Sections

സംരംഭത്തിനും ബ്രാന്‍ഡിനും പേരിടല്‍ ആലോചിച്ച് വേണം

Tuesday, Sep 13, 2022
Reported By admin
branding

ചില സംരംഭകര്‍ക്ക് സംരഭത്തിന്റെ പേരില്‍ തന്നെ അറിയപ്പെടാനായിരിക്കും ആഗ്രഹം ആ പേര് തന്നെ ബ്രാന്‍ഡ് ചെയ്യത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്

 

ഒരു ബിസിനസിന്റെ പേര് കണ്ടെത്താന്‍ സംരംഭത്തിലേക്ക് കടക്കുന്നവര്‍ ഒരുപാട് ചിന്തകളും ചര്‍ച്ചകളും ഒക്കെ നടത്താറുണ്ട്. ഭാവിയില്‍ വലിയ നിലയ്‌ക്കെത്തുന്ന ബ്രാന്‍ഡായി മാറേണ്ട സംരംഭത്തെ വെറുമൊരു പേരില്‍ ഒതുക്കാന്‍ കഴിയില്ലല്ലോ. സംരംഭത്തിന്റെ പേരും ബ്രാന്‍ഡിന്റെ പേരും ഒന്നാക്കണോ, അതോ വ്യത്യസ്തമാക്കണോ എന്ന തീരുമാനത്തിലേക്ക് എത്താനും കുറച്ചധികം പ്രയത്‌നം ആവശ്യമാണ്.ഏത് രീതിയിലാണ് ബിസിനസ് മുന്നോട്ട് പോകുന്നത് എന്നതിനെ ആശ്രയിച്ചാണ് ബ്രാന്‍ഡിനും സംരംഭത്തിനും പേര് തെരഞ്ഞെടുക്കേണ്ടത്. ആദ്യമായി ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം.ഒരു ബിസിനസിന്റെ നിയമപരമായ പേരാണ് കമ്പനിയുടെ അല്ലെങ്കില്‍ സംരംഭത്തിന്റെ പേര്. ആ പേരിലായിരിക്കും ബിസിനസിന് ആവശ്യമായ എല്ലാ വിധ ലൈസന്‍സുകളും ലഭിക്കുന്നത്.

സംരംഭത്തിന്റെ പേര് ഉപഭോക്താക്കള്‍ക്കോ പൊതു സമൂഹത്തിനോ അറിയണമെന്നില്ല.എന്നാല്‍ ബ്രാന്‍ഡിന്റെ പേര് എന്നത് ആളുകള്‍ കാണുന്നതാണ്. ചില സാഹചര്യങ്ങളില്‍ ഇവ രണ്ടും ഒന്നാകാം.അല്ലെങ്കില്‍ വ്യത്യസ്തമാകാം.

ഒരു വിഭാഗം ഉത്പന്നം മാത്രമാണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ബ്രാന്‍ഡിന്റെ പേരും സംരംഭത്തിന്റെ പേരും ഒന്നാക്കി നല്‍കാം. ആ പേരിന് ട്രേഡ് മാര്‍ക്ക് ലഭിക്കും എന്നുറപ്പാക്കിയ ശേഷം അന്തിമ തീരുമാനം എടുക്കാന്‍ ശ്രദ്ധിക്കണം.വ്യത്യസ്തമായ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നുവെങ്കില്‍ ബ്രാന്‍ഡുകള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ പരിഗണിക്കുന്നതാണ് നല്ലത്.

പുറമെ നിന്നും ധാരാളം നിക്ഷേപം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവിടെ സംരംഭത്തിന്റെ പേരിനെ ആളുകള്‍ അറിയുന്ന വിധത്തില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.അത് ലളിതമാക്കാന്‍ സംരംഭത്തിന്റെ പേര് എന്താണോ അതുതന്നെ ബ്രാന്‍ഡിന്റെ പേര് ആകുന്നതാണ് ഉചിതം.രണ്ടും വ്യത്യാസപ്പെടുത്തുന്നതില്‍ പ്രശ്‌നമില്ല.എങ്കിലും ആയാസരഹിതമായി കമ്പനിയുടെ പേരിനെ ജനങ്ങളിലേക്ക് എത്തിക്കാന്‍ രണ്ടും ഒന്നാക്കുന്നത് സഹായകരമാകും.

പൊതുമേഖല സേവനമേഖലയിലുള്ള സംരംഭങ്ങളിലാണ് ബ്രാന്‍ഡിന്റെ പേരും കമ്പനിയുടെ പേരും ഒന്നായി കാണുന്നത്. കാരണം ഉത്പാദന മേഖലയെ അപേക്ഷിച്ച് സേവന മേഖലയില്‍ ഒന്നിലധികം വിഭാഗങ്ങളുണ്ടാകാറില്ല. എല്ലാ സേവനങ്ങള്‍ക്കും ഒരേ പേര് നല്‍കുന്നത് ബ്രാന്‍ഡിങ്ങിനെ ബാധിക്കുന്നതായി കണ്ടിട്ടില്ല.

ചില സംരംഭകര്‍ക്ക് സംരഭത്തിന്റെ പേരില്‍ തന്നെ അറിയപ്പെടാനായിരിക്കും ആഗ്രഹം ആ പേര് തന്നെ ബ്രാന്‍ഡ് ചെയ്യത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ധാരാളം മേഖലയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകനാണ് എങ്കില്‍ തീര്‍ച്ചയായും നിയമപരമായ കാര്യങ്ങള്‍ക്ക്ഒരു പേരും ഓരോ മേഖലയ്ക്കും വ്യത്യസ്ത ബ്രാന്‍ഡ് നെയിമും സ്വീകരിക്കുന്നതാവും ഉചിതം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.