Sections

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ

Saturday, Jan 25, 2025
Reported By Soumya
Adverse Challenges Faced by Teachers in the Modern Education System

കുട്ടികളെ പ്രസവിച്ചവരേക്കാൾ ബഹുമാനിക്കേണ്ടവരാണ് അവരെ വിദ്യ അഭ്യസിപ്പിക്കുന്ന അധ്യാപകർ. രക്ഷിതാക്കൾ അവർക്ക് ജന്മം നൽകിയവരാണെങ്കിൽ ജീവിതത്തിന്റെ കല അവരെ പഠിപ്പിക്കുന്നവരാണ് അധ്യാപകർ എന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞത്. നിർഭാഗ്യവശാൽ അത്തരം വാഴ്ത്തപ്പെട്ട സ്ഥാനത്തു നിന്നെല്ലാം ചവിട്ടിയിറക്കിയ അധ്യാപകരാണ് ഇന്നത്തെ കാലത്ത് ജീവിക്കുന്നത്. കുറഞ്ഞ പക്ഷം നിലവിലെ അധ്യാപക ജോലിയിലുള്ളവരെങ്കിലും ഇത് അംഗീകരിക്കും. പുതിയ രീതി ശാസ്ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും വാക്താക്കൾ ചിലപ്പോൾ ഈ മൂല്യങ്ങൾക്ക് വിൽകൽപ്പിച്ചോളണം എന്നില്ല. അത്തരം മൂല്യങ്ങൾ കാലഹരണപ്പെട്ടെന്ന് ചെറുതായെങ്കിലും വിശ്വസിക്കുന്ന കാലത്താണ് നാമിപ്പോഴുള്ളത്. കുട്ടികളെ പേടിച്ച് ക്ലാസിൽ പോകേണ്ട സ്ഥിതി, എന്ത് തോന്നിവാസം ചെയ്താലും മിണ്ടാതിരിക്കൽ, കുട്ടികളിൽ എന്ത് പ്രശ്നം കണ്ടാലും കണ്ട ഭാവം നടിക്കാതെ, ഒരു പ്രശ്നത്തിലും ഇടപെടാതെ സ്വന്തം തടികാത്ത്, കിട്ടുന്ന ശമ്പളവും വാങ്ങി, ഏൽപ്പിച്ച ജോലി മാത്രം ചെയ്ത്, പാഠഭാഗങ്ങൾ അവതരിപ്പിച്ചും ഉച്ചക്കഞ്ഞിയുടെയും യൂനിഫോമിന്റെയും പുസ്തകങ്ങളുടെയും കണക്കെഴുതി സൂക്ഷിച്ചും കൃത്യനിർവഹണം നിർവഹിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ അധ്യാപക സമൂഹം മാറിയിട്ടുണ്ട്. രാവിലെ ക്ലാസിലെത്തിയപ്പോൾ ഒരു ഹൈസ്കൂൾ വിദ്യാർഥിയുടെ കമന്റ്... 'ഓ എവള് ഇന്നും രാവിലെ തന്നെ അണിഞ്ഞൊരുങ്ങി കേറി വന്നോ...' തന്നെ പഠിപ്പിക്കുന്ന അധ്യാപികയെ കുറിച്ച് കുട്ടികൾക്കുള്ള മതിപ്പാണിത്. അത്തരം കുട്ടികൾക്ക് മുമ്പിലാണ് കേട്ടാലും കേൾക്കാത്ത ഭാവം നടിച്ച്, ഉള്ളുലഞ്ഞ്, ഉള്ളിലെ വേദന കാണിക്കാതെ യാന്ത്രികമായി പാഠഭാഗങ്ങൾ അവതരിപ്പിക്കാൻ, പാഠ്യപ്രവർത്തനങ്ങളിലേർപ്പെടാൻ അധ്യാപികമാർ നിർബന്ധിതരാകുന്നത്.

എന്ത് ചെയ്താലും തങ്ങളുടെ മക്കൾ അങ്ങനെ ചെയ്തില്ലെന്നും പറഞ്ഞ് കുട്ടിയെ ഒരു വശത്ത് ന്യായീകരിക്കുകയും വാദിയെ പ്രതിയാക്കുകയും ചെയ്യുന്ന എത്രയെത്ര രക്ഷിതാക്കളുണ്ട്? അധ്യാപികയെ പ്രണയിക്കുന്ന വിദ്യാർഥിയെ അവതരിപ്പിക്കുന്ന ചലചിത്ര കലാരൂപങ്ങളും അധ്യാപകരോട് തട്ടിക്കയറി ഡയലോഗ് അടിക്കുന്ന വിദ്യാർഥിയുടെ ഹീറോ പരിവേഷവും വിറ്റഴിക്കുന്ന ചലചിത്രങ്ങളും സാഹിത്യങ്ങളും കലകളും പ്രചരിപ്പിക്കുന്ന സമൂഹത്തിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷേക്കണ്ടതില്ല. തന്റെ മക്കളെ നല്ലവണ്ണം തല്ലിക്കോളൂ.. ഞങ്ങൾക്ക് പ്രശ്നമല്ല എന്നൊക്കെ പറയുന്ന രക്ഷിതാക്കൾ ചിലരുണ്ട്. അധ്യാപകർ മാത്രം തല്ലിയാൽ എല്ലാം ശരിയാകുമെന്ന ധാരണ ശരിയാണോ? അതേസമയം ചില അവസരങ്ങളിൽ തല്ല് നൽകേണ്ടി വരാറുണ്ടോയെന്ന് രക്ഷിതാക്കൾ സ്വയം ആലോചിക്കുക. തല്ലിനോ ശകാരത്തിനോ വേണ്ടി വാദിക്കുകയോ അതിനെ വെള്ളപൂശുകയോ അല്ല. കായികമായി ശിക്ഷിക്കൽ വിദ്യാഭ്യാസ അവകാശനിയമ പ്രകാരം കുറ്റവുമാണ്. ശകാരിക്കാനും പാടില്ലെന്നാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നത്. കാര്യങ്ങൾ ചോദിക്കാനോ, രക്ഷിതാക്കളെ അറിയിക്കാനോ ശ്രമിച്ചാൽ അധ്യാപകർ പ്രതിസ്ഥാനത്താവുന്ന അവസ്ഥയാണിപ്പോഴുള്ളത്. പീഡനമെന്ന പേരിൽ ചൈൽഡ് ലൈനിന്റെ മുമ്പിൽ വിദ്യാർഥി പറഞ്ഞത് മാത്രം വിശ്വസിച്ച് കേസെടുക്കുകയും സമൂഹത്തിൽ അപമാനിതനായും ജയിൽ ജീവിതം നയിക്കേണ്ടിവരികയും ചെയ്ത എത്രയോ അധ്യാപകർ ഈ സമൂഹത്തിലുണ്ട്. അവരിൽ പലരും നിരപരാധികളായിരുന്നുവെന്നത് എവിടെയും ചർച്ച ചെയ്തില്ല. അവർക്ക് വേണ്ടി ആരും ശബ്ദിക്കാനുണ്ടായില്ല. കാരണം പരാതിക്കാർ വിദ്യാർഥികളാണെന്നതിനാൽ നിയമത്തിന് മുമ്പിൽ അവർക്കാണ് മുൻഗണന.

മാറ്റങ്ങൾ വീട്ടിൽ നിന്നുമാണ് തുടങ്ങേണ്ടത്. കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സമയം പലപ്പോഴും രക്ഷകർത്താക്കൾക്ക് കൊടുക്കാൻ കഴിയുന്നില്ല. ആ കുറ്റബോധം മറികടക്കുന്നതിന് വേണ്ടി കുട്ടികൾ പറയുന്നത് എന്തും വാങ്ങി കൊടുക്കുകയും , നിയന്ത്രണമില്ലാത്ത സ്ക്രീൻ ടൈം കൊടുക്കുകയും, അവരുടെ ആഗ്രഹങ്ങൾക്ക് എതിര് പറയാതെയും, പറയുന്നത് എന്തും വാങ്ങിക്കൊടുത്തും ശീലിപ്പിക്കും. കുട്ടികൾ ഇത് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യും. കൈവിട്ടു പോയെന്ന് തോന്നുമ്പോൾ മര്യാദ പഠിപ്പിക്കാൻ ചെന്നാൽ അവർ നിങ്ങളോട് പോയി പണി നോക്കാൻ പറയും. ഇതിനിടയിൽ പെട്ടു പോകുന്നവരാണ് സത്യത്തിൽ ഈ അധ്യാപകർ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.