Sections

ഭംഗിയുള്ള മാറ്റുകള്‍ നിര്‍മ്മിക്കാം;വീട്ടമ്മമാര്‍ക്ക് ആദായം നേടാം

Friday, Oct 29, 2021
Reported By admin
mat carpet making

ബനിയന്‍ വേസ്റ്റ് നീളത്തിലും വീതിക്കും അനുസരിച്ചു കാര്‍പെറ്റിനും മാറ്റിനുമായി തരം  തിരിക്കുന്നു.

 

കേരളത്തില്‍ വീട്ടുജോലികള്‍ കഴിഞ്ഞു ധാരാളം സമയം വെറുതെ ഇരിക്കുന്ന നിരവധി വീട്ടമ്മമാരുണ്ട്.വീട്ടുജോലികള്‍ക്ക് ശേഷം വീട്ടമ്മക്ക് ലഭിക്കുന്ന സമയത്തെ മറ്റു വരുമാനമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. അത്തരത്തില്‍ ഒരു സംരംഭമാണ് മാറ്റ്-കാര്‍പെറ്റ് നിര്‍മ്മാണം.

ദീര്‍ഘകാലം ഈടുനില്‍കുന്ന റബര്‍ പ്ലാസ്റ്റിക് മാറ്റുകള്‍ വിപണിയിലുണ്ടെങ്കിലും വില കൂടുതലും വീണ്ടും കഴുകി ഉപയോഗിക്കുന്‌പോള്‍ പുതുമ നഷ്ടപെടുന്ന ഇത്തരം മാറ്റുകളെ പിന്നോട്ടടിക്കുന്ന ഘടകങ്ങളാണ്. ഇവിടെയാണ് ബനിയനില്‍ നിന്നും നിര്‍മ്മിക്കുന്ന ഡിസ്‌പോസിബിള്‍ തുണി മാറ്റുകളുടെ പ്രസക്തി. കുറഞ്ഞ വിലയില്‍ ആകര്‍ഷകമായ നിറത്തിലും ലഭിക്കുന്ന തുണി മാറ്റുകള്‍ എന്ന് എല്ലാ വീടുകളിലും സര്‍വ സാധാരണമായി ഉപയോഗിക്കുന്നു. തൊട്ടടുത്ത കടകള്‍ വഴിപോലും വിറ്റഴിക്കാന്‍ സാധിക്കും എന്നതും ഈ സംരംഭത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ചെറിയ മുതല്‍ മുടക്കില്‍ വീട്ടിലെ സൗകര്യങ്ങളും ഒഴിവു സമയവും പ്രയോജനപ്പെടുത്തി വരുമാന ലഭ്യത ഉറപ്പാക്കാം.

ബനിയന്‍ കട്ടിംഗ് വേസ്റ്റ്, ബനിയന്‍ ക്ലോത്ത്, പഫ്, ഡമറു  ഷെനില്‍ എന്നിവയാണ് മാറ്റിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍. അഹമ്മദാബാദ്, ഡല്‍ഹി, തിരുപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബനിയന്‍ വെസ്റ്ററും മറ്റ് നിര്‍മ്മാണ വസ്തുക്കളും എത്തിച്ച്  തരുന്നതിന് ഏജന്‍സികളുണ്ട്.ബണ്ടിലുകളായി വലിയ പായ്ക്കില്‍  എത്തുന്ന ബനിയന്‍ വേസ്റ്റ് നീളത്തിലും വീതിക്കും അനുസരിച്ചു കാര്‍പെറ്റിനും മാറ്റിനുമായി തരം  തിരിക്കുന്നു. നീളവും വീതിയും കൂടിയവ കാര്‍പെറ്റിനു ഉപയോഗിക്കുന്‌പോള്‍ ചെറുതെല്ലാം മാറ്റ് നിര്‍മിക്കുന്നതിന് ഉപയോഗപ്പെടുത്തും. തുടര്‍ന്ന് '16″: 22″, 13″:17″, 14″:20 ” തുടങ്ങിയ അളവുകളിലാണ് തറികളില്‍ നൂല്‍ സെറ്റ് ചെയ്യും. തുടര്‍ന്ന് മാറ്റ് നിര്‍മ്മാണത്തിനായി നീക്കിവെച്ച ബനിയന്‍ വേസ്റ്റുകള്‍ തറിയില്‍ വച്ച് നൂലുകള്‍ക്കിടയിലായി ലോക്ക് ചെയ്യും. കാര്‍പെറ്റ് നിര്‍മ്മാണവും ഇതേ രീതിയില്‍ തന്നെയാണ് ചെയുന്നത്. 2″: 3″, 2″:6″, 3″ : 6″  തുടങ്ങിയ അളവുകളിലാണ് കാര്‍പെറ്റ് നിര്‍മിക്കുന്നത്.

മാറ്റ് നിര്‍മ്മാണത്തിന് 23 ഇഞ്ച്‌ വരെ വീതിയുള്ള ചെറിയ തറികളും കാര്‍പെറ്റ് നിര്‍മ്മാണത്തിന് വലിയ തറികളുമാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് ബ്രാന്‍ഡ് ടാഗ് ചെയ്ത് ക്വാളിറ്റി ചെക്കിംഗ്  നടത്തിയ ശേഷം വില്പനയ്ക്കായി നല്‍കാം.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോസ്പിറ്റലുകള്‍, ടെസ്റ്റില്‍സ് ഷോപ്പുകള്‍ തുടങ്ങി പലചരക്ക് സ്റ്റേഷനറി കടകള്‍ വരെ തുണിമാറ്റു വില്‍ക്കുന്നുണ്ട്. നിര്‍മ്മാണ യൂണിറ്റിന് ചുറ്റുമുള്ള 50 വില്പനകേന്ദ്രങ്ങള്‍ കണ്ടെത്തി മുടങ്ങാതെയുള്ള സപ്ലൈ  നല്‍കിയാല്‍ ഒരു ചെറിയ യൂണിറ്റ് നടത്തികൊണ്ടുപോകാം. വലിയ പരസ്യങ്ങളോ ആധുനിക ബിസിനസ് തന്ത്രങ്ങളോ ഒന്നും തന്നെ മാറ്റ് വിപണനത്തിന് ആവശ്യമില്ല. സ്വന്തം ഉത്പന്നം വില്പനക്കാര്‍ക്ക് പരിചയപെടുത്തുന്നതിനുള്ള താല്‍പര്യം ഉണ്ടായാല്‍ തന്നെ വിപണി സ്വയം തേടിയെത്തിക്കോളും.

മാറ്റ് നിര്‍മ്മാണത്തിനുള്ള തറി 2 എണ്ണം ഏകദേശം 55,000 രൂപയോളം ചെലവു വരും മറ്റ് സാധനങ്ങളും എല്ലാം കൂടി ഏകദേശം 80000 രൂപയ്ക്കുള്ളില്‍ ചെലവുണ്ട്‌..1000 കാര്‍പ്പെറ്റ്/ചവിട്ടികള്‍ വില്‍ക്കാന്‍ സാധിച്ചാല്‍ ചെലവു കഴിച്ച് 10000 രൂപയിലേറെ ലാഭമുണ്ടാക്കാം.

എറണാകുളം ജില്ലയിലെ കാലടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജയ വീവിങ് ഈ രംഗത്ത് വലിയ വിജയം നേടിയ ചെറുകിട സംരംഭം ആണ്. രാജേഷ് ആണ് സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. 2015 ഇത് സംസ്ഥാന ഹാന്‍ഡ്ലൂം ഡിപ്പാര്‍ട്‌മെന്റ് അവാര്‍ഡിനും രാജേഷ് അര്‍ഹനായി. നിലവില്‍ നമ്മുടെ കേരളത്തിലാകെ വിജയ വീവിങ്ങിന്റെ 180 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സംരംഭം ആരംഭിച്ചാല്‍ ആനുകൂല്യങ്ങളും വ്യവസായ വകുപ്പില്‍ നിന്ന് 30% സബ്‌സിഡിയും ലഭിക്കും.പരിശീലനം പിറവം അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0485-2242310, 2242410 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.