- Trending Now:
ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ നടത്തും. സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യവിൽപ്പന നടത്തും. പൊതു വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ശബരി ഉത്പന്നങ്ങളുടെ റീബ്രാൻഡിങ്ങും പുതിയ ശബരി ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും നിർവഹിക്കും. ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു, എന്നിവർ പങ്കെടുക്കും.
സപ്ലൈകോ ഓണം ജില്ലാ ഫെയറുകളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാണ്. വിപണന കേന്ദ്രങ്ങളിൽ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്തെ ഓണം ഫെയർ ആഗസ്റ്റ് 28 വരെയുണ്ടാകും. താലൂക്ക് ഫെയറുകൾ ആഗസ്റ്റ് 23 മുതൽ ആഗസ്റ്റ് 28 വരെയും, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ ആഗസ്റ്റ് 23 മുതൽ ആഗസ്റ്റ് 28 വരെയും വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടക്കും. എല്ലാ താലൂക്ക് ഫെയറുകളും രാവിലെ 9 മുതൽ രാത്രി 9 വരെയും മിനി ഫെയറുകൾ രാവിലെ 10 മുതൽ രാത്രി 8 വരെയും ഇടവേളയില്ലാതെ പ്രവർത്തിക്കും.
ആലപ്പുഴ: സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടനം നാളെ (19) ഉച്ചകഴിഞ്ഞ് 2ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ജില്ലാ കോടതി പാലത്തിന് സമീപമുള്ള നഗരചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. ഓഗസ്റ്റ് 28 വരെയാണ് ഫെയർ. വിവിധ ഉത്പ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും കോംബോ ഓഫറുകളും ഉണ്ടായിരിക്കും.
ചടങ്ങിൽ അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നിർവഹിക്കും. എച്ച്. സലാം എം.എൽ.എ. മുഖ്യതിഥിയാകും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ആദ്യവിൽപ്പന നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, കൗൺസിലർ ആർ. വിനീത, സപ്ലൈകോ എം.ഡി. ശ്രീരാം വെങ്കിട്ടരാമൻ, ജില്ല സപ്ലൈ ഓഫീസർ ടി. ഗാനാദേവി, സപ്ലൈകോ മേഖല മാനേജർ ജോസഫ് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
കട്ടപ്പന നഗരസഭ മൈതാനത്ത് സംഘടിപ്പിക്കുന്ന സപ്ലൈകോ ഓണം ഫെയർ ആഗസ്റ്റ് 19 ന് രാവിലെ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 19 മുതൽ 28 വരെ കട്ടപ്പന നഗരസഭ മൈതാനത്താണ് ഫെയർ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ എം.എം മണി എം.എൽ.എ. അധ്യക്ഷത വഹിക്കും. ശീതികരിച്ച സ്റ്റാളിലാണ് ഫെയർ ഒരുക്കുന്നത്. ഉത്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും കോംബോ ഓഫറുകളും ലഭിക്കും.
സപ്ലൈകോയുടെ ഈ വർഷത്തെ ഓണം ഫെയർ തേക്കിൻകാട് മൈതാനിയിൽ നാളെ ( ഓഗസ്റ്റ് 19) രാവിലെ 10 മണിക്ക് പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ ടി. എൻ പ്രതാപൻ എം പി മുഖ്യാതിഥിയാകും. മേയർ എം കെ വർഗീസ് വിശിഷ്ടാതിഥിയാകും. ഓണം ഫെയറിന്റെ ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ മാസ്റ്റർ നടത്തും.
ഇത്തവണത്തെ ഓണം ഫെയർ വളരെ വിപുലമായ രീതിയിലാണ് സപ്ലൈകോ ഒരുക്കുന്നത്. ശബരി ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. കൂടാതെ എഫ്എംസിജി ഉൽപ്പന്നങ്ങൾക്ക് വമ്പൻ കോംബോ ഓഫറുകളും ഉണ്ടായിരിക്കും.
ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം ആഗസ്റ്റ് 19 ന് വൈകുന്നേരം അഞ്ച് മണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. മേയർ ഡോ. ബീനാ ഫിലിപ്പ്, എം.കെ രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് ഓണം ഫെയർ സജ്ജീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 19 മുതൽ ആഗസ്റ്റ് 28 വരെയാണ് ഓണം ഫെയർ. ഉപഭോക്താക്കൾ ഫെയറിനെത്തുമ്പോൾ റേഷൻ കാർഡ് കൊണ്ടുവരണമെന്ന് ഡിപ്പോ മാനേജർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.