- Trending Now:
കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കൃഷി, കന്നുകാലികൾ, മത്സ്യബന്ധനം, ജലവിഭവം, ആരോഗ്യം, വനം, ജൈവവൈവിധ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ സുസ്ഥിരവും കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള ഇടപെടലുകളാണ് ആക്ഷൻ പ്ലാനിലുള്ളത്. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ ലോക ബാങ്കുമായി സഹകരിച്ച് റീബിൽഡ് കേരള ഇനിഷ്യേറ്റിവും പരിസ്ഥിതി വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന പാർട്ണേഴ്സ് മീറ്റ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതുക്കിയ കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2.0 (എസ്.എ.പി.സി.സി.) പ്രകാശനം ചെയ്തു. 2040ൽ സമ്പൂർണ പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമായും കേരളം മാറുമെന്നു സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെയും ദുർബലരെയുമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ചുഴലിക്കാറ്റിലും നിരവധി പേർക്കാണ് വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ടത്. ഇവർക്കാകട്ടെ കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്ന ഘടകങ്ങളിൽ കുറഞ്ഞ പങ്കാണുള്ളത്. ഈ വസ്തുത പൂർണമായി അംഗീകരിക്കുകയും ഇവർക്കു കാലാവസ്ഥാ നീതി ഉറപ്പാക്കുകയും ചെയ്യണമെന്ന ആശയമാണു കേരളം മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
പുനരുപയോഗ ഊർജ അധിഷ്ഠിതവും നെറ്റ് കാർബൺ ന്യൂട്രൽ സംസ്ഥാനമായുമുള്ള മാറ്റത്തിലേക്കു സമഗ്രവും സുസ്ഥിരവുമായ വികസന ആശയങ്ങളാണു കേരളം നടപ്പാക്കുന്നത്. സീറോ എമിഷൻ മൊബിലിറ്റി നയത്തിൽ ഹൈഡ്രജൻ പവേഡ് മൊബിലിറ്റി ഉൾപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണു കേരളം. സംസ്ഥാനത്തെ ഹരിത ഹൈഡ്രജൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള നയരൂപീകരണത്തിനും സഹകരണം ഉറപ്പാക്കുന്നതിനുമായി കേരള ഹൈഡ്രജൻ ഇക്കോണമി മിഷൻ രൂപീകരിച്ചിട്ടുണ്ട്. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളിൽ ഹരിത ഹൈഡ്രജൻ ഉത്പാദനം നിർണായകമാണ്. നീതി ആയോഗിന്റെ സ്റ്റേറ്റ് എനർജി ക്ലൈമറ്റ് ഇൻഡക്സിൽ ഏറ്റവും മികച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത് കാർബൺ ന്യൂട്രാലിറ്റിക്കായി നടത്തുന്ന പ്രവർത്തനങ്ങളുടെ അംഗീകാരമാണ്. ക്ലീൻ എനർജി സംരംഭങ്ങൾ, ഊർജ കാര്യക്ഷമത, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവുമായി ബന്ധപ്പെട്ട സൂചകങ്ങളിലും മികച്ച പ്രകടനമാണു കേരളം കാഴ്ചവച്ചത്.
ഉത്തരവാദിത്ത വ്യാവസായികോത്പാദനം പ്രോത്സാഹിപ്പിക്കുന്നതു മുൻനിർത്തി പരിസ്ഥിതി – സാമൂഹ്യ – ഭരണനിർവഹണാധിഷ്ഠിത നിക്ഷേപങ്ങൾക്കു പ്രോത്സാഹനം നൽകുന്ന ഇഎസ്ജി കേന്ദ്രീകൃത വ്യവസായ നയം കേരള ഉടൻ പുറത്തിറക്കും. അഗ്രോ ഫോറസ്ട്രി, ഊർജം, കാലാവസ്ഥ കാര്യക്ഷമത സങ്കേതം എന്നിവ ഉൾപ്പെടുത്തി വയനാട്ടിൽ ഒരു ക്ലൈമറ്റ് സ്മാർട്ട് കോഫീ പ്രോഗ്രാം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കാലാവസ്ഥാ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റവും പൊതുജനങ്ങൾ എങ്ങനെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്നു രേഖപ്പെടുത്തുന്നതിന് തൃശൂരിലും പാലക്കാടും സിറ്റിസൺ ക്ലൈമറ്റ് കണക്റ്റ് നടപ്പാക്കും. കാർബൺ ബഹിർഗമനം കുറയ്ക്കുക, ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ഇലക്ട്രിക് വെഹിക്കിൾ കൺസോർഷ്യം പ്രോഗ്രാമും നടന്നുവരുന്നുണ്ട്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനു കാര്യമായ സംഭാവനങ്ങൾ നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഹരിതവാതക ബഹിർഗമനം കുറയ്ക്കാൻ മീനങ്ങാടി ഗ്രാമപഞ്ചായത്ത് നടത്തിയ കാർബൺ ന്യൂട്രാലിറ്റി ഇടപെടലുകൾ രാജ്യത്തുതന്നെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടത്തുന്ന ആദ്യ ചുവടുവയ്പ്പാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ദുരന്തങ്ങൾ പെട്ടെന്നു ബാധിക്കാൻ സാധ്യതയുള്ള സംസ്ഥാനമാണു കേരളം. ഇതു മുൻനിർത്തി ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും നിർമിക്കുക, ദുരന്ത പ്രതികരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ദീർഘകാല ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനു വ്യക്തികളേയും സമൂഹത്തേയും പ്രാപ്തരാക്കുക എന്നീ പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇതിനു കേന്ദ്ര, സംസ്ഥാന ഇടപെടലുകളും അന്താരാഷ്ട്ര സഹകരണവും ബഹുമുഖ സംരംഭങ്ങളും പ്രധാനപ്പെട്ടതാണ്. ഇതിൽ കേരളം മുന്നോട്ടുവച്ചിട്ടുള്ള റീബിൽഡ് കേരള പദ്ധതി നിർണായക പങ്കുവഹിക്കുന്നതാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കുക, ഭാവിയിൽ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾക്കെതിരായ തയാറെടുപ്പുകൾ ശക്തിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണു റീബിൽഡ് കേരള പ്രവർത്തിക്കുന്നത്. വിവിധ മേഖലകളിൽ 8196 കോടി രൂപയുടെ ദുരന്ത നിവാരണ കാലാവസ്ഥാ പ്രതിരോധ പദ്ധതികൾക്കാണു റീബിൽഡ് കേരള മുൻകൈയെടുത്തിട്ടുള്ളത്. ഗതാഗതം, കാർഷികവൃത്തി, മാലിന്യ സംസ്‌കരണം, ജലവിതരണം, സാമൂഹ്യക്ഷേമം തുടങ്ങിയവയ്ക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുമ്പോൾ ദുരന്ത പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഫ്രഞ്ച് വികസന ബാങ്കായ എ.എഫ്.ഡി. കേരളത്തിന് അനുവദിക്കുന്ന 865.8 കോടി രൂപയുടെ വികസന വായ്പാ കരാർ ചടങ്ങിൽ ഒപ്പുവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.