ഇന്ന് കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ രക്ഷിതാക്കളെ ആശങ്കകൾ ഉണ്ടാക്കുന്നു. കേരള പൊലീസിൻറെ കണക്കുപ്രകാരം കേരളത്തിൽ ഒരുവർഷം 300ലധികം കുട്ടികൾ ആത്മഹത്യ ചെയ്യുന്നതായി പറയപ്പെടുന്നു. കുട്ടികളിൽ ഉണ്ടാകുന്ന ചില നിസ്സഹായ അവസ്ഥയിൽനിന്നോ ചിന്തകളിൽനിന്നോ രക്ഷപ്പെടാനായി അവർ ആത്മഹത്യ എന്ന മാർഗം സ്വീകരിക്കുന്നു. വിഷാദം, ലഹരിവസ്തുക്കളുടെ ഉപയോഗം, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനാവാത്ത അവസ്ഥ, മാതാപിതാക്കളുടെ പ്രതീക്ഷകളും കുട്ടികൾക്ക് അതിനൊത്ത് ഉയരാൻ സാധിക്കുന്നില്ല എന്ന ചിന്തകളും അപകർഷബോധവും മാതാപിതാക്കളിൽനിന്നുള്ള ചെറിയ ശകാരങ്ങൾ, കുടുംബപ്രശ്നങ്ങൾ, മദ്യപാനപ്രശ്നങ്ങൾ, മാതാപിതാക്കളുടെ കരുതലും പരിഗണനയും ലഭിക്കാത്ത സാഹചര്യത്തിൽ വളരുന്ന കുട്ടികൾ, നിസ്സാരകാര്യങ്ങളിൽ ക്രൂര ശിക്ഷകൾ അനുഭവിക്കേണ്ടി വരുക, അമിതസ്വാതന്ത്ര്യം അനുഭവിക്കുന്ന കുട്ടികൾ, സാമൂഹികസമ്പർക്കം പുലർത്താത്ത കുട്ടികൾ, ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും അമിത ഉപയോഗം, ചൂഷണങ്ങൾ നേരിടേണ്ടിവന്ന കുട്ടികൾ തുടങ്ങിയ കാരണങ്ങളാൽ ആത്മഹത്യപ്രവണത ഉണ്ടാവാറുണ്ട്. ഫോണുകളുടെ ഉപയോഗം കുട്ടികളിൽ വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇവയിൽ നിന്നെല്ലാം കുട്ടികളെ രക്ഷിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
- മാതാപിതാക്കൾ കുട്ടികളുമായി ദിവസവും അരമണിക്കൂറെങ്കിലും ഗുണപ്രദമായി സമയം ചെലവഴിക്കുകയും അതൊരു ശീലമാക്കുകയും ചെയ്യേണം.ഈ സമയം നിങ്ങൾക്ക് കുട്ടികളുമായുള്ള ആത്മബന്ധം വളർത്താൻ സാധിക്കും. അവരുമായി വിനോദങ്ങളിൽ ഏർപ്പെടുക, യാത്ര ചെയ്യുക, സർഗശേഷികൾ പ്രോത്സാഹിപ്പിക്കുക, ദൈനംദിന കാര്യങ്ങൾ പങ്കിടുക എന്നിവയിലൂടെ അവരെ അടുത്തറിയാൻ സാധിക്കും. അവരെ വഴക്കുപറയാനോ കുറ്റപ്പെടുത്താനോ തിരുത്താനോ ഈ സമയം വിനിയോഗിക്കരുത്.
- അവരുടെ അനാവശ്യ വാശികളെ പ്രോത്സാഹിപ്പിക്കാതിരിക്കുക, ആവശ്യപ്പെടുന്നത് അർഹിക്കുന്നതല്ലെങ്കിൽ അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുക. പൂർണസ്വാതന്ത്ര്യം നൽകുന്ന മാതാപിതാക്കൾ ചെറിയ കാര്യങ്ങൾ സാധിച്ചുകൊടുത്തില്ലെങ്കിൽ അവരിൽ വാശി വർധിക്കും. ഇതുമൂലം അമിത ദേഷ്യവും എന്തും ചെയ്യാവുന്ന അവസ്ഥയിലേക്കും കുട്ടികൾ നിർബന്ധിതരാകുന്നു. ഭാവിയിൽ അത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടാം. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും 'യെസ്' പറയാതെ അത്യാവശ്യം കാര്യങ്ങളിൽ കർശനമാവാം. 'നോ' കേട്ടുശീലിക്കാൻ അവരെ പ്രാപ്തരാക്കുക.
- ഫോൺ ഉപയോഗം നിയന്ത്രിക്കുക, കുട്ടികളുടെ പ്രവൃത്തികൾ ശ്രദ്ധിക്കുക, ആരോടെല്ലാമാണ് ബന്ധപ്പെടുന്നതെന്ന് മനസ്സിലാക്കുക.സ്വഭാവമാറ്റം, സർഗശേഷികൾ കുറയുക, ഉറക്കക്കുറവ്, സമൂഹത്തിൽ ഇടപെടാനും പഠനത്തോടും ഭക്ഷണത്തോടും വിരക്തി തുടങ്ങിയവ ഫോൺ അഡിക്ടുകളായ കുട്ടികളുടെ ലക്ഷണങ്ങളാണ്.
- കുട്ടികളുമായി നല്ല ബന്ധം സൃഷ്ടിക്കുകയും അവരുടെ തെറ്റുകൾ തുറന്നുപറയാനുള്ള അവസരം നൽകുകയും തുറന്ന് സംസാരിക്കുമ്പോൾ അവർക്കുള്ള കഠിനശിക്ഷ നൽകാതെ ശരിയായ നിർദേശങ്ങളും തിരുത്തലുകളും നൽകാൻ ശ്രദ്ധിക്കുക.
- തീരെ ചെറിയ കുട്ടികളോട് പെരുമാറുന്നതുപോലെ ഒരു കൗമാരക്കാരനോട് പെരുമാറാതിരിക്കുക.പ്രായം അനുസരിച്ച് അവരോടുള്ള പെരുമാറ്റത്തിൽ അല്ലെങ്കിൽ ഇടപെടലുകളിൽ വ്യത്യാസം വരുത്തിയില്ലെങ്കിൽ ഭാവിയിൽ അവരുമായി അഭിപ്രായവൈരുധ്യത്തിന് സാധ്യതയേറെയാണ്. കുട്ടികളോടുള്ള വൈകാരിക മറുപടികൾ ഒഴിവാക്കുക.
- പരസ്പരം കലഹിക്കുന്ന മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസികാഘാതം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ഇത്തരം കുട്ടികളിൽ കുറവായിരിക്കും.
- കഠിന മാനസിക സംഘർഷത്തിനിടെ വളരേണ്ടിവരുന്നവരിൽ ഒരു വിഭാഗത്തിൽ സാമൂഹികവിരുദ്ധ മനോഭാവം ഉണ്ടാകാറുണ്ട്. ഇക്കാര്യങ്ങൾ മാതാപിതാക്കൾ കണക്കിലെടുക്കാത്തതിൻറെ ദുരന്തവും അനുഭവിക്കേണ്ടിവരുന്നതും കുട്ടികളാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട ഭക്ഷണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.