Sections

താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം ചെയ്തു

Monday, Dec 30, 2024
Reported By Admin
CM Pinarayi Vijayan Inaugurates Taj Cochin at CIAL: A Milestone in Airport Hospitality

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമ്മിച്ച താജ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു


മാറുന്നകാലഘട്ടത്തിന് അനുസരിച്ച് നിരന്തരം നവീകരിക്കപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ നിലനിൽപ്പുള്ളൂവെന്ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ പറഞ്ഞു. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങൾ നിത്യജീവിതത്തിൽ സ്വാധീനം ചെലുത്തു ഇക്കാലത്ത് മികച്ച സേവനങ്ങൾ നൽകിയാൽ മാത്രം പോരാ. അവയുടെ ഗുണഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. ഉൽപ്പന്നവും സേവനവും ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാൻ പ്രൊഫഷണൽ മാർക്കറ്റിങ് വേണമെന്ന സിയാലിൻറെ സമീപനം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാതൃകയാണ്.

മാർക്കറ്റിനെക്കുറിച്ച് മികച്ച ഗവേഷണം നടത്തിയശേഷം ആസൂത്രണത്തോടെ ഒരു പദ്ധതി നടപ്പിലാക്കിയാൽ അത് വലിയ വിജയമാകും എന്നതിൻറെ ഉദാഹരണമാണ് കഴിഞ്ഞ സെപ്റ്റംബറിൽ സിയാലിൽ ആരംഭിച്ച 0484 എയ്റോ ലോഞ്ച്. 'ആർട്ട് ഓഫ് അഫോർഡബിൾ ലക്ഷ്വറി' എന്ന അതിന്റെ ആശയം അതിൻറെ ഉപയോക്താക്കളിലേയ്ക്ക് കൃത്യമായി എത്തിക്കാൻ സാധിച്ചു. വിനോദസഞ്ചാര വികസനത്തിൽ ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരായ നമ്മുടെ യാത്രക്കാർ വളരുന്നതനനുസരിച്ച് നമ്മൾ നൽകുന്ന സേവനങ്ങളും പരിഷ്ക്കരിക്കപ്പെടണമെന്ന പശ്ചാത്തലത്തിലാണ്, സ്വന്തമായുള്ള ഭൂമിയുടെ വിനിയോഗം എന്ന ആശയത്തിലൂന്നി ഈ പഞ്ചനക്ഷത്ര ഹോട്ടൽ ഉടലെടുത്തത്.

Inauguration of Taj at CIAL

ഇന്ത്യയിൽ ഇത്തരം ഒരു ബിസിനസ് മാതൃകയിൽ ഹോട്ടൽ സംരംഭം തുടങ്ങാൻ കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ വിമാനത്താവളമായി സിയാൽ. ഭാവി വികസനം ലക്ഷ്യമിട്ട് മൂന്നാം ടെർമിനൽ വികസനം, ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ്, കമേഴ്സ്യൽ കോംപ്ലക്സ്, ഗോൾഫ് ടൂറിസം പദ്ധതി എന്നിവയുൾപ്പെടെ വികസനം സിയാൽ നടത്തി വരികയാണ്. ഇവയെല്ലാം തന്നെ 2025-26 സാമ്പത്തികവർഷത്തിൽ പൂർത്തിയാകും. ഇപ്പോൾ താജ് ഗ്രൂപ്പ് നടത്തിയതു പോലുള്ള അനുബന്ധ നിക്ഷേപവും കൊച്ചി വിമാനത്താവള മേഖലയിലേയ്ക്ക് ആകർഷിക്കപ്പെടും. കൂടുതൽ വിമാനകമ്പനികളെ ആകർഷിക്കുക, പ്രദേശികമായ കണക്ടിവിറ്റി വർധിപ്പിക്കുക, പരമാവധി സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുക, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക. എം.ആർ.ഒ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയിലൂടെ രാജ്യത്തിൻറെ പ്രവേശന കവാടമായി മാറുക എന്നതാണ് സിയാലിൻറെ ലക്ഷ്യം.

ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കി, ഔപചാരികമായി നടത്തിയ ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് സ്വാഗതം പറഞ്ഞു. ഐ. എച്ച്. സി. എൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപിക റാവു വിശിഷ്ടാതിയായിരുന്നു. ഐ. എച്ച്. സി. എൽ സീനിയർ വൈസ് പ്രസിഡന്റ്, സത്യജീത് കൃഷ്ണൻ, സിയാൽ ഡയറക്ടർമാരായ, എൻ. വി. ജോർജ്, ഡോ. പി. മുഹമ്മദലി , എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി.കെ.ജോർജ്, ജയരാജൻ വി, സി.എഫ്.ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ ജി.മനു എന്നിവർ പങ്കെടുത്തു. സിയാൽ ജനറൽ മാനേജർ രാജേന്ദ്രൻ ടി. കൃതജ്ഞത രേഖപ്പെടുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.