Sections

വ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമി 

Thursday, Mar 13, 2025
Reported By Admin
CIASL Academy Kochi Opens Admissions for Aviation Management & Firefighting Courses

കൊച്ചി: വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ്സുകളുമായി കൊച്ചി എയർപോർട്ടിന്റെ(സിയാൽ) ഉപ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി. കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ്മെന്റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പി.ജി ഡിപ്ലോമ കോഴ്സുകൾ ഒരു വർഷം ദൈർഘ്യമുള്ളതും സർട്ടിഫിക്കറ്റ് കോഴ്സുകൾ ആറു മാസം ദൈർഘ്യമുള്ളതുമാണ്.

ഏവിയേഷൻ മാനേജ്മെന്റ്, എയർപോർട്ട് റാംപ് സർവ്വീസ്, പാസഞ്ചർ സർവ്വീസ് കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫൈറ്റിങ് കോഴ്സിലേക്ക് സയൻസ് ഐച്ഛികവിഷയമായി പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം. ഈ കോഴ്സിന് ഫിസിക്കൽ ടെസ്റ്റും വിദ്യാർത്ഥികൾ പാസാകണം. ക്ലാസ് റൂം പഠനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകിയാണ് സിലബസ് വിഭാവനം ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ടും ചെയ്തും പഠിക്കാനുള്ള അവസരമാണ് സി.ഐ.എ.എസ്.എൽ അക്കാദമി ഒരുക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ സന്തോഷ് ജെ പൂവത്തിൽ പറഞ്ഞു. ഇൻഡസ്ട്രിയിലെ മാറ്റങ്ങൾക്കനുസരിച്ച് തയാറാക്കിയിരിക്കുന്ന പാഠ്യപദ്ധതിയിലൂടെ തൊഴിലിടത്തിന് അനുയോജ്യമായ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴ്സിന്റെ ഭാഗമായി വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കിൽ, ആശയവിനിമയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റ് അംഗീകൃത സർട്ടിഫിക്കറ്റുമാണ് ഈ കോഴ്സുകൾക്ക് നൽകുന്നത്. കേരളത്തിലെ സർവകലാശാല അംഗീകൃത ഏവിയേഷൻ കോഴ്സുകൾ നൽകുന്ന ഏക സ്ഥാപനമാണ് സിഐഎഎസ്എൽ അക്കാദമി. കൂടാതെ, കാനഡയിലെ ഇന്റർനാഷണൽ എയർപോർട്ട് കൗൺസിൽ അംഗീകാരവുമുണ്ട്. അതിനാൽ തന്നെ ആഗോളതലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇവിടുത്തെ കോഴ്സുകൾ. ഓരോ കോഴ്സുകൾക്കും 50 സീറ്റുകൾ വീതമാണുള്ളത്. ഏപ്രിൽ 25 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകൾ www.ciasl.aero/academyഎന്ന ലിങ്കിലൂടെ ഏപ്രിൽ പത്ത് വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്-8848000901.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.