Sections

ആശയവും പണവും പ്ലാനിങും മതിയോ; ഇതില്ലാതെ എന്ത് ബിസിനസാണ് ?

Sunday, Dec 19, 2021
Reported By admin
business

നാട്ടില്‍ ലൈസന്‍സ് ഇല്ലാതെ ഒരു സംരംഭം നടത്തിക്കൊണ്ട് പോകാന്‍ ഏതെങ്കിലും വിധ ബുദ്ധിമുട്ടുകളുണ്ടാകുമോ ?

 

മികച്ച ആശയം കൈയ്യിലുള്ള ധൈര്യത്തില്‍ വിശദമായ മാര്‍ക്കറ്റ് സ്റ്റഡിയും പ്രൊജക്ട് പ്ലാനും ഒക്കെയായി നിങ്ങള്‍ സ്വപ്‌ന സംരംഭത്തിലേക്ക് കടക്കുകയാണ്.ഈ പറഞ്ഞ കാര്യങ്ങളൊക്കെ റെഡിയാണെങ്കിലും സാമ്പത്തിക ഭദ്രതയുണ്ടെങ്കിലും നിങ്ങള്‍ പലപ്പോഴും വിട്ടുപോകാന്‍ ഇടയുള്ള എന്നാല്‍ അത്യധികം അിവാര്യമായ ഒരു വിഷയത്തെ കുറിച്ചാണ് ഈ ലേഖനം.എന്തൊക്കെ ലൈസന്‍സുകളാണ് നിങ്ങള്‍ക്ക് ആവശ്യം വരുന്നത് എന്ന് കൂടി ബിസിനസ് തുടങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ടെ.

ജീവനക്കാരുടെ എണ്ണം,സെക്ടര്‍,ഏത് തരം ബിസിനസ്,ബിസിനസ് ചെയ്യുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു സംരംഭത്തിന്റെ ലൈസന്‍സ് നിര്‍ണയിക്കുന്നത്.ബിസിനസ് സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നത് തന്നെയാണ് ആദ്യം സംരംഭകര്‍ക്ക് മുന്നിലുള്ള പ്രധാന കടമ്പ.

ഇന്ത്യയിലെ മിക്ക ബിസിനസുകളും ആരംഭിക്കുന്നത് പാര്‍ട്ട്ണര്‍ഷിപ്പില്ലോ,പ്രൊപ്രൈറ്റര്‍ഷിപ്പിലോ ഒക്കെയാണ്.കേന്ദ്രസര്‍ക്കാരിന്റെ രജിസ്ട്രേഷനൊന്നും ഇത്തരം സംരംഭങ്ങള്‍ക്ക് ബാധകമാകുന്നുമില്ല.എന്നാല്‍ ലക്ഷങ്ങളുടെ വാര്‍ഷിക വിറ്റുവരുള്ള ബിസിനസിനായുള്ള പദ്ധതിയാണ് മനസിലെങ്കില്‍ ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പോ,പ്രൈവറ്റ്ലിമിറ്റഡ് കമ്പനിയായോ രജിസ്ട്രേഷന്‍ നടത്തുന്നതാണ് നല്ലത്.ഇത്തരത്തില്‍ രജിസ്ട്രേഷന്‍ നടത്തുന്നതിലൂടെ സ്ഥാപനത്തിന് പ്രത്യേക ഐഡന്റിറ്റി ലഭിക്കുന്നു ഒപ്പം സംരംഭകര്‍ക്ക് ബാധ്യതകളില്‍ നിന്ന് ഭാഗീകമായ പരിരക്ഷയെങ്കിലും ലഭിക്കും.

മുകളില്‍ പറഞ്ഞ കമ്പനി രജിസ്ട്രേഷന്‍ ബാധ്യതകളൊന്നും നമ്മുടെ നാട്ടിലെ ചെറുകിട സംരംഭങ്ങളെ ബാധിക്കുന്നില്ല.എന്നാല്‍ ചില ലൈസന്‍സുകളും രജിസ്ട്രഷനും ഒക്കെ നിയമാനുസൃതമായി തന്നെ പൂര്‍ത്തിയാക്കുന്നത് ഭാവിയിലെങ്കിലും ഉണ്ടായേക്കാവുന്ന വലിയ പിഴകളില്‍ നിന്ന് സംരക്ഷിക്കും.

ഒരു ചെറുകിട വ്യവസായം തുടങ്ങാന്‍ എന്തൊക്കെ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളും വേണ്ടിവരും എന്നത് നിങ്ങളുടെ സംരംഭത്തില്‍ നിന്ന് ഉണ്ടാകുന്ന പ്രൊഡക്ടുകള്‍ അനുസരിച്ചാണ് തീരുമാനിക്കുന്നത്.പക്ഷെ സംരംഭത്തിനായുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴേ ഏതൊക്കെ ലൈസന്‍സുകള്‍ ആവശ്യമാണെന്നും അതിനു വേണ്ട നടപടികള്‍ എന്തൊക്കെയാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം.


നിങ്ങള്‍ കേട്ടിട്ടുള്ളതും അല്ലാത്തതുമമായി ഒരുപാട് തരം ലൈസന്‍സുകള്‍ ഉണ്ട് പ്രധാനമായും ചെറുകിട സംരംഭകര്‍ ആദ്യം എടുക്കേണ്ടത് ലോക്കല്‍ ബോഡികള്‍ ഇഷ്യു ചെയ്യുന്ന ലൈസന്‍സ് ആണ്.ഇത് ഡി ആന്റ് ഒ അല്ലെങ്കില്‍ ഡെയ്ഞ്ചറസ് ആന്റ് ഒഫന്‍സീവ് ലൈസന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നു.

പഞ്ചായത്തോ,മുന്‍സിപ്പാലിറ്റിയോ,കോര്‍പ്പറേഷനോ അനുവദിച്ചു നല്‍കുന്ന ലൈസന്‍സ് ആണിത്.സംരംഭം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധിയിലാണ് ഡി ആന്റ് ഒ ലൈസന്‍സ്.

ഈ ലൈസന്‍സ് ഇഷ്യു ചെയ്യുന്നതിനു മുന്‍പ് തന്നെ സംരംഭം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കെട്ടിടത്തിനുള്ള പെര്‍മിറ്റാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്നത്.500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടം നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന് ഠൗണ്‍ പ്ലാനറുടെ  അനുമതി കൂടി ആവശ്യമായി വന്നേക്കാം.


ഇതിനു ശേഷം തദ്ദേശ സ്ഥാപനത്തില്‍ നിന്ന് സംരംഭം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ റണ്ണിംഗ് പെര്‍മിറ്റാണ് ലഭിക്കുന്നത്.സംരംഭം പ്രവര്‍ത്തിച്ചു തുടങ്ങിയതിനു ശേഷം മാത്രമെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരമുള്ളു.അതുകൊണ്ട് തന്നെ റണ്ണിംഗ് പെര്‍മിറ്റാകും ആദ്യം ലഭിക്കുക.

പോരാത്തതിന് പ്രൊഡക്ഷന് ആവശ്യമായ വൈദ്യുതിക്ക് പ്രത്യേക അനുമതി ആവശ്യമായി വന്നേക്കാം.അന്തരീക്ഷ സൗഹാര്‍ദ്ദമായ സംരംഭം ആണെന്ന് തെളിയിക്കാന്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ലൈസന്‍സ് എടുക്കേണ്ടി വരും.ചെറുകിട സംരംഭം ആണെങ്കില്‍ കൂടി ഫാക്ടറീസ് ആന്റ് ബോയിലേഴ്സില്‍ നിന്നുള്ള ലൈസന്‍സും ആവശ്യമായി വന്നേക്കാം.

ഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തുന്ന സംരംഭകര്‍ പായ്ക്കര്‍ ലൈസന്‍സ് എടുത്തിരിക്കണം.ജീവനക്കാര്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പിഎഫ്-ഇഎസ്ഐ തുടങ്ങിയ കാര്യങ്ങള്‍ നിയമാനുസൃതമായി തന്നെ പിന്തുടരണം. 

സ്ഥാപനത്തിന്റെ ജോലി സമയംസ,ജീവനക്കാരുടെ ആരോഗ്യം,ബാല വേല,വേതനം നല്‍കല്‍,സുരക്ഷ എന്നിവ പോലുള്ള കാര്യങ്ങളില്‍ നിയന്ത്രണത്തിനായി ഭരണകൂടെ അവതരിപ്പിച്ചിരിക്കുന്ന ലൈസന്‍സ് ആണ് ഷോപ്പ് ആന്റ് എസ്റ്റബ്ലിഷ്മെന്റ് ലൈസന്‍സ്.സംരംഭം പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകളാണ് ഈ ലൈസന്‍സ് നല്‍കുന്നത്.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വാര്‍ഷി വിറ്റുവരുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 20 ലക്ഷം രൂപയിലധികം വിറ്റുവരവിന് മുകളിലുള്ള എല്ലാ സംരംഭങ്ങളും ജിഎസ്ടി രജിസ്ട്രേഷന്‍ നേടേണ്ടതുണ്ട്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും സിക്കിമിനും ഈ പരിധി 10 ലക്ഷം ആക്കി കുറച്ചിട്ടുണ്ട്.ചുരുക്കി പറഞ്ഞാല്‍ നിങ്ങളൊരു സംരംഭം തുടങ്ങി 30 ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ നേടുന്നത് ചില അവസരങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ്.

അതുപോലെ തന്നെ വായ്പ ആവശ്യങ്ങള്‍ക്കായി ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കുമ്പോള്‍ ആവശ്യമായി വരുന്ന രജിസ്ട്രേഷന്‍ ആണ് ഉദ്യോഗ് ആധാര്‍.സംരംഭങ്ങള്‍ ആരംഭിച്ച ശേഷം ഉദ്യോഗ് ആധാര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.ഈ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായി ചെയ്യണമെന്ന് ചട്ടം ഒന്നുമില്ല.

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റ് ഒക്കെ ആണെങ്കില്‍ ഐഎസ്ഐ സര്‍ട്ടിഫിക്കേഷനും ശീതള പാനീയ യൂണിറ്റ് പോലുള്ള സംരംഭങ്ങള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷനും ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് എഫ്എസ്എസ്എഐ ലൈസന്‍സോ രജിസ്ട്രേഷനോ അനിവാര്യമാണ്.

കുറച്ച് വലിയ രീതിയിലുള്ള സംരംഭമാണ് നിങ്ങളുടേത് അതയാത് വിതരണവും വ്യാപാരവും രാജ്യത്തിനു പുറത്തേക്കുമുണ്ടെങ്കില്‍ മറ്റൊരു അനുമതി ആവശ്യമാണ്. എന്താണെന്നല്ലെ ? നിങ്ങളുടെ സ്ഥാപനം മറ്റ് രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അഥവ ഡിജിഎഫ്റ്റി വകുപ്പില്‍ നിന്ന് ഇറക്കുമതി-കയറ്റുമതി കോഡ് നേടണം.ഇതിനായി ബിസിനസ് പാനും കറന്റ് ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാണ്.

ഇനി നമുക്ക് നാട്ടില്‍ ലൈസന്‍സ് ഇല്ലാതെ ഒരു സംരംഭം നടത്തിക്കൊണ്ട് പോകാന്‍ ഏതെങ്കിലും വിധ ബുദ്ധിമുട്ടുകളുണ്ടാകുമോ എന്ന് കൂടി പരിശോധിക്കാം.

ചെറുകിട സംരംഭകരെ സഹായിക്കാനും പുതിയ സംരംഭങ്ങള്‍ നാട്ടില്‍ വളര്‍ത്താനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ ചില ആനുകൂല്യങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളതുകൊണ്ട് സംരംഭം ആരംഭിച്ച് ലൈസന്‍സുകളും രജിസ്ട്രേഷനും പൂര്‍ത്തിയാക്കാന്‍ വലിയ സാവകാശം അധികൃതര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ഇത് അനുസരിച്ചാണെങ്കില്‍ ലൈസന്‍സ് ഇല്ലാതെ തന്നെ നാട്ടില്‍ സംരംഭം ആരംഭിക്കാം.പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷം വരെ യാതൊരു വിധ ബുദ്ധിമുട്ടുകളും ചെറുകിട സംരംഭകരെ അലട്ടില്ല.മൂന്ന് വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്ന് വര്‍ഷം പിന്നീട്ട് ആറ് മാസത്തിനുള്ളിലെങ്കിലും ആവശ്യമായ ലൈസന്‍സുകള്‍ നേടിയാല്‍ മതി.

സംരംഭം തുടങ്ങാന്‍ തീരുമാനിച്ചാല്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഓണ്‍ലൈന്‍ വഴി ഉദ്യോഗ് ആധാര്‍ എടുക്കണം.ഉദ്യോഗ് ആധാര്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ജില്ല കളക്ടറുടെയും ജില്ല വ്യവസായ കേന്ദ്രത്തിന്റെയും പരിധിയിലുള്ള നോഡല്‍ ഏജന്‍സിക്കു മുന്‍പാകെ സംരംഭകന്‍ അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷ സമര്‍പ്പിച്ച രസീത് നോഡല്‍ ഏജന്‍സിയില്‍ നിന്ന് കൈപ്പറ്റിയാല്‍ ഉടന്‍ ധൈര്യമായി സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. 

സംരംഭം സംബന്ധിച്ചൊരു സാക്ഷ്യപത്രവും അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.ഇതില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണം.വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കും.ഈ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 10 കോടി രൂപവരെ മൂല്യമുള്ള സൂക്ഷമ-ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കും.

ഇനി എന്തെങ്കിലും കാരണത്താല്‍ മുകളില്‍ പറഞ്ഞ നോഡല്‍ എജന്‍സി നിങ്ങളുടെ അപേക്ഷ നിരസിച്ചാല്‍ പേടിക്കേണ്ടതില്ല സംസ്ഥാന ഏകജാലക ക്ലിയറന്‍സ് സംവിധാനത്തിലൂടെ ഒരു മാസത്തിനുള്ളില്‍ തന്നെ നിങ്ങളുടെ ഭാഗത്തുള്ള ന്യായം വിശദമാക്കി സംരംഭത്തിനുള്ള അനുമതി നേടാന്‍ കഴിയും.

കര്‍ഷകര്‍ക്കും ചെറുകിട ഉത്പാദകര്‍ക്കുമാണ് ഈ ആക്ട് കൊണ്ട് പ്രയോജനം ഏറെ ലഭിക്കുന്നത്.കാര്‍ഷിക മേഖലയില്‍ മെഷിനറികള്‍ സ്ഥാപിക്കുന്നത് വരെ ലൈസന്‍സ് കിട്ടാതെ കാത്തിരിക്കുന്ന കര്‍ഷകര്‍ക്കും യുവനജങ്ങള്‍ക്കും വീട്ടമ്മമാര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍ ലൈസന്‍സിനായി കയറി ഇറങ്ങാതെ വളരെ വേഗം സംരംഭം തുടങ്ങാനും സാധിക്കും.

ഇനി നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഒരു സംരംഭം തുടങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ അത് സൂക്ഷമ-ചെറുകിട-ഇടത്തര വ്യവസായസ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതാണെങ്കില്‍ നേരെ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക.കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ വ്യവസായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.ലൈസന്‍സ് എടുക്കുവാനും ഉത്പാദന പരിശീലനങ്ങള്‍ നല്‍കാനും വായ്പ് സംവിധാനം-മാര്‍ക്കറ്റിംഗ് എന്നിവയെ കുറിച്ചുള്ള സഹായങ്ങളും ഈ കേന്ദ്രങ്ങളിലൂടെ പുതിയ സംരംഭകര്‍ക്ക് ലഭിക്കുന്നതാണ്. http://industry.kerala.gov.in/index.php ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതാത് ജില്ലകളിലെ ജില്ലാ വ്യവസായ കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.