Sections

സൂപ്പർ ലീഗ് കേരള: കാലിക്കറ്റ് എഫ്.സി മെഗാ ടീം ലോഞ്ച് സെപ്തംബർ ഒന്നിന്

Saturday, Aug 31, 2024
Reported By Admin
Calicut FC Mega Team Launch: 25-Member Squad for Super League Kerala 2024-25

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിലെ കോഴിക്കോടിൻറെ ഫുട്ബോൾ ടീമായ കാലിക്കറ്റ് എഫ്സിയുടെ 25 അംഗ ടീമിൻറ പ്രഖ്യാപിക്കുന്ന മെഗാ ടീം ലോഞ്ച് സെപ്തംബർ ഒന്നിന് കോഴിക്കോട് നടക്കും. ആറ് വിദേശ താരങ്ങൾ, ഒമ്പത് ദേശീയ താരങ്ങൾ എന്നിവർക്കൊപ്പം കേരളത്തിൽ നിന്നുള്ള കളിക്കാരും കാലിക്കറ്റ് എഫ്സി ടീമിലുണ്ടാകും. രാജ്യാന്തര തലത്തിൽ പ്രശസ്തനായ ഇയാൻ ഗിലിയനാണ് കാലിക്കറ്റ് എഫ്സിയുടെ മുഖ്യ പരിശീലകൻ. ബിബി തോമസ് മുട്ടത്താണ് അസി. കോച്ച്. 2024-25 ലേക്കുള്ള സന്തോഷ്ട്രോഫി മത്സരങ്ങൾക്കുള്ള കേരള ടീമിൻറെ പരിശീലകനായി ബിബി തോമസിനെ കേരള ഫുട്ബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി തെരഞ്ഞെടുത്തിരുന്നു.

ആഗസ്റ്റ് പത്തിന് കാലിക്കറ്റ് എഫ്സി ജേഴ്സികൾ പ്രകാശനം ചെയ്തു. ഹോം മത്സരങ്ങൾക്ക് ടീൽ, നീല, എവേ മത്സരങ്ങൾക്ക് മഞ്ഞ, പരിശീലനത്തിന് പിങ്ക്, ലാവെൻഡർ എന്നിങ്ങനെയാണ് ജേഴ്സിയുടെ നിറങ്ങൾ. കോച്ച് ഇയാൻ ഗിലിയൻ, അസി. കോച്ച് ബിബി തോമസ് മുട്ടത്ത്, ടീം ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പൻ, അഞ്ച് ടീമംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വൻ ആരാധകവൃന്ദത്തിനു മുന്നിലാണ് ജേഴ്സികൾ അവതരിപ്പിച്ചത്. ആഗസ്റ്റ് ആദ്യവാരം മുതൽ മുക്കത്തെ എംഎഎംഒ സ്റ്റേഡിയത്തിൽ ടീമിൻറെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
ടീമംഗങ്ങളുടെ പ്രഖ്യാപനവും പരിചയപ്പെടുത്തലും സെപ്തംബർ ഒന്നിന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കും. സംഗീതബാൻഡുകൾ, പ്രദർശനമത്സരം, ആഘോഷപരിപാടികൾ എന്നിവ കൊണ്ട് സമ്പന്നമാകുന്ന നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന ചടങ്ങാണ് സംഘടിപ്പിച്ചിട്ടുള്ളത്.

എല്ലാ ഫുട്ബോൾ ആരാധകരെയും കോഴിക്കോട് ബീച്ചിലെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ടീം ഫ്രാഞ്ചൈസി ഉടമ വി കെ മാത്യൂസ് പറഞ്ഞു. മികച്ച ടീമും സപ്പോർട്ട് സ്റ്റാഫുമാണ് കാലിക്കറ്റ് എഫ്സിയ്ക്കുള്ളത്. കേരളത്തിലെ ഫുട്ബോൾ പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും മത്സരപരിചയവും നൽകി പ്രൊഫഷണൽ കളിക്കാരായി വളർത്തിക്കൊണ്ടു വരാനാണ് കാലിക്കറ്റ് എഫ്സി ലക്ഷ്യമിടുന്നത്. ഫുട്ബോളിന് പറ്റിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ യുവജനതയെ പ്രചോദിപ്പിക്കാനും അതിലൂടെ കായികരംഗത്ത് സംസ്ഥാനത്തിന് ശോഭനമായ ഭാവിയുണ്ടാക്കാനും സാധിക്കും. രാജ്യമെമ്പാടുമുള്ള ഫുട്ബോൾ കളിക്കാർക്കായി കോഴിക്കോട് രാജ്യാന്തരനിലവാരത്തിലുള്ള സൗകര്യങ്ങളടങ്ങിയ സമഗ്ര സംവിധാനം ഏതാനും വർഷങ്ങൾക്കുള്ളിൽ കാലിക്കറ്റ് എഫ്സി ആരംഭിക്കും. ആരാധനാപാത്രങ്ങളായ ഫുട്ബോൾ താരങ്ങളെ തൊട്ടടുത്ത് കാണാനുള്ള അവസരമാണ് ഒന്നാം തിയതിയിലെ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

5000 ജീവനക്കാരുള്ള മുൻനിര ആഗോള ഏവിയേഷൻ സോഫ്റ്റ്വെയർ നിർമ്മാതാക്കളായ ഐബിഎസ് സോഫ്റ്റ്വെയറിൻറെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് വി.കെ മാത്യൂസ്.

സെപ്റ്റംബർ ഏഴിന് കൊച്ചി ജവഹർലാ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് സൂപ്പർ ലീഗ് കേരള ടൂർണമെൻറ് ആരംഭിക്കുക. കൊച്ചി, കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട്. ഏറ്റവുമധികം മത്സരങ്ങൾ ഇവിടെയാണ് നടക്കുന്നത്. നവംബർ അഞ്ചിന് ആദ്യ സെമിഫൈനൽ ഉൾപ്പെടെ ആകെയുള്ള 33 കളികളിൽ 11 എണ്ണം ഇവിടെ നടക്കും. നവംബർ പത്തിന് കൊച്ചിയിലാണ് ഫൈനൽ. തത്സമയ കാണികളായ ഫുട്ബോൾ ആരാധകർക്കും ടിവി പ്രേക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാക്കുന്നതിനായി വൈകീട്ട് ഏഴരയ്ക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ടൂർണമെൻറ് ചാമ്പ്യൻമാർക്ക് ഒന്നരക്കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.