Sections

വെള്ളം വേണ്ട; കള്ളിച്ചെടി കൃഷി ചെയ്തും പണം ഉണ്ടാക്കാം

Thursday, Feb 17, 2022
Reported By admin

കള്ളിച്ചെടി വളര്‍ത്താനും വിളവെടുത്ത് ഭക്ഷണത്തിനും മരുന്നിനും വരെ ഉപയോഗിക്കാനുമുള്ള സാധ്യതകള്‍

 

 

വെള്ളം ഇല്ലാതെ കുറെക്കാലം ജീവിക്കാന്‍ സാധിക്കുമെന്നുള്ളതാണ് കള്ളിച്ചെടികളുടെ ഏറ്റവും വലിയ പ്രത്യേകത.വെള്ളമില്ലാതെ മരുഭൂമികളില്‍ പോലും സുലഫമായി പുഷ്ടിയോടെ വളരുന്ന കള്ളിച്ചെടി കാര്‍ഷിക രീതിയില്‍ കൃഷിചെയ്ത് ആദായം നേടുന്നവരുണ്ട്.എങ്ങനെയെന്നല്ലെ ?

കള്ളിച്ചെടി വന്‍തോതില്‍ വളര്‍ത്താനും വിളവെടുത്ത് ഭക്ഷണത്തിനും മരുന്നിനും വരെ ഉപയോഗിക്കാനുമുള്ള സാധ്യതകള്‍ പലരും പ്രയോനപ്പെടുത്തുന്നുണ്ട്.ചെറുകിട കര്‍ഷകര്‍ക്ക് മികച്ച ആദായം നേടാന്‍ സാധിക്കുന്ന ഒരു ബിസിനസ് തന്നെയാണ് കള്ളിച്ചെടി കൃഷി.

വളരെ ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്നവയും, ഒരു പന്തിനോളം മാത്രം വലിപ്പവും രൂപവും ഉള്ളവയും, ഉള്‍പ്പെടെ നൂറുകണക്കിനു വകഭേങ്ങളില്‍ കള്ളിച്ചെടി കാണാം. ഭക്ഷണമാക്കാവുന്ന തരത്തിലുള്ള കള്ളിച്ചെടികളെ ഒപന്‍ഷ്യ അല്ലെങ്കില്‍ പ്രിക്കിള്‍ പിയര്‍ എന്നാണ് പറയുന്നത്. സീറോഫൈറ്റുകളുടെ ഗണത്തില്‍പ്പെട്ട കള്ളിച്ചെടി വെള്ളമില്ലാത്ത സാഹചര്യങ്ങളിലും അതിജീവിക്കും. ഏകദേശം 5 മുതല്‍ 7 വരെ മീറ്റര്‍ ഉയരത്തില്‍ വളരും. ഭക്ഷണയോഗ്യമായ കള്ളിച്ചെടിയുടെ ഭാഗങ്ങളായി വരുന്നത് രൂപാന്തരം വന്ന ഇലകളോ പൂക്കളോ ആയിരിക്കും. ഇവയുടെ ഇലകളെ ക്രൗണ്‍ എന്നും പറയുന്നു.

മുള്ളില്ലാത്ത ഇനം കള്ളിച്ചെടികളുമുണ്ട്. കന്നുകാലികള്‍ക്ക് ഫോഡറായും മനുഷ്യരുടെ ഭക്ഷണവിഭവമായും കള്ളിച്ചെടി ഉപയോഗിക്കാം. കാക്റ്റസ് ഫിഗ് അല്ലെങ്കില്‍ ഇന്ത്യന്‍ ഫിഗ് എന്നാണ് കായകള്‍ അറിയപ്പെടുന്നത്. സ്പാനിഷ് ഭാഷയില്‍ ടൂണ എന്നാണ് ഭക്ഷ്യയോഗ്യമായ കള്ളിച്ചെടി അറിയപ്പെടുന്നത്.

മെക്സിക്കോയില്‍ കള്ളിച്ചെടി ഉപയോഗിച്ച് സൂപ്പുകളും സലാഡുകളും ബ്രഡും കാന്‍ഡിയും ജെല്ലിയും പാനീയങ്ങളും ഉണ്ടാക്കുന്നുണ്ട്. വരള്‍ച്ചയുള്ള സ്ഥലങ്ങളില്‍ കന്നുകാലികള്‍ക്ക് ആഹാരമായി നല്‍കാന്‍ ഉപയോഗിക്കാറുണ്ട്. കുതിര, എരുമ, ചെമ്മരിയാട് എന്നിവയ്ക്കുള്ള പോഷകാഹാരമാണ് കള്ളിച്ചെടി.

കള്ളിച്ചെടിയില്‍ പോളിഫിനോള്‍, ഭക്ഷ്യയോഗ്യമായ ധാതുക്കള്‍ എന്നിവയുണ്ട്. ഗാലിക് ആസിഡ്, വാനിലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. കള്ളിച്ചെടിയുടെ പള്‍പ്പില്‍ നിന്നും ഉണ്ടാക്കുന്ന ജ്യൂസ് മുറിവുകള്‍ ഉണങ്ങാനും മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നല്‍കാനുള്ള ഔഷധമായും ഉപയോഗിക്കുന്നു.

ദഹനം സുഗമമാക്കാനും ഭാരം കുറയ്ക്കാനും കഴിയുന്ന ഘടകങ്ങള്‍ കള്ളിച്ചെടിയിലുണ്ട്. ആരോഗ്യമുള്ള ചര്‍മം നിലനിര്‍ത്താനും പ്രമേഹം നിയന്ത്രിക്കാനുമുള്ള ഔഷധം കൂടിയാണിതെന്നും പറയുന്നു.

നിരവധി ചെറുകിട സംരംഭകര്‍ കള്ളിച്ചെടി വളര്‍ത്തുന്നുണ്ട്. കള്ളിച്ചെടിയുടെ ഒരു ശാഖ അല്ലെങ്കില്‍ ഇല ആണ് നട്ടുവളര്‍ത്താനായി ഉപയോഗിക്കുന്നത്. നിലം കിളച്ചൊരുക്കാനായി പണം ചെലവാക്കേണ്ട കാര്യമില്ല. വളരെ കുറഞ്ഞ പരിചരണവും വെള്ളവും മാത്രമേ വളരാന്‍ ആവശ്യമുള്ളു. ടിഷ്യു കള്‍ച്ചര്‍ ഉപയോഗിച്ച് ചില ഇനം കള്ളിച്ചെടികള്‍ വളര്‍ത്തുന്നുണ്ട്.

വെള്ളം ആവശ്യമില്ലെങ്കിലും കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാനായി തുള്ളിയായി നനയ്ക്കുന്നത് നല്ലതാണ്. രാസകീടനാശിനികളുടെ ആവശ്യമേയില്ല. കീടാക്രമണം ഒട്ടും ഇല്ലെന്ന് തന്നെ പറയാം.

വിളവെടുത്ത ഇലകള്‍ അപ്പോള്‍ത്തന്നെ പാക്ക് ചെയ്താല്‍ ആയുര്‍ദൈര്‍ഘ്യം കൂടും. പ്ലാസ്റ്റിക് കണ്ടെയ്നറുകളില്‍ പാക്ക് ചെയ്യുകയോ പോളിത്തീന്‍ ഉപയോഗിച്ച് പൊതിയുകയോ ചെയ്യാം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.