Sections

രുചിയൂറും കടൽവിഭവങ്ങൾ, ഡ്രോൺ പ്രദർശനം, ഫാം ഫ്രെഷ് ഉൽപന്നങ്ങൾ... സിഎംഎഫ്ആർഐ മത്സ്യമേള ശനിയാഴ്ച (ഫെബ്രുവരി 1) തുടങ്ങും

Friday, Jan 31, 2025
Reported By Admin
CMFRI Fish Festival 2024: Seafood Fest, Tech Expo & More from Feb 1-3

കൊച്ചി: രുചിയൂറും കടൽ-കായൽ വിഭവങ്ങൾ, കർഷകരുടെ തദ്ദേശീയ ഉൽപന്നങ്ങൾ, ഡയറ്റ് കൗൺസലിംഗ് തുടങ്ങി പൊതുജനങ്ങളെ ആകർഷിക്കുന്ന വൈവിധ്യങ്ങളുമായി ത്രിദിന മത്സ്യ മേള ശനിയാഴ്ച (ഫെബ്രുവരി 1) മുതൽ തിങ്കളാഴ്ച (ഫെബ്രുവരി 3) വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും.

സിഎംഎഫ്ആർഐയുടെ 78ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായാണ് മേള. സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രർശനം, ബയർ-സെല്ലർ സംഗമം, ഓപൺ ഹൗസ്, ശിൽപശാലകൾ, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങൾ. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്.

കല്ലുമ്മക്കായ, കായൽ മുരിങ്ങ (ഓയിസ്റ്റർ), മത്സ്യ-ചെമ്മീൻ വിഭവങ്ങളുടെ തദ്ദേശീയ രുചിക്കൂട്ടുകളാണ് സീഫുഡ് ഫെസ്റ്റിന്റെ മുഖ്യ ആകർഷണം. സ്ത്രീ കൂട്ടായ്മകൾ, കുടുംബശ്രീ യൂണിറ്റുകൾ, സീഫുഡ് സംരംഭകർ തുടങ്ങിയവരുടെ സ്റ്റാളുകൾ മേളയിലുണ്ട്. ലക്ഷദ്വീപിലെ തനത് വിഭവങ്ങളും ലഭ്യമാകും. കൂടാതെ, ഔഷധഗുണമേന്മക്ക് പേര് കേട്ട കായൽ മുരിങ്ങ ജീവനോടെ കഴിക്കാം. വനിതാ കർഷകർ കായലിൽ കൃഷിചെയ്ത് വിളവെടുത്ത മുരിങ്ങ ശാസ്ത്രീയമായി ശുദ്ധീകരണം നടത്തിയ ശേഷമാണ് മേളയിലെത്തിക്കുക.

ജീവിതശൈലീ രോഗനിർണയത്തിനുള്ള ആരോഗ്യപരിശോധനകളും അതനുസരിച്ചുള്ള ഡയറ്റ് കൗൺസലിംഗും മേളയിൽ ലഭ്യമാകും.

കർഷകർ നേരിട്ടെത്തിക്കുന്ന സംശുദ്ധമായ തദ്ദേശീയ ഉൽപന്നങ്ങൾ ബയർ-സെല്ലർ സംഗമത്തിൽ ലഭിക്കും. പൊക്കാളി ഉൽപന്നങ്ങൾ, ചെറുധാന്യ-പോഷക ഉൽപന്നങ്ങൾ, നാടൻ ചക്കര, എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, നാടൻ പലഹാരങ്ങൾ തുടങ്ങി ഭക്ഷ്യോൽപന്നങ്ങളും കരിമീൻകുഞ്ഞുങ്ങൾ, അലങ്കാര മത്സ്യകുഞ്ഞുങ്ങൾ, പച്ചക്കറി-ഔഷധ സസ്യ തൈകൾ, വിത്തുകൾ, വളങ്ങൾ തുടങ്ങി കർഷകർക്ക് ആവശ്യമായ ഉൽപന്നങ്ങളും ലഭിക്കും. കൂടാതെ, നിരവധി ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി മൂല്യവർധിത ഉൽപന്നങ്ങളുമുണ്ടാകും. കാർഷിക വിളകളിൽ ഡ്രോൺ ഉപയോഗം പരിചയപ്പെടുത്തുന്ന പ്രദർശനവുമുണ്ട്.

ചെറുകിട സംരഭകർക്കുള്ള സർക്കാർ സഹായങ്ങൾ ലഭ്യമായ പ്രത്യേക ബാങ്കിംഗ് സൗകര്യങ്ങൾ, ഡിജിറ്റൽ മാർകറ്റിംഗ് എന്നീ മേഖലകളിൽ വിദഗ്ധരുടെ ക്ലാസ്സുകൾ ഉണ്ടാകും. ഫിഷറീസ് രംഗത്തെ വിവിധ ഗവേഷണസ്ഥാപനങ്ങൾ വികസിപ്പിച്ച ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനമാണ് മേളയിലെ മറ്റൊരു ആകർഷണം.

ആഴക്കടലിന്റെ വിസ്മയ കാഴ്ചകൾ

ഓപൺ ഹൗസിന്റെ ഭാഗമായി, മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10 മുതൽ 3 വരെ കടലറിവുകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തും. ആഴക്കടലിന്റെ വിസ്മയകാഴ്ചകൾ സമ്മാനിക്കുന്ന മ്യൂസിയം, മറൈൻ അക്വേറിയം, വിവിധ ലബോറട്ടറികൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി തുറന്നിടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.