- Trending Now:
പാണ്ടനാട്: കേരള ടൂറിസം സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ ചെങ്ങന്നൂർ പാണ്ടനാട് നടന്ന മൂന്നാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ അട്ടിമറിച്ച് വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. ഇതോടെ നെഹ്റു ട്രോഫി ഫൈനലിൽ പുന്നമട നെട്ടായത്തിൽ നടന്ന പരാജയത്തിന് വില്ലേജ് ബോട്ട് ക്ലബ് പാണ്ടനാട് നെട്ടായത്തിൽ തന്നെ പകരം വീട്ടി. യുബിസി കൈനകരി തുഴഞ്ഞ തലവടി ചുണ്ടൻ മൂന്നാമത് ഫിനിഷ് ചെയ്തു.
വീയപുരം (3:32:79 മിനിറ്റ്), കാരിച്ചാൽ (3:33:21 മിനിറ്റ്), തലവടി (3:33:53 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം.
ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയത്തിൻറെ അടിസ്ഥാനത്തിൽ കാരിച്ചാലിനും വീയപുരത്തിനും പുറമെ യുബിസി കൈനകരി തുഴഞ്ഞ തലവടി ചുണ്ടനാണ് ഫൈനലിൽ ഉണ്ടായിരുന്നത്. തുടക്കം മുതൽ ആരാണ് മുന്നിലെന്ന് കാഴ്ചക്കാർക്കോ, ഡ്രോൺ ദൃശ്യങ്ങളിലോ തിരിച്ചറിയാനാകാത്ത വിധം തീപാറുന്നതായിരുന്നു മത്സരം. അവസാന പാദത്തിൽ മൂന്നു വള്ളങ്ങളും ഒപ്പത്തിനൊപ്പം ഫിനിഷിലേക്കെത്തി. കേവലം പത്തുമീറ്റർ മാത്രം ബാക്കി നിൽക്കെ കാരിച്ചാലിൻറെയും തലവടിയുടെയും തുഴക്കാരുടെ വേഗത്തിനപ്പുറം തുഴയെറിഞ്ഞ് വിബിസി തുഴഞ്ഞ വീയപുരം ഫിനിഷ് കടത്തിവെട്ടി.
പിന്നീട് അഞ്ച് മിനിറ്റോളം ഫലം പ്രഖ്യാപിക്കുന്നതു വരെ മൂന്നു വള്ളങ്ങളുടെയും തുഴക്കാരുടെയും ആരാധകരുടെയും മനസിൽ ആകാംക്ഷയുടെ മുൾമുനയായിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതോടെ വർധിത ആഘോഷവുമായി വീയപുരം തുഴക്കാർ സഞ്ജു സാംസൺ സ്റ്റൈലിൽ ക്യാമറകൾക്ക് മുന്നിൽ മസിൽ പിടിച്ചു.
ഇതോടെ 20 പോയിൻറുകളുമായി വിബിസി വീയപുരവും പിബിസി കാരിച്ചാലും സിബിഎല്ലിൽ ഒപ്പത്തിനൊപ്പമാണ്. 17 പോയിൻറുകളുമായി യുബിസി കൈനകരി തുഴയുന്ന തലവടി ചുണ്ടൻ തൊട്ടുപിന്നിലുണ്ട്.
നിരണം(നിരണം ബോട്ട് ക്ലബ്) നാല്, മേൽപ്പാടം(കുമരകം ബോട്ട് ക്ലബ്) അഞ്ച് നടുഭാഗം(കുമരകം ടൗൺ ബോട്ട് ക്ലബ്) ആറ്, ചമ്പക്കുളം(പുന്നമട ബോട്ട് ക്ലബ്) ഏഴ്, പായിപ്പാട്(ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്) എട്ട്, ആയാപറമ്പ് വലിയദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് പാണ്ടിനാട് മത്സരത്തിലെ സ്ഥാനങ്ങൾ.
സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പാണ്ടനാട്ടെ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ ശോഭനാ ജോർജ്ജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, സിബിഎൽ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
കരുവാറ്റ (ഡിസംബർ 7), കായംകുളം (ഡിസംബർ 14) ഗ്രാൻഡ് ഫിനാലെ (ഡിസംബർ 21) കൊല്ലം പ്രസിഡൻറ് ട്രോഫി എന്നിങ്ങനെയാണ് തുടർന്നുള്ള മത്സരങ്ങൾ.
ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നൽകുന്ന സമ്മാനത്തുക. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിൻറെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിൻറുകളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും. ഇതിനു പുറമെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടൻവള്ളം ഉടമകൾക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.