- Trending Now:
സംരംഭത്തിലേക്ക് കടക്കാനുള്ള സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയല്ലോ എന്ന് കരുതി സമാധാനിച്ചിരിക്കുമ്പോഴാകും പ്രൊജക്ട് റിപ്പോര്‍ട്ട് എന്ന വലിയ ഘടകത്തെ കുറിച്ച് പല സംരംഭകരും ആദ്യം കേള്‍ക്കുക.
ബിസിനസ് പ്ലാന്‍ വളരെ വിശദമായി തയ്യാറാക്കിയ സ്ഥിതിക്ക് ഇനി എന്തുദ്ദേശത്തിലാണ് ബിസിനസില്‍ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് അഥവ പദ്ധതി രൂപരേഖ എന്ന സംശയം നിങ്ങളിലും ഉണ്ടായില്ലെ ?
ഇന്ന് ബിസിനസ് ഗൈഡ് സീരീസ് ചര്‍ച്ച ചെയ്യുന്നതും ഇതെ സംശയം തന്നെയാണ്.എന്താണ് ?എന്തിനാണ് ഒരു പ്രാജക്ട് റിപ്പോര്‍ട്ട്?
ഏതൊരു സംരംഭത്തിനും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പ്രോജക്ട് റിപ്പോര്‍ട്ട്. 'പ്രോജക്ട് റിപ്പോര്‍ട്ട്' അഥവാ 'പദ്ധതി രൂപരേഖ' എന്നത് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ ഭാവി ആസൂത്രണവും പ്രവര്‍ത്തനങ്ങളും അടങ്ങിയ ഒരു രൂപരേഖയാണ് എന്ന് പറയാം. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതി സാങ്കേതികമായും ധനപരമായും വിജയപ്രദമായിരിക്കുമോ എന്ന കാര്യങ്ങളാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉണ്ടാവുക. നമ്മള്‍ ധനസമാഹരണത്തിനായി സമീപിക്കുന്ന ബാങ്കുകള്‍ അല്ലെങ്കില്‍ സ്വകാര്യ നിക്ഷേപകര്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് നോക്കിയാണ് കാര്യങ്ങള്‍ വിലയിരുത്തുക. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ബിസിനസ് കണ്‍സള്‍ട്ടന്റുമാരും ഒരു മികച്ച പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കുന്നതാണ്. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ എന്തൊക്കെ കാര്യങ്ങള്‍ വേണമെന്ന് നിങ്ങള്‍ക്ക് ഒരു ധാരണയുള്ളത് വളരെ നല്ലതാണ്. ഒരു സൂക്ഷമ-ചെറുകിട സംരഭത്തിനും ബിസിനസിനും വേണ്ട പ്രൊജക്റ്റ് റിപ്പോര്‍ട്ടിന്റെ കാര്യമാണ് ഇവിടെ പറയുന്നത്.
പ്രോജക്ട് റിപ്പോര്‍ട്ടില്‍എന്തെല്ലാം വേണം?
പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിക്കുന്ന ഒരാള്‍ക്ക് ഈ ബിസിനസിന്റെ ആശയം എന്താണ്? ഇത് എവിടെയാണ് തുടങ്ങുന്നത്? എങ്ങനെ തുടങ്ങും? എന്ത് ലാഭം കിട്ടും? സാങ്കേതികവിദ്യ ലഭ്യമാണോ? എന്ത് നിക്ഷേപം വേണ്ടിവരും തുടങ്ങിയ കാര്യങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയണം. അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ ഉറപ്പായും ഉള്‍പ്പെടുത്തുക.
1. സംരംഭകന്റെ ബയോഡേറ്റ
തുടങ്ങുന്ന വ്യക്തിയുടെ പ്രായം, പരിചയം, വിദ്യാഭ്യാസ യോഗ്യതകള്‍, സാമൂഹ്യ പശ്ചാത്തലം, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ചേര്‍ക്കണം. മുന്‍കാല ബിസിനസ് പരിചയം പ്രത്യേകമായി കാണിക്കേണ്ടതുണ്ട്.
2. ഉത്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ സ്വഭാവവും നിര്‍മാണപ്രക്രിയയും
എന്തൊക്കെയാണ് ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് അല്ലെങ്കില്‍ എന്ത് സേവനമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്, അതിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണ്, അതിന്റെ നിര്‍മാണപ്രക്രിയ, ടെക്‌നോളജി എന്നിവ റിപ്പോര്‍ട്ടില്‍ വേണം.
3. സ്ഥലവും അത് തെരഞ്ഞെടുക്കാനുള്ള കാരണവും
സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണ്, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി വിവരിക്കണം.
4. കെട്ടിട വിവരണം
എത്ര സ്ഥലമാണ് ഉള്ളത്, യഥാര്‍ഥത്തില്‍ എത്രയാണ് വേണ്ടത്, കെട്ടിടം എത്ര ചതുരശ്ര മീറ്റര്‍ ആണ് വേണ്ടത്, നിര്‍മിക്കാന്‍ പോകുന്ന കെട്ടിടമാണെങ്കില്‍ കോണ്‍ക്രീറ്റ് കെട്ടിടമായാണോ അതോ ഷീറ്റ് റൂഫ് ചെയ്യുന്നതാണോ, കണ്ടെത്തിയിരിക്കുന്നത് സ്വന്തം നിലയ്ക്കോ വാടകയ്ക്ക് ആണോ, സ്വന്തം നിലയില്‍ ആണെങ്കില്‍ ആയതിന് വരുന്ന ചെലവ് എത്രയാണ് തുടങ്ങിയ കാര്യങ്ങള്‍ വേണം.
5. മെഷിനറികളും ഉപകരണങ്ങളും
ബിസിനസ് തുടങ്ങാന്‍ ആവശ്യമുള്ള മെഷിനറികള്‍, ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള പട്ടികയും വിലയും കാണിക്കണം. വലിയ പ്രോജക്ടാണ് എങ്കില്‍ ഇലക്ട്രിഫിക്കേഷന്‍ പ്രത്യേകമായി കാണിക്കാറുണ്ട്. ഇവ പ്രാദേശികമായി ലഭ്യമാേണാ, അതോ ഇറക്കുമതി ചെയ്യുന്നതാണോ എന്ന വിവരവും അതിന് വരുന്ന ചെലവും കാണിക്കണം.
6. പ്രവര്‍ത്തന മൂലധനം
ഉത്പന്നത്തിന്റെ സ്വഭാവം അനുസരിച്ച് ഒരു നിര്‍മാണഘട്ടം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, അതിന്റെ വില ആദ്യം കാണിക്കണം. ആവശ്യമായ അളവ്, വില, അതിന്റെ അടിസ്ഥാനത്തില്‍ കരുതേണ്ട അസംസ്‌കൃത വസ്തുക്കളുടെയും ഫിനിഷ്ഡ് പ്രോഡക്ടിന്റെയും ചെലവ്, സ്റ്റോക്ക് ഉത്പാദന പ്രക്രിയയിലെ ഉപയോഗം, ഉത്പന്നം എന്നിവയില്‍ ആവശ്യമായി വരുന്ന ആകെ തുക കാണിക്കണം.
7. തൊഴിലാളികളും വേതനവും
പ്രതിമാസം ആവശ്യമായ തൊഴിലാളികള്‍, ഓഫീസ് സ്റ്റാഫ് ഉള്‍പ്പെടെ അതിന് വരുന്ന ചെലവ് കാണിക്കണം. കൂടാതെ, ഇ.എസ്.ഐ., പി.എഫ്. തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കുള്ള ചെലവുകളും ഉള്‍പ്പെടുത്തണം.
8. ഭരണപരമായ ചെലവുകള്‍
യാത്രകള്‍, ടെലിഫോണ്‍, നെറ്റ് സൗകര്യങ്ങള്‍ പ്രിന്റിങ്, സ്റ്റേഷനറി, കണ്‍സള്‍ട്ടന്‍സി ചെലവുകള്‍ എന്നിവ ഈ ഹെഡില്‍ കാണിക്കണം.
9. പദ്ധതിച്ചെലവും കണ്ടെത്തുന്ന മാര്‍ഗവും
കെട്ടിടം (വാടക അല്ലാത്തവ), മെഷിനറികള്‍, ഉപകരണങ്ങള്‍, ഇലക്ട്രിഫിക്കേഷന്‍, ഫര്‍ണിച്ചര്‍ എന്നിവയില്‍ വന്നിട്ടുള്ള ആകെ സ്ഥിരനിക്ഷേപം എത്രയാണ്. പ്രവര്‍ത്തന മൂലധനം (അസംസ്‌കൃത വസ്തു സ്റ്റോക്ക്, പ്രോഡക്ട് സ്റ്റോക്ക്, വേതനം, ഭരണപരമായ ചെലവുകള്‍) ആകെ എത്രയാണ്. ഇവ രണ്ടും ചേര്‍ന്നതാണ് പദ്ധതിച്ചെലവ്.
പദ്ധതിച്ചെലവിന് തുല്യമായ ഫണ്ടിന്റെ ഉറവിടവും കാണിക്കണം. സമയവായ്പ, പ്രവര്‍ത്തന മൂലധന വായ്പ, സംരംഭകന്റെ വിഹിതം എന്നിവ ചേര്‍ന്നതാണ് സാധാരണ രീതിയില്‍ ഫണ്ടിന്റെ ഉറവിടമായി കാണിക്കുന്നത്. എന്നാല്‍, മുന്‍കൂര്‍ ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ ആയതും കാണിക്കാവുന്നതാണ്. സാധാരണ പദ്ധതികള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 80 ശതമാനവും പ്രവര്‍ത്തന മൂലധനത്തിന്റെ 60 ശതമാനവും വായ്പയായി ലഭിക്കുന്നതാണ്.
10. പ്രോഫിറ്റ് & ലോസ് അക്കൗണ്ട് / ലാഭനഷ്ടക്കണക്ക്
മുകളില്‍ പറഞ്ഞിരിക്കുന്ന വസ്തുക്കളുടെ അടിസ്ഥാനത്തില്‍, ലാഭനഷ്ടക്കണക്ക് തയ്യാറാക്കണം. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ടുകള്‍ക്ക് മാത്രമേ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ അനുവദിക്കുകയുള്ളു. സൂക്ഷ്മ-ചെറുകിട പ്രോജക്ടുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ലാഭ-നഷ്ടക്കണക്കാണ് മിനിമം വേണ്ടത്. പലിശ, തേയ്മാനം എന്നിവ കണക്കാക്കി, തനി ലാഭം എത്രയാണെന്നു കൂടി പറയണം. ഇത്രയും ആയാല്‍ ഒരു സൂക്ഷ്മ-ചെറുകിട സംരംഭത്തിന് വേണ്ട മിനിമം പ്രോജക്ട് റിപ്പോര്‍ട്ട് ആയി.
ആമുഖത്തോടെ തുടങ്ങി ഉപസംഹാരത്തോടെ വേണം പ്രോജക്ട് റിപ്പോര്‍ട്ട് അവസാനിപ്പിക്കാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.