Sections

കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ രക്ഷിതാക്കൾ അറിയേണ്ട പ്രധാന കാര്യങ്ങൾ

Wednesday, Dec 18, 2024
Reported By Soumya
Healthy habits for children: Nutrition, hygiene, sleep, and outdoor activities

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ കുട്ടികളെ നന്നായി നോക്കാൻ പല രക്ഷിതാകൾക്കും സാധിക്കുന്നില്ല എന്നതാണ് സത്യം. രക്ഷിതാക്കളെ എപ്പോഴും ആകുലതപ്പെടുത്തുന്ന കാര്യമാണ് കുട്ടികളുടെ ആരോഗ്യം. കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെ.

  • ശുചിത്വമാണ് കുട്ടികൾക്ക് പകർന്ന് നൽകേണ്ട ഏറ്റവും ആദ്യത്തെ നല്ല ശീലം. രാവിലെയും രാത്രിയും പല്ല് തേക്കുക, ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ കഴുകുക, ടോയ്ലറ്റിൽ പോയ ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക എന്നിവ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കണം.
  • കുട്ടികൾ പ്രഭാതഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. തലച്ചോറിൻറെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണിത്. ട്യൂഷനും സ്കൂളിലും പോകാനുള്ള തിരക്കിനിടയിൽ പലരും ഒന്നുംകഴിക്കാതെ ഓട്ടമാണ്. രാവിലെ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങുന്ന കുട്ടികൾക്ക് ഒരു ഗ്ലാസ് പാലും മുട്ടയും ഏത്തപ്പഴവും നൽകാവുന്നതാണ്. പിന്നീട് സ്കൂളിൽ ചെന്നിട്ട് കഴിക്കാൻ പാകത്തിന് പ്രഭാതഭക്ഷണം ടിഫിനിൽ നൽകാം.
  • കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പോഷകാഹാര സമൃദ്ധമാവാൻ ശ്രദ്ധിക്കണം. പച്ചക്കറികളും മത്സ്യവും മാംസവും പയറുവർഗങ്ങളുമെല്ലാം മാറിമാറി ഉൾപ്പെടുത്തണം. എന്നും ഒരേ ഭക്ഷണം കൊടുത്തുവിട്ട് കുട്ടികളെ മടുപ്പിക്കാതെ വെണ്ട, ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി എന്നിങ്ങനെ വിവിധയിനം പച്ചക്കറികളും ചെറുപയർ, വൻപയർ എന്നിങ്ങനെ പലതരം പയറുവർഗങ്ങളും മീനും ഇറച്ചിയും മുട്ടയുമെല്ലാം മാറിമാറി നൽകാവുന്നതാണ്.
  • നാല് മണി പലഹാരമായി ബേക്കറി സാധനങ്ങൾ നൽകാതെ വീട്ടിൽ തന്നെ സ്നാക്സ് ഉണ്ടാക്കി നൽകാവുന്നതാണ്. കപ്പ അല്ലെങ്കിൽ മധുരക്കിഴങ്ങ് പുഴുങ്ങിയത്, കൊഴുക്കട്ട, അവിൽ നനച്ചത് തുടങ്ങിയവ നൽകാവുന്നതാണ്. ഒപ്പം ജ്യൂസോ ഷെയ്ക്കോ കൂടി നൽകാം.
  • അത്താഴം രാത്രി എട്ട് മണിക്ക് മുൻപ് നൽകണം. അമിതമായ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണം ഒഴിവാക്കണം.
  • വെള്ളം തനിയെ എടുത്ത് കുടിക്കുന്ന ശീലം മിക്ക കുട്ടികൾക്കുമില്ല. അതുകൊണ്ടുതന്നെ പലർക്കും വയറുവേദനയും മൂത്രക്കല്ലുമൊക്കെ ഉണ്ടാവും. നഗരങ്ങളിലൊക്കെ പച്ചവെള്ളം കുടിക്കുന്നത് അപകടമാണ്. തിളപ്പിച്ച് ആറ്റിയ വെള്ളമാണ് നല്ലത്. കരിക്ക്, മോരുവെള്ളം ലൈം ജ്യൂസ് എന്നിവയും നൽകാം.
  • വീട്, സ്കൂൾ, സ്കൂൾ ബസ്സിലെ യാത്ര ഇതിനിടയിൽ പല കുട്ടികളും നടക്കുന്നതുപോലും വിരളമാണ്. വീട്ടിൽ വന്നാൽ കമ്പ്യൂട്ടറിലും മൊബൈൽ ഗെയിമിലും ടിവിയിലും ചുരുങ്ങാതെ പുറത്തിറങ്ങി കൂട്ടുകാരുമൊത്ത് കളിക്കാൻ അവരെ പ്രോത്സാഹിപ്പിക്കണം.
  • കുട്ടികൾ കുറഞ്ഞത് എട്ട്മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം നിർബന്ധമാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.