- Trending Now:
കൊച്ചി:വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ചിന്മയ വിശ്വ വിദ്യാപീഠം (സിവിവി) ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഏറെ തൊഴിൽ സാധ്യതയുള്ള പുതുതലമുറ ബിടെക്, എംബിഎ കോഴ്സുകൾ ആരംഭിക്കുന്നു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) അംഗീകൃത കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ബിടെക് കോഴ്സുകളും എംബിഎ പ്രോഗ്രാമുമാണ് ഇവിടെ ലഭിക്കുക. എറണാകുളം ഓണക്കൂറിൽ 70 ഏക്കറിലധികം വരുന്ന ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പുതിയ കോഴ്സിലേക്ക് ആകെ 420 വിദ്യാർത്ഥികൾക്കാണ് ഈ അദ്ധ്യയന വർഷം പ്രവേശനം നൽകുക.
പ്രൊഫഷണൽ പ്രോഗ്രാമുകൾക്കൊപ്പം ഇന്ത്യൻ വിജ്ഞാനശാഖകൾക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഊന്നൽ നൽകുന്നു. ധാർമ്മികത, ധ്യാനം, യോഗ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുകയും വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ സജ്ജമാക്കുകയും ചെയ്യും. അത്യാധുനിക ലാബുകൾ, നൂതന കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ, പഠനത്തിന് അനുയോജ്യമായ സുരക്ഷിതമായ അന്തരീക്ഷം എന്നിവയും ക്യാമ്പസിലുണ്ട്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1000 കോടി രൂപ മുതൽമുടക്കിൽ ചിന്മയ വിശ്വവിദ്യാപീഠം (സിവിവി) 2019-ൽ ഈ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് സിവിവി ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സിവിവി-ഐഎസ്ടി 2,000 പേർക്ക് നേരിട്ടും 1,000 പേർക്ക് പരോക്ഷമായും അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇത് പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രൊഫ. അജയ് കപൂർ പറഞ്ഞു.
രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐഐറ്റി, എൻഐറ്റി കൂടാതെ, ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ഫാക്കൽറ്റികളുടെ സേവനവും ഇവിടെ ലഭിക്കും. വിദ്യാർത്ഥികൾക്ക് പ്രായോഗിക നൈപുണ്യം ഉറപ്പാക്കുന്നതിനുള്ള ഇന്റേൺഷിപ്പുകൾ നൽകുന്നതിന് പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുമായി ഇതിനോടകം സിവിവി-ഐഎസ്ടി പങ്കാളിത്തം നേടിയിട്ടുണ്ട്. മികച്ച വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് നേടാനുള്ള അവസരവും ലഭിക്കും.
വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സിവിവി-ഐഎസ്ടി പ്രതിവർഷം നാലു കോടി രൂപയുടെ സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് നൽകി വരുന്നു. 108-ാമത് സ്വാമി ചിന്മയാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ 108 സ്കോളർഷിപ്പുകൾ നൽകും. കൂടാതെ, ഇന്ത്യയിലെ ഏതെങ്കിലും ചിന്മയ വിദ്യാലയത്തിൽ ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 50,000 രൂപയുടെ പ്രത്യേക സ്കോളർഷിപ്പ് ചിന്മയ മിഷൻ കേരള നൽകും. നാഷണൽ അല്ലെങ്കിൽ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റുകളിൽ 100 റാങ്കിനുള്ളിൽ വരുന്നവർക്ക് 100 ശതമാനവും 1000-ൽ താഴെ റാങ്ക് നേടിയവർക്ക് 13 ശതമാനവും സ്കോളർഷിപ്പിന് അർഹതയുണ്ട്. കൂടാതെ, പ്ലസ്ടുവിന് കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയവർക്ക് എൻട്രൻസ് റാങ്ക് പരിഗണിക്കാതെ 5 മുതൽ 10 ശതമാനം വരെ സ്കോളർഷിപ്പ് ലഭിക്കും. ചിന്മയ മിഷൻ ഗ്ലോബൽ ഹെഡ് സ്വാമി സ്വരൂപാനന്ദ, മാനേജിങ് ട്രസ്റ്റി അപ്പാ റാവു മുക്കാമല, ഡയറക്ടർ അക്രെഡിറ്റേഷൻ ആൻഡ് റാങ്കിങ്ങ്സ് ഡോ. രാജേന്ദ്രൻ, പ്രിൻസിപ്പൽ സുധീർ ബാബു എന്നിവർ ഓൺലൈനായും സിവിവി ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ, അക്കാദമിക്സ് ഡീൻ പ്രൊഫ. ടി. അശോകൻ, റിസേർച്ച് ഡീൻ പ്രൊഫ. ഗിരീഷ്കുമാർ എന്നിവർ ഓഫ് ലൈനായുംവാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് - www.cvv.ac.in സന്ദർശിക്കുക.ഇമെയിൽ - admissions@cv.ac.in, ഫോൺ- 1800-270-4888, +91 7558896000.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.