- Trending Now:
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്
ഗോതമ്പിന് പിന്നാലെ പഞ്ചസാരയ്ക്കും കയറ്റുമതി നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ ആണ് സര്‍ക്കാര്‍ കയറ്റുമതി കുറയ്ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാല്‍ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച്, മെയ് 18 വരെ 75 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2017-18 സീസണിനെ അപേക്ഷിച്ച് 2021- 22 കാലയളവില്‍ 15 മടങ്ങ് അധികം പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 70 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്.
രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വില്‍പ്പന വില നിലവില്‍ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ്. വരും മാസങ്ങളില്‍ ഇത് 40-43 രൂപയില്‍ തുടരാനാണ് സാധ്യത. പഞ്ചസാര ഉത്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഏകദേശം 14,456 കോടി രൂപയാണ് സര്‍ക്കാര്‍ പഞ്ചസാര മില്ലുകള്‍ക്ക് അനുവദിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.