Sections

കോഴിക്കോട് ജില്ല സീനിയർ ഫുട്ബോൾ ടീമിനെ കാലിക്കറ്റ് എഫ് സി സ്പോൺസർ ചെയ്യും

Sunday, Nov 10, 2024
Reported By Admin
Calicut FC sponsors Kozhikode school football team for Kerala sports meet

കോഴിക്കോട്: സ്കൂൾ കായികമേളയിൽ കോഴിക്കോട് ജില്ലയുടെ സീനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടീമിനെ സൂപ്പർ ലീഗ് കേരളയുടെ ഫൈനലിസ്റ്റും പോയിൻറ് പട്ടികയിലെ മുൻനിരക്കാരുമായ കാലിക്കറ്റ് എഫ്സി സ്പോൺസർ ചെയ്യും. കാലിക്കറ്റ് എഫ്സിയുടെ ലോഗോയുളള ജേഴ്സിയണിഞ്ഞാകും കോഴിക്കോടിൻറെ ഭാവി ഫുട്ബോൾ വാഗ്ദാനങ്ങൾ മൈതാനത്തിറങ്ങുന്നത്.

കേരളത്തിലെ ഫുട്ബോളിനെ അന്താരാഷ്ട്രനിലവാരത്തിൽ പ്രൊഫഷണലാക്കുകയെന്ന വലിയ ലക്ഷ്യം കൂടി കാലിക്കറ്റ് എഫ്സിയ്ക്കുണ്ടെന്ന് ടീം ഉടമയും ഐബിഎസ് സോഫ്റ്റ് വെയറിൻറെ സ്ഥാപകനുമായ വി കെ മാത്യൂസ് പറഞ്ഞു. മികച്ച പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് വേണ്ട പ്രോത്സാഹനങ്ങളും ആധുനിക പരിശീലന സൗകര്യങ്ങളും നൽകി സ്പോർട്സ് അധിഷ്ഠിതമായ ഭാവിയിലേക്ക് വളർത്തിക്കൊണ്ടു വരാനാണ് ശ്രമം. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിൻറെ ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിനെ പിന്തുണയ്ക്കുന്നത് ഇതിൻറെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

Calicut FC sponsors Calicut Sr Boys at the Kerala School Sports & Games

പ്രതിഭകളായ കുട്ടികളെ പ്രൊഫഷണൽ ഫുട്ബോളർമാർ ആക്കാനുള്ള പരിശ്രമത്തിൽ ഇത്തരം പിന്തുണ വളരെ നിർണായകമാണെന്ന് സന്തോഷ്ട്രോഫി കേരള ടീമിൻറെ കോച്ചും കാലിക്കറ്റ് എഫ്സിയുടെ അസിസ്റ്റൻറ് കോച്ചുമായ ബിബി തോമസ് മുട്ടത്ത് പറഞ്ഞു. കോഴിക്കോട് ടീമിലെ കുട്ടികളുടെ കളി നിരീക്ഷിച്ചുകൊണ്ട് ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് എഫ്സി ടീമിൻറെ പ്രതിനിധികൾ മത്സരം സസൂക്ഷ്മം നിരീക്ഷിക്കും. മികച്ച പ്രകടനം നടത്തുന്നവരെ ടീമിനൊപ്പം പരിശീലനത്തിനും അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മലബാറിൻറെ ഫുട്ബോൾ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ കാലിക്കറ്റ് എഫ്സി പ്രതിജ്ഞാബദ്ധമാണ്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ രണ്ട് കോടിയുടെ നവീകരണപ്രവർത്തനങ്ങളാണ് ക്ലബ് നടത്തുന്നത്. ഇറക്കുമതി ചെയ്ത ഫ്ളഡ് ലൈറ്റുകൾ, കളിക്കളത്തിൽ പുതിയ പുല്ല്, കളിക്കാരുടെ ഡ്രസിംഗ് റൂം നവീകരണം, പൊതുവെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയവയാണ് ചെയ്യുന്നത്. കോഴിക്കോട് ഫുട്ബോൾ അക്കാദമി സ്ഥാപിക്കാനും കാലിക്കറ്റ് എഫ് സി തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സൗകര്യങ്ങളോടെയുള്ള ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നിർമ്മിക്കാനായി അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്.

സൂപ്പർ ലീഗ് കേരളയുടെ ഫൈനലിൽ കാലിക്കറ്റ് എഫ് സി ഫോഴ്സ കൊച്ചിയുമായി ഞായറാഴ്ച (10.11.2024) ഏറ്റുമുട്ടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് ഫൈനൽ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.