Sections

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രണ്ട് രീതിയില്‍ കര്‍ഷകര്‍ക്ക് താങ്ങാകുന്നു

Monday, Jul 05, 2021
Reported By Ambu Senan
minimum support price of paddy

നെല്ലിന് നല്ല കാലം: താങ്ങ് വില വര്‍ദ്ധിപ്പിച്ച് കേന്ദ്രം, സംഭരണം കൂട്ടി കേരളം

 

കോവിഡ് പ്രതിസന്ധിയിലും നെല്ലിന് നല്ല കാലം. കേന്ദ്രം നെല്ലിന്റെ താങ്ങുവിലയില്‍ 72 രൂപ കൂട്ടി 1940 രൂപയാക്കി. കൂടാതെ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ വര്‍ധനവ്. 2018-2019 കാലയളവില്‍ 2,10,286 കര്‍ഷകരില്‍ നിന്നും 6.93 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചതെങ്കില്‍ 2019-2020 ആയപ്പോഴേയ്ക്കും 7.09 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. 2021 ജൂണ്‍ 30ന് അവസാനിക്കുന്ന നടപ്പ് സംഭരണ വര്‍ഷത്തിന്‍ ഇതു വരെ 7.29 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുവാന്‍ കഴിഞ്ഞു. 7.50 ലക്ഷം മെട്രിക് ടണ്‍ നെല്ലെങ്കിലും നടപ്പ് വര്‍ഷത്തില്‍ സംഭരിക്കുവന്‍ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്.

വിവിധ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നെല്ലിന്റെ താങ്ങുവിലയില്‍ 72 രൂപ കൂട്ടി 1940 രൂപയാക്കി. എള്ളിന് ക്വിന്റലിന് 452 രൂപയാണ് വര്‍ധിപ്പിച്ചത്. തുവരപ്പരിപ്പിന്റേയും ഉഴുന്നിന്റേയും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 300 രൂപ വര്‍ധിപ്പിച്ചു. 

50-85 ശതമാനം വരെയാണ് വിവിധ ധാന്യങ്ങളുടെ താങ്ങുവിലയില്‍ ഉണ്ടായ വര്‍ധനവ്. ധാന്യോത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക നയം രൂപീകരിച്ച് നടപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ഥോമര്‍ വ്യക്തമാക്കി. 

ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കര്‍ഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കേരളത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 2006 മുതല്‍ സപ്ലൈകോ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചുവരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഗുണനിലവാരത്തിലും തറവിലയുടെയും അടിസ്ഥാനത്തിലാണ് നെല്ല് സംഭരിക്കുന്നത്. ഭക്ഷ്യ-പൊതുവിതരണവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെടുന്ന മില്ലുകള്‍ വഴിയാണ് സംഭരണം സാധ്യമാകുന്നത്.

53 മില്ലുകളാണ് സപ്ലൈക്കോയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. സപ്ലൈകോ ഒരു കിലോ നെല്ല് 27.48 രൂപയ്ക്കാണ് സംഭരിക്കുന്നത്. ഇതില്‍ 18.68 രൂപ കേന്ദ്രവിഹിതവം 8.80 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം 52 പൈസ വര്‍ധിപ്പിച്ചതിനാല്‍ അടുത്ത സീസണ്‍ മുതല്‍ നെല്ലിന് 28 രൂപ വില നല്‍കും.നെല്ല് സംഭരണത്തിനായി വെബ്സൈറ്റിലൂടെ കര്‍ഷകര്‍ക്ക് പേര് രജീസ്റ്റര്‍ ചെയ്യാവുന്നതാണ്. 5ഏക്കര്‍ വരെയുള്ള വ്യക്തിഗത കൃഷിക്കാരുടെ പക്കല്‍ നിന്നും, 25 ഏക്കര്‍ വരെയുള്ള ഗ്രൂപ്പുകളില്‍ നിന്നും നെല്ല് സംഭരിക്കുന്നു.

സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയ്ക്കവേണ്ടി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട മില്ലുകള്‍ കര്‍ഷകന് PRS നല്‍കുന്നു. തുടര്‍ന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ PRS അംഗീകരിക്കുകയും ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ട PRS ല്‍ പറഞ്ഞിരിക്കുന്ന തുക സപ്ലൈകോയുമായി MOU നിലവിലുള്ള ബാങ്കുകള്‍ ലോണായി കര്‍ഷകര്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍ സമയബന്ധിതമായിതന്നെ നെല്ലിന്റെ വില കര്‍ഷകന് ലഭ്യമാകുന്നു. ഈ സീസണില്‍ (2020-2021) നാളിതുവരെ 2.23 ലക്ഷം കര്‍ഷകരില്‍ നിന്നും സംഭരിച്ച 7.07 ലക്ഷം മെട്രിക് ടണ്‍ നെല്ലിന്റെ വിലയായ 1519.06 കോടി രൂപ നല്‍കി കഴിഞ്ഞു.

ഇന്ത്യയുടെ ഭക്ഷ്യ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം ആറു വര്‍ഷത്തെ മികച്ച നിലയിലാണ്. അരിയുടെ കയറ്റുമതി എക്കാലത്തെയും മികച്ച നിലയിലാണ്.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.