- Trending Now:
കരുവാറ്റ: കേരള ടൂറിസം സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ ആലപ്പുഴ കരുവാറ്റയിൽ നടന്ന നാലാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനെ മൈക്രോസെക്കൻറുകൾക്ക് പിന്നിലാക്കി ഒന്നാമതെത്തി. ഇതോടെ പകരത്തിന് പകരം എന്ന വാശിയേറിയ മത്സരനിലയിലേക്ക് സിബിഎൽ നാലാം സീസൺ മാറിക്കഴിഞ്ഞു.
നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ മൂന്നാമതെത്തി. കാരിച്ചാൽ (3:51:11 മിനിറ്റ്), വീയപുരം (3:52:01 മിനിറ്റ്), നിരണം (3:52:65 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം.
ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയത്തിൻറെ അടിസ്ഥാനത്തിൽ കാരിച്ചാലിനും വീയപുരത്തിനും പുറമെ നിരണം ചുണ്ടനും ഫൈനലിന് യോഗ്യത നേടി. ഹീറ്റ്സിൽ ഏറ്റവും മികച്ച സമയം കുറിച്ച് വീയപുരം ആദ്യ കാഹളം മുഴക്കി. ഫൈനലിൽ ആദ്യ രണ്ട് പാദത്തിലും തിരിച്ചറിയാനാകാത്ത വിധം മൂന്നു വള്ളങ്ങളും കുതിച്ചെത്തി. മൂന്നാം പാദത്തിൽ കാരിച്ചാൽ അൽപം മുന്നിലെത്തി. രണ്ടാം ട്രാക്കിലെ നിരണം വീയപുരത്തെ ഇഞ്ചുകൾക്ക് പിന്നിലാക്കി രണ്ടാമതേക്ക് നീങ്ങിയെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അവസാന പാദത്തിൽ വീയപുരവും കാരിച്ചാലും അവിശ്വസനീയ മുന്നേറ്റമാണ് നടത്തിയത്. പക്ഷെ നേരത്തെ തന്നെ വ്യക്തമായ ലീഡ് നേടിയ കാരിച്ചാലിനെ മറികടക്കാൻ വീയപുരത്തിൻറെ കുതിപ്പിനായില്ല. വർധിത വീര്യത്തോടെ കാരിച്ചാൽ ഒന്നാമതെത്തുകയും ചെയ്തു.
പിബിസി കാരിച്ചാൽ പോയിൻറ് പട്ടികയിൽ ഒന്നാമതാണ്. വിബിസി വീയപുരം രണ്ടാമതും യുബിസി കൈനകരി തുഴയുന്ന തലവടി ചുണ്ടൻ മൂന്നാമതുമാണ്.
തലവടി(യുബിസി കൈനകരി) നാല്, നടുഭാഗം(കുമരകം ടൗൺ ബോട്ട് ക്ലബ്)അഞ്ച് മേൽപ്പാടം(കുമരകം ബോട്ട് ക്ലബ്) ആറ്, ചമ്പക്കുളം(പുന്നമട ബോട്ട് ക്ലബ്) ഏഴ്, പായിപ്പാട്(ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്) എട്ട്, ആയാപറമ്പ് വലിയദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് കരുവാറ്റയിലെ അവസാനവട്ട സ്ഥാനങ്ങൾ.
സർക്കാരിൻറെ ചീഫ് വിപ്പ് എൻ ജയരാജ് എം എൽ എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. എച് സലാം എം എൽ എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, സിബിഎൽ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
കായംകുളം (ഡിസംബർ 14) ഗ്രാൻഡ് ഫിനാലെ (ഡിസംബർ 21) കൊല്ലം പ്രസിഡൻറ് ട്രോഫി എന്നിങ്ങനെയാണ് തുടർന്നുള്ള മത്സരങ്ങൾ.
ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നൽകുന്ന സമ്മാനത്തുക. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിൻറെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിൻറുകളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും.
ഇതിനു പുറമെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടൻവള്ളം ഉടമകൾക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.