം നേടാൻ സഹായിക്കുന്നതുമായ മികച്ച ജലകൃഷിയാണിതെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ എം കെ അനിൽ പറഞ്ഞു.
ഹാച്ചറിയിൽ ഉൽപ്പാദിപ്പിക്കുന്ന വിത്തുകളുടെ ലഭ്യത ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ഓയിസ്റ്റർ കൃഷിയിലൂടെ തീരദേശവാസികളുടെ വരുമാനം വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര-വിദേശ വിപണികളിൽ മികച്ച അവസരമാണിത് നൽകുന്നത്. ഉയർന്ന പ്രോട്ടീൻ, അവശ്യ ധാതുക്കൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള പോഷക ഗുണങ്ങൾ കാരണം കായൽ മുരിങ്ങക്ക് ആവശ്യക്കാരേറെയുണ്ട്. ഏഴ് ബില്യൺ യുഎസ് ഡോളറിലധികം വിലമതിക്കുന്ന പ്രധാന ആഗോള വ്യവസായമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.