Sections

പൗള്‍ട്രി ഫാമുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ കേന്ദ്ര പദ്ധതി

Tuesday, Jun 07, 2022
Reported By admin
farming

സബ്‌സിഡി നല്‍കുന്നത് 15 മുതല്‍ 35 ശതമാനം വരെയായി തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍

 

രാജ്യത്തെ ഏറ്റവും മികച്ച സംരംഭക വായ്പ പദ്ധതി ആയ പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതിയിലൂടെ പൗള്‍ട്രി ഫാമുകള്‍ക്കും ഫിഷ് ഫാമുകള്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാമുകള്‍ക്കും കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നു. ഇതുകൂടാതെ വാന്‍ /ഓട്ടോ ടാക്‌സികള്‍ക്കും വെജിറ്റേറിയന്‍ ഹോട്ടലുകള്‍ക്കും പി. എം. ഇ.ജി. പി പദ്ധതിയിലൂടെ ഇനി മുതല്‍ വായ്പ ലഭ്യമാക്കുമെന്ന് ആണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഖാദി ഉല്‍പ്പന്നങ്ങളോ ഉല്‍പാദന സേവന സ്ഥാപനങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകളോ ആണെങ്കില്‍ ബിസിനസിനും വായ്പ ലഭിക്കും.


കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി തൊഴില്‍ദായക  പദ്ധതിയുടെ പദ്ധതി ആനുകൂല്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയത്. 25 ലക്ഷം പരമാവധി പദ്ധതി ചെലവ് എന്നത് ഭേദഗതി ചെയ്തിട്ടുണ്ട്. പദ്ധതി ചെലവിന് പരിധിയില്ല. പക്ഷേ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെയും മാത്രമേ സബ്‌സിഡി നല്‍കുകയുള്ളൂ.

സബ്‌സിഡി നല്‍കുന്നത് 15 മുതല്‍ 35 ശതമാനം വരെയായി തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാണിജ്യബാങ്കുകള്‍ക്ക് ഒപ്പം സഹകരണ ബാങ്കുകളെ കൂടി ബാങ്കുകളുടെ പട്ടികയില്‍ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് കാലാവധി മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ലഭ്യമാകും. രണ്ട് ലക്ഷം രൂപ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇ.ഡി.പി ട്രെയിനിങ് നല്‍കുകയില്ല. നിക്ഷേപം 5 ലക്ഷത്തില്‍ താഴെ ആണെങ്കില്‍ അഞ്ചു ദിവസത്തെ സംരംഭകത്വ പരിശീലനം നല്‍കുകയും അതിനു മുകളിലാണെങ്കില്‍ 10 ദിവസത്തെ പരിശീലനം നല്‍കുകയും ചെയ്യും. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഒരാള്‍ക്ക് തൊഴില്‍ എന്നത് മൂന്നു ലക്ഷം രൂപ നിക്ഷേപത്തിന് എന്നായിരിക്കും ഭേദഗതി വരുത്തുക.നിലവില്‍ ഈ പദ്ധതി പ്രകാരം ഉള്ള അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. ഗ്രാമമോ നഗരമോ വ്യത്യാസമില്ലാതെ അപേക്ഷകള്‍ എല്ലാ നിര്‍വഹണ സ്ഥാപനങ്ങള്‍ക്കും ഇനിമുതല്‍ കൈപ്പറ്റാം. ഖാദി ബോര്‍ഡ്, ഖാദി കമ്മീഷന്‍ തുടങ്ങിയ ഏജന്‍സികള്‍ക്കും ഇനിമേല്‍ മുനിസിപ്പല്‍ പ്രദേശത്ത് അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ അധികാരമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.