Sections

വിവാഹ ജീവതത്തിൽ പുതുതലമുറ നേരിടുന്ന വെല്ലുവിളികളും കുടുംബ സങ്കൽപ്പങ്ങളുടെ പ്രാധാന്യവും

Wednesday, Dec 04, 2024
Reported By Soumya
Challenges in Modern Marriages and the Importance of Family Concepts

ഇന്ന് എവിടെയും കേൾക്കുന്ന ഒരു കാര്യമാണ് വിവാഹത്തിന് ശേഷമുള്ള പ്രശ്നങ്ങളെക്കുറിച്ച്. പണ്ടുകാലത്ത് ഉണ്ടായിരുന്നതുപോലെ വൈവിധ്യമായ ഒരു കുടുംബജീവിതം ഇന്നില്ല എന്ന് പറയാം. അതിന് നിരവധി കാരണങ്ങളുണ്ട്. ഇന്നത്തെ തലമുറയിലുള്ള കുട്ടികൾക്ക് വിവാഹ ജീവിതം തന്നെ ഇഷ്ടപ്പെടുന്ന കാര്യമല്ല പ്രത്യേകിച്ച് സ്ത്രീകൾക്ക്. തങ്ങളുടെ ജീവിതം ഒരു അടിമയെ പോലെ ഒരാളുടെ കീഴിൽ ജീവിക്കാൻ കഴിയില്ല എന്നതാണ് പ്രധാന കാരണമായി പലരും പറയുന്നത്. സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്, തന്റെ വിവാഹശേഷം സ്വാതന്ത്ര്യം കിട്ടാത്തവരായി മാറുന്നു, ഒരു കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ ആ കുട്ടി ഒരു ബാധ്യതയായി മാറുന്നു എന്നുള്ള ചിന്തകളിലേക്ക് വരെ ഇന്നത്തെ ന്യൂജനറേഷൻ എത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ പല കുട്ടികളും ഒരു വിവാഹജീവിതം ആഗ്രഹിക്കുന്നില്ല. കുടുംബജീവിതം വലിയ ഒരു ബാധ്യതയായി അല്ലെങ്കിൽ വലിയ ഒരു പ്രശ്നമായി ഇന്നത്തെ സമൂഹം കാണുന്നു. അത് സമൂഹത്തിലുള്ള ചില അനുഭവങ്ങളുടെ ഭാഗമായി ചിലർ എടുത്ത തീരുമാനമാണെന്ന് കാണുവാൻ സാധിക്കും. എന്നാൽ ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് കുടുംബം എന്ന സങ്കല്പം. മനോഹരമായ കുടുംബ സങ്കല്പം ഇന്ത്യയുടെ ഒരു പ്രത്യേകതയാണ് പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിൽ. കുടുംബ സങ്കല്പത്തിന്റെ ദൃഢതയിലാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. പക്ഷേ ഇതിന് മങ്ങലേറ്റു കൊണ്ടിരിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ നിരവധി കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. പുരുഷനും സ്ത്രീക്കും തുല്യ പങ്കാളിത്തം വരേണ്ട ഒന്നാണ് ഈ കുടുംബ ബന്ധം എന്ന് പറയുന്നത്. എന്നാൽ പുരുഷന് കുറച്ചു കൂടുതൽ മേധാവിത്വം ഈ കുടുംബ സങ്കല്പത്തിൽ കാണാൻ കഴിയും. പണ്ട് കാലങ്ങളിൽ പുരുഷന്മാർ പുറം ജോലികളിലും സ്ത്രീകൾ കുടുംബ കാര്യങ്ങൾ നോക്കുന്നതിലും വ്യാപൃതരായിരുന്നു. എന്നാൽ ഇന്ന് സ്ത്രീകൾ പുരുഷന്മാർ നിൽക്കുന്ന ഏതു മേഖലയിലും മുന്നോട്ട് വരാൻ കഴിഞ്ഞ ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് അമിതമായ ജോലിയും അമിതമായ സ്ട്രെസ്സ് ഉണ്ടാകുന്നു എന്നതാണ് വാസ്തവം.

  • കുടുംബ സങ്കല്പത്തിന്റെ ശക്തി, പരസ്പരം ഷെയർ ചെയ്തുകൊണ്ട് മുന്നോട്ടുപോവുക എന്നതാണ്. ഒരു പുരുഷൻ മാത്രം ശ്രമിച്ചാൽ ഒരു കുടുംബം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല അതിന് ഒരു സ്ത്രീയും ഒപ്പം ഉണ്ടാകണം. രണ്ടുപേരും ജോലിക്ക് പോകാൻ തയ്യാറാണ് എന്നാൽ വീട്ടിലെ ജോലി പുരുഷന്മാർ മുന്നിട്ട് നിന്ന് ചെയ്യുവാൻ ഇതുവരെയും തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. സ്ത്രീകളോട് ഒപ്പം തന്നെ പുരുഷൻമാരും വീട്ടിലെ അടുക്കള പണികൾ സ്വയം ഏറ്റു ഏറ്റെടുത്തുകൊണ്ട് ചെയ്യേണ്ട കാലഘട്ടം വന്നിരിക്കുകയാണ്. അതിന് ഒരു മടിയും കൂടാതെ പുരുഷന്മാർ തയ്യാറാകണം. കുട്ടിക്കാലം തൊട്ടേ പെൺകുട്ടികൾക്ക് അടുക്കള ജോലികൾക്ക് വേണ്ട പരിശീലനം നൽകുന്നതുപോലെ പുരുഷന്മാർക്ക് നൽകുന്നതിൽ യാതൊരു തെറ്റുമില്ല. ഗാർഡനിങ്, പാചകരീതികൾ എന്നിവ സ്ത്രീകളെക്കാളും നന്നായി പുരുഷന്മാർക്കിണങ്ങും എന്നതാണ് വാസ്തവം. പക്ഷേ കുട്ടിക്കാലം മുതൽ തന്നെ അടുക്കള പണികൾ പെൺകുട്ടികൾ മാത്രമാണ് ചെയ്യേണ്ടത് എന്നുള്ള ധാരണ എല്ലാ കുടുംബങ്ങളിലും പ്രത്യേകിച്ച് സ്ത്രീകൾ തന്നെ പറഞ്ഞ് ആൺകുട്ടികളുടെ മനസ്സിലേക്ക് എത്തിക്കുന്നു എന്നുള്ളതാണ്. ഇത് തീർച്ചയായും മാറണം.
  • കുടുംബ സങ്കല്പത്തിൽ രണ്ടാമതായി മാറ്റേണ്ട വലിയ ഒരു കാര്യമാണ് അഭിപ്രായങ്ങൾക്ക് വില കൊടുക്കുക. സ്ത്രീകളുടെ അഭിപ്രായത്തിന് വില കൊടുത്തു കഴിഞ്ഞാൽ എന്തോ കുറച്ചിലാണ് എന്ന ചിന്താഗതി ചില ആളുകൾക്കിടയിൽ ഉണ്ട്. പെൺബുദ്ധി പിൻ ബുദ്ധി എന്ന മോശമായ ഒരു ചൊല്ല് തന്നെയുണ്ട്. ഇതിൽ യാഥാർത്ഥ്യമില്ല എന്ന് പരിശോധിച്ചാൽ മനസ്സിലാകും. പുരുഷന്മാരെ പോലെ തന്നെ നല്ല ആശയങ്ങൾ തരാൻ സ്ത്രീകൾക്കും സാധിക്കും.അനുഭവങ്ങളുടെ കുറവ് കൊണ്ടായിരിക്കാം സ്ത്രീകൾക്ക് ചില അഭിപ്രായങ്ങൾ മോശമായി തോന്നുന്നത്. എന്നാൽ തീരുമാനങ്ങൾ എടുക്കുവാൻ പുരുഷനെ പോലെ തന്നെ കഴിവ് സ്ത്രീകൾക്കുണ്ട്. ഒരുപക്ഷേ ഒരുപിടി മുന്നിലായിരിക്കും സ്ത്രീകൾ.
  • തലമുറകൾ ഉണ്ടാകേണ്ടത് ആവശ്യമാണ്. കുട്ടികൾ വേണ്ട പട്ടി മതി എന്നുള്ള ചിന്താഗതിയാണ് ഇന്നത്തെ ന്യൂജനറേഷൻ കുട്ടികൾക്ക്. ഇത് വളരെ അപകടകരമായ ഒരു കാര്യമാണ്. നമുക്ക് ശേഷം നാളെ ഒരു തലമുറ ഉണ്ടാകണം. തലമുറ കൈമാറ്റം പ്രകൃതിദത്തമായ ഒരു കാര്യമാണ് എന്നുള്ള ബോധ്യം എല്ലാവർക്കും ഉണ്ടാകണം. ഇത് നെഗറ്റീവ് ആയിട്ട് ആരും കാണേണ്ട കാര്യമില്ല. അച്ഛനും അമ്മയും ആകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്ന് തന്നെയാണ്. അത് ഒരു കുറച്ചിലായി കാണുന്ന ആളുകളുണ്ട് പക്ഷേ അതൊരിക്കലും ശരിയല്ല എന്നതാണ് വസ്തുത. എന്തൊക്കെയുണ്ടെങ്കിലും തനിക്ക് ശേഷം തന്റെ വംശം ഉണ്ടാവുക എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ചിലപ്പോൾ പ്രായത്തിന്റെ ആവേശത്തിൽ തെറ്റാണ് എന്ന് ചിന്തിക്കുമെങ്കിലും പിന്നീട് ഇതൊരു ദുരന്തമായി തന്നെ മാറും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
  • മറ്റൊരു കാര്യമാണ് മറ്റുള്ളവരെ മനസ്സിലാക്കുക എന്നത്. ഭാര്യയും ഭർത്താവും ഒരേ മനസ്സോടുകൂടി ജീവിക്കുക എന്നത് യാഥാർത്ഥ്യമായ ഒന്നല്ല. ഓരോരുത്തർക്കും വ്യത്യസ്തത സ്വാഭാവികമാണ്. 100% പരസ്പരം മനസ്സിലാക്കി ജീവിക്കുക എന്നത് ഒരിക്കലും ഉണ്ടാകില്ല. കുറച്ചൊക്കെ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ ചിലപ്പോൾ ഒരു 60%, 80% പരസ്പരം മനസ്സിലാക്കാൻ സാധിക്കും 20% ഒരിക്കലും മനസ്സിലാക്കുവാൻ സാധിക്കില്ല. നിങ്ങൾ പറയുന്നതുപോലെ തന്നെ പങ്കാളി പ്രവർത്തിക്കണമെന്ന വാശിയാണ് കുടുംബബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുന്നതിന് പ്രധാനപ്പെട്ട കാരണം. ഇത് ഒരിക്കലും സാധ്യമായ കാര്യമല്ല പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് കാര്യങ്ങൾ ചെയ്യണം. എന്ന് മാത്രമല്ല നിങ്ങളിൽ നിന്നും എല്ലാ കാര്യത്തിലും പങ്കാളി വ്യത്യസ്തരാണ് എന്ന ബോധ്യം നിങ്ങൾക്കുണ്ടാകണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഇന്നത്തെ കാലഘട്ടത്തിൽ കുടുംബജീവിതത്തിൽ മുന്നോട്ടു പോകണം. വിവാഹം കഴിക്കുന്ന ഓരോ ആളുകളും ഇത്തരം കര്യങ്ങൾ ഉൾക്കൊള്ളണമെന്ന കാര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.