Sections

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ടീം പ്രഖ്യാപിച്ചു. ജിജോ ജോസ് ക്യാപ്റ്റൻ

Monday, Sep 02, 2024
Reported By Admin
Calicut FC team announced for Super League Kerala at a vibrant event in Kozhikode

കോഴിക്കോട്: സൂപ്പർ ലീഗ് കേരള (എസ്എൽകെ)ഫു്ടബോൾ ടൂർണമെന്റിനുള്ള കാലിക്കറ്റ് എഫ് സി ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന വർണാഭമായ ചടങ്ങിലാണ് 26 അംഗ ടീമിനെ പരിചയപ്പെടുത്തിയത്. മിഡ് ഫീൽഡർ ജിജോ ജോസഫ് ആണ് ക്യാപ്റ്റൻ. അഞ്ച് വിദേശ താരങ്ങൾക്കപ പുറമേ മണിപ്പൂർ, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ താരങ്ങളും കേരളത്തിൽ നിന്നുള്ള കളിക്കാരും കാലിക്കറ്റ് എഫ്സി ടീമിലുണ്ട്.

രണ്ട് മാസം നീണ്ടുനിൽക്കുന്ന ലീഗ് സെപ്റ്റംബർ ഏഴിന് ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക. ഒന്നര കോടി രൂപയാണ് സമ്മാനത്തുക. ആഗോള സോഫ്റ്റ് വെയർ വ്യവസായത്തിലെ പ്രമുഖ കന്പനിയായ ഐബിഎസ് ഗ്രൂപ്പാണ് കാലിക്കറ്റ് എഫ്സിയുടെ പ്രൊമോട്ടർ. ഐബിഎസ് ഗ്രൂപ്പ് ചെയർമാൻ വി കെ മാത്യൂസ് ആണ് ടീം ഉടമ. ഒരു വ്യക്തിയുടെ മാത്രം ഉടമസ്ഥതയിലുള്ള ഏക എസ് എൽ കെ ടീമാണ് കാലിക്കറ്റ് എഫ് സി.

മുൻ ഓസ്ട്രേലിയൻ ദേശീയ ടീം പരിശീലകൻ കൂടിയായ ഇയാൻ ആൻഡ്രൂ ഗില്ലൻ ആണ് കാലിക്കറ്റ് എഫ്സിയുടെ പരിശീലകൻ. ബിബി തോമസ് മുട്ടത്ത് ആണ് സഹ പരിശീലകൻ. പ്രശസ്ത കമന്റേറ്റർ ഷൈജു ദാമോദർ ആണ് കളിക്കാരെ സദസ്സിന് മുന്നിൽ പരിചയപ്പെടുത്തിയത്.

വിദേശ കളിക്കാർക്കൊപ്പം പ്രാദേശിക കളിക്കാർക്ക് കളിക്കാനുള്ള അവസരം നൽകി കേരളത്തിലെ ഫുട്ബോൾ ആവാസവ്യവസ്ഥയെ വികസിപ്പിക്കാനാണ് കാലിക്കറ്റ് എഫ് സി ലക്ഷ്യമിടുന്നതെന്ന് വി കെ മാത്യൂസ് പറഞ്ഞു. മികച്ച പ്രോത്സാഹനം നൽകുന്നതിലൂടെ യുവാക്കളെ കായികാധിഷ്ഠിത ഭാവിയിലേക്ക് പ്രോത്സാഹിപ്പിക്കാനും പദ്ധതിയിടുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ, രാജ്യത്തുടനീളമുള്ള ഫുട്ബോൾ കളിക്കാർക്കായി കോഴിക്കോട്ട് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും പരിശീലന സൗകര്യവും സ്ഥാപിക്കും. ഒരു മികച്ച ടീമിനെയും സപ്പോർട്ട് സ്റ്റാഫിനെയും ഒരുമിച്ച് കൊണ്ടുവരാൻ കാലിക്കറ്റ് എഫ് സിക്കായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പാർലമെന്റ് അംഗങ്ങളായ അബ്ദുൾ വഹാബ്, ഷാഫി പറമ്പിൽ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, കേരള ഫുട്ബോൾ അസോസിയേഷൻ മേധാവി നവാസ് മീരാൻ, കാലിക്കറ്റ് എഫ്സി സിഇഒ കോരത്ത് വി മാത്യൂസ് എന്നിവർ സംസാരിച്ചു.

പ്രദർശന മത്സരങ്ങൾ, സംഗീത ബാൻഡുകൾ, കോണ്ടസ്റ്റുകൾ, ഫാൻ ക്ലബ്ബ് പ്രകടനങ്ങൾ എന്നിവയോടെയാണ് ടീമംഗങ്ങളെ പരിചപ്പെടുത്തുന്ന ആഘോഷ പരിപാടികൾ നടന്നത്. പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ തിരുമാലി, ഹിപ്-ഹോപ്പ് ബാൻഡ് തഡ് വൈസർ, ഡിജെ സമുറായ്സ് എന്നിവരുടെ ലൈവ് സ്റ്റേജ് ഷോകളും ഉണ്ടായിരുന്നു.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട്. ഇവിടെ അഞ്ച് ഹോം മത്സരങ്ങൾ കളിക്കും. എവേ മത്സരങ്ങൾ മറ്റ് ടീമുകളുടെ നഗരങ്ങളിൽ നടക്കും. ലീഗ് ഘട്ടത്തിൽ സെപ്റ്റംബർ 10 മുതൽ പത്ത് മത്സരങ്ങൾ കാലിക്കറ്റ് എഫ്സി കളിക്കും. 30 ലീഗ് മത്സരങ്ങളിൽ ആദ്യ നാല് സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് യോഗ്യത നേടും.

കൊച്ചി, കോഴിക്കോട്, മഞ്ചേരി (മലപ്പുറം), തിരുവനന്തപുരം എന്നീ നാല് സ്ഥലങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്.

ഏറ്റവുമധികം മത്സരങ്ങൾ നടക്കുക. കോഴിക്കോട്ടെ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ്. നവംബർ അഞ്ചിന് നടക്കുന്ന ആദ്യ സെമി ഫൈനൽ ഉൾപ്പെടെ ആകെയുള്ള 33 മത്സരങ്ങളിൽ 11 എണ്ണത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കും. നവംബർ 10ന് കൊച്ചിയിലാണ് ഫൈനൽ. രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും നടക്കുക. സ്റ്റാർ പ്ലസിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

ആഗസ്റ്റ് ആദ്യവാരം മുതൽ കാലിക്കറ്റ് എഫ് സി മുക്കത്തെ എംഎഎംഒ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിവരുന്നു. കഴിഞ്ഞ മാസം ടീമിന്റെ മൂന്ന് തരത്തിലുള്ള ജഴ്സികൾ പുറത്തിറക്കിയിരുന്നു. ടീൽ-ബ്ലൂ (ഹോം), മഞ്ഞ (എവേ മത്സരങ്ങൾ), പിങ്ക്-ലാവെൻഡർ (പരിശീലനത്തിനായി) എന്നിവയാണ് ജഴ്സികൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.