- Trending Now:
രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ടെന്‍സെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ് ടെക്നോളജി കമ്പനികളുടെ ആപ്പുകള്‍ ഉള്‍പ്പെടെയാണിത്. സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി.
ജനപ്രിയ ഷോര്‍ട്ട് വിഡിയോ പ്ലാറ്റ്ഫോം ആയ ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ 2020ല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതില്‍ പലതും പുതിയ പേരുകളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നടപടി.
''ടെന്‍സെന്റിന്റെയും ആലിബാബയുടെയും പല ആപ്പുകളും ഉടമസ്ഥാവകാശം മറയ്ക്കാന്‍ കൈ മാറി. ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അവ ഹോസ്റ്റ് ചെയ്യപ്പെടുന്നു, പക്ഷേ ഡാറ്റ ആത്യന്തികമായി ചൈനീസ് സെര്‍വറുകളിലേക്കാണ് പോകുന്നത്,'' പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ByteDance-ന്റെ ഉടമസ്ഥതയിലുള്ള TikTok, ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള We Chat പോലുള്ള ആപ്പുകള്‍ പോലും ഇപ്പോഴും ലഭ്യമാണ്. APK ഫയലുകള്‍ പോലെയുള്ള ഇതര മാര്‍ഗങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്യുകയാണ് അവയൊന്നും, ഗവണ്‍മെന്റ് അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു..
ഇന്ത്യക്കാരുടെ സ്വകാര്യതാ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു കൈമാറുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഈ ആപ്പുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കരുതെന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ആപ് സ്റ്റോറുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്‍ഫൊര്‍മഷന്‍ ടെക്നോളജി ആക്ടിലെ 69 എ വകുപ്പ് അനുസരിച്ചാണ് നടപടി.
2020 ജൂണ്‍ മുതല്‍ 224 ചൈനീസ് ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്, ഷെയര്‍ ഇറ്റ്, വി ചാറ്റ്, ഹലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസര്‍, ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍, എംഐ കമ്യൂണിറ്റി തുടങ്ങിയ ജനപ്രിയ ആപ്പുകള്‍ ഉള്‍പ്പെടെയാണ് വിലക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.