Sections

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം: മന്ത്രി ആരോഗ്യ മന്ത്രി

Thursday, May 25, 2023
Reported By admin
kerala

ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം


സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകൾ എടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വളരെ നേരത്തെ തന്നെ യോഗം ചേർന്നിരുന്നു.

ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കും പ്രധാന്യം നൽകണം. അവബോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.

അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ മറ്റ് പകർച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.