Sections

നിയമവശങ്ങള്‍ അറിഞ്ഞു സംരംഭം തുടങ്ങാം : ബിസിനസ് ഗൈഡ് സീരീസ്

Friday, Oct 01, 2021
Reported By Ambu Senan & Jeena S Jayan
business guide series

എന്ത് കൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത്?

 

100 ശതമാനം ലാഭകരമായി മാറുന്ന ഒരു ബിസിനസ് ആശയവുമായി സംരംഭം ആരംഭിക്കാന്‍ രംഗത്തിറങ്ങിയിട്ട് പോലും വലിയ അബദ്ധങ്ങളില്‍ പോയി ചാടുന്ന നവസംരംഭകരുടെ കഥകള്‍ നമ്മളുടെ ചുറ്റിലും നോക്കിയാല്‍ ഒരുപക്ഷെ കണ്ടെത്താം.എന്ത് കൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത്?

ആശയത്തിന് അനുയോജ്യമായ മാര്‍ക്കറ്റ് സ്റ്റഡിയും ബിസിനസ് പ്ലാനും ഒക്കെ തയ്യാറാക്കിയാലും സംരംഭകര്‍ വിട്ടുപോകുന്ന വളരെ പ്രധാനപ്പെട്ട ഘട്ടമായ നിയമവശങ്ങളെ കുറിച്ചുള്ള ധാരണ ഇല്ലായ്മ ആകും പലപ്പോഴും നമ്മുടെ നാട്ടിലെ പുതു സംരംഭങ്ങളെ വലിയ തകര്‍ച്ചയിലും പ്രതിസന്ധിയിലേക്കും നയിക്കുന്നത്. ബിസിനസ് ഗൈഡ് സീരീസ് ഇന്ന് വിശകലനം ചെയ്യുന്നതും ഇതെ വിഷയമാണ്.

 

ഒന്ന് ആലോചിക്കുമ്പോള്‍ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ പങ്കാളികള്‍ ചേര്‍ന്നു നടത്തുന്ന സംരംഭത്തില്‍ എന്ത് നിയമ വശങ്ങളാണ് പാലിക്കേണ്ടത് എന്ന് തോന്നാം.പക്ഷെ കമ്പനികളുടെ രൂപീകരണം,ഭരണം,കമ്പനിക്കു മേലുള്ള ഗവണ്‍മെന്റ് നിയന്ത്രണം എന്നിവയുടെ കാര്യത്തില്‍ ചില റൂളും നിയമങ്ങളും ഒക്കെ സംരംഭകന്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്.ഒരു ബിസിനസ് ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുന്നു എങ്കില്‍ അതിനു മുന്‍പ് ധാരാളം തയ്യാറെടുപ്പുകള്‍ കൂടിയേ തീരു.

ഒരു സംരംഭകന്‍ അയാള്‍ ആരംഭിക്കുന്ന ബിസിനസിനെ ബാധിക്കുന്ന പൊതുവായ ബിസിനസ് നിയമങ്ങള്‍ അറിയാനും അത് അവലോകനം ചെയ്യാനും മടികാണിക്കരുത്.

ആരംഭിക്കുന്ന സംരംഭം ഏത് ഉടമസ്ഥതയില്‍ ആണ് ഉള്‍പ്പെടുന്നതെന്ന് ആദ്യമെ തീരുമാനിക്കേണ്ടതുണ്ട്.അതായത് കമ്പനി പ്രൊപ്രൈറ്റര്‍ഷിപ്പാണോ,പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമാണോ,പ്രൈവറ്റ് ലിമിറ്റഡ് ആണോ അങ്ങനെ ഏത് തരം ഉടമസ്ഥരൂപത്തില്‍ ആകണം എന്നത് നിശ്ചയിച്ചുറപ്പിക്കുക.

ഉദാഹരണത്തിന് എനിക്ക് ഒരു ചെറിയ ഗാര്‍മെന്റ് ഷോപ്പുണ്ട്.എന്റെ സ്ഥാപനം വളരാനും രാജ്യത്തിന് പുറത്തേക്ക് ബിസിനസ് വ്യാപിക്കാനും ആഗ്രഹിച്ചുകൊണ്ടാണ് ഞാന്‍ ആ ഗാര്‍മെന്റ് ഷോപ്പ് തുടങ്ങിയത് തന്നെ അതുകൊണ്ട് തന്നെ ഭാവിയില്‍ വിദേശ നിക്ഷേപങ്ങളും ആനുകൂല്യങ്ങളും ഒക്കെ സ്വീകരിക്കാന്‍ അനുയോജ്യമായ പ്രൈവറ്റ്ലിമിറ്റഡ് കമ്പനി ആയിട്ടായിരിക്കും ഞാന്‍ എന്റെ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുക.ഇതു പോലെ നിങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന സ്ഥാപനത്തിന്റെ ഭാവി കൂടി കണക്കിലെടുത്ത് വേണം ഏത് തരം ഉടമസ്ഥാവകാശം വേണം എന്ന് തീരുമാനിക്കാന്‍.നിങ്ങള്‍ ഒരു കമ്പനിയായിയാണ് സ്ഥാപനം ഇന്ത്യയില്‍ ആരംഭിക്കുന്നതെങ്കില്‍ കമ്പനീസ് ആക്ട് 2013 അനുസരിച്ച് ആണ് ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ ഉടമസ്ഥാവകാശം രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഓരോ സംരംഭകനും രാജ്യത്ത് അവരുടെ സംരംഭം പ്രവര്‍ത്തിപ്പിക്കുന്നതിനു ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ ഉത്തരവാദിത്തമുണ്ട്.സാധാരണയായി നിയമപരമായി തന്റെ ബിസിനസ് സ്ഥാപനത്തെ രൂപപ്പെടുത്താനായി ആവശ്യമായ കാര്യങ്ങളും രേഖകളും തയ്യാറാക്കാന്‍ ഒരു നിയമ വിദഗ്ധനെ സമീപിക്കാം.

അടിസ്ഥാനപരമായി പാന്‍ നമ്പര്‍ പോലുള്ള രേഖകള്‍ സംരംഭകന് സ്ഥാപനം ആരംഭിക്കാന്‍ കൂടിയേ തീരു.അതിനൊപ്പം ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത് സ്ഥാപനം സുരക്ഷിതമാക്കാനും പണമിടപാടുകള്‍ക്ക് ഒരു കറന്റ് അക്കൗണ്ടും ഒക്കെ നമ്മുടെ രാജ്യത്ത് ബിസിനസ് സംരംഭകര്‍ക്ക് ഒഴിവാക്കാന്‍ സാധിക്കാത്തതാണ്.

പ്രധാനമായും ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങളെ നമുക്ക് നാലായി തിരിക്കാം.

1) ബിസിനസ് ലൈസന്‍സുകള്‍
2) അക്കൗണ്ടിംഗ്-നികുതി നിയമങ്ങള്‍
3) ഐടി & സ്വകാര്യത നിയമങ്ങള്‍
4)സ്വത്തവകാശ നിയമങ്ങള്‍

1) ബിസിനസ് ലൈസന്‍സുകള്‍

ഒരു ബിസിനസ് രൂപീകരിക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് ലൈസന്‍സ് ആവശ്യമായി വരുന്നത്.ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിയമപ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉചിതമായ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും.ഒരു ചെറിയ പച്ചക്കറി കട തുടങ്ങുന്നുണ്ടെങ്കില്‍ പോലും പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് എടുക്കേണ്ടതുണ്ട്.മിക്ക ബിസിനസുകള്‍ക്കും പ്രധാനമായും ഇന്ത്യയില്‍ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1953 പ്രകാരമുള്ള രജിസ്ട്രേഷനാണ് ബാധകമാകുന്നത്.

ഇനി സംരംഭത്തില്‍ ഉത്പാദനം,കയറ്റുമതി-ഇറക്കുമതി പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെങ്കില്‍ അവയില്‍ ചില കാര്യങ്ങള്‍ക്ക് കയറ്റുമതി ഇറക്കുമതി കോഡ്,STPI,ഫാക്ടറി ലൈസന്‍സ് തുടങ്ങിയവ ആവശ്യമാണ്.

ഉദാഹരണത്തിന് നിങ്ങള്‍ ഒരു റസ്റ്റോറന്റ് ബിസിനസ് ആരംഭിക്കുന്നുണ്ടെങ്കില്‍ അതിന് നിങ്ങള്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്,പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ്,പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട്-ആരോഗ്യ വ്യാപാര ലൈസന്‍സ് എന്നിവ എടുത്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. 

ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാമിന് കീഴില്‍ സംരംഭകന് സ്വയം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്.അതിലൂടെ ചില നികുതി ഇളവുകളും ലഭിച്ചേക്കും.

2) അക്കൗണ്ടിംഗ്-നികുതി നിയമങ്ങള്‍

നിങ്ങളുടെ സംരംഭം മൂലധനം സമാഹരിക്കുന്നത് എങ്ങനെ ? ഇക്വിറ്റി ഫിനാന്‍സിംഗ് പോലുള്ള വഴിയാണോ അല്ലെങ്കില്‍ സെല്‍ഫ് ഫിനാന്‍സിംഗ് ആണോ തുടങ്ങിയ കാര്യങ്ങളുടെ രേഖകള്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.അതിനൊപ്പം ഷെയര്‍ ഹോള്‍ഡര്‍മാരുണ്ടെങ്കില്‍ അതിന്റെ രേഖകളും കരാറുകളും പക്കലുണ്ടാകണം.ബിസിനസ് ലോണിലോ അല്ലെങ്കില്‍ അതുപോലുള്ള പണത്തിലൂടെയോ ആരംഭിക്കുന്നതാണെങ്കില്‍ അനുമതി പേപ്പറുകളും,വായ്പ കരാറുകളും,കൊളാറ്ററല്‍ ഡോക്യുമെന്റുകളും സംരംഭകര്‍ സൂക്ഷിക്കണം.

ബിസിനസ് എത്ര ചെറുതാണെങ്കിലും ഓരോ ഘട്ടവുമായി ബന്ധപ്പെട്ട ചെലവ് വിശകലനം ചെയ്യാനും കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുന്ന അക്കൗണ്ട് ബുക്ക് തുടക്കത്തിലെ മെയിന്റെയ്ന്‍ ചെയ്യാന്‍ മറക്കരുത്.ശരിയായ സമയത്ത് സാമ്പത്തിക ഡേറ്റ സൂക്ഷിക്കുന്നത് ലാഭം വര്‍ദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിച്ചേക്കും.

നികുതിയുടെ കാര്യം വരുമ്പോള്‍...ഈ വിഷയത്തില്‍ ധാരാളം ബിസിനസുകള്‍ പൂര്‍ണമായും പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ട്.കൂടാതെ പല സംരഭകരും വലിയ തോതില്‍ പിഴ,തടവ്,കേസുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പെട്ടുപോകാം.അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ബിസിനസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ഥാപനം സംസ്ഥാന-കേന്ദ്ര-പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ചില നികുതികള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.സ്ഥാപനത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ നികുതി മേഖലയെ കുറിച്ച് അടിസ്ഥാന അറിവ് സംരംഭകന് ഉണ്ടായിരിക്കണം.

ഇതില്‍ തന്നെ 1961ലെ ഇന്‍കം ടാക്സ് ആക്ട് ആണ് അടിസ്ഥാനപരമായി അറിയേണ്ടത്.വരുമാനം കണക്കാക്കുന്നതിലൂടെ തന്നെ നികുതി ബാധ്യത മനസിലാക്കാന്‍ സാധിക്കും. ജിഎസ്ടി പരിധിയില്‍പ്പെട്ടതാണെങ്കില്‍ അതിനനുസരിച്ചുള്ള നികുതി സേവനദാതാക്കള്‍ നല്‍കേണ്ടിവരും. ഇതുപോലെ തന്നെ തൊഴില്‍ നിയമങ്ങളും അറിയണം.ഓരോ സംരംഭവും അത് എത്ര വലുതായാലും ചെറുതായാലും ജീവനക്കാരെ നിയമിക്കുമ്പോള്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കണം.

3) ഐടി & സ്വാകാര്യത നിയമങ്ങള്‍

ടെക്നോളജി പരമായി വളര്‍ന്ന് ഇന്നത്തെ കാലത്ത് ഒരു ഡിജിറ്റലൈസ്ഡ് ലോകത്താണ് നമ്മളൊക്കെ ജീവിക്കുന്നത്.അതുകൊണ്ട് തന്നെ ഇവിടെ സംരംഭത്തിലെ ഐടി നിയമങ്ങള്‍ വളരെ പ്രാധാന്യമുളളതാകുന്നു.ഇ-കരാറുകള്‍,ഡിജിറ്റല്‍ ഒപ്പുകള്‍,സ്ഥാപനത്തിന്റെ സ്വകാര്യ ഡേറ്റ സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ മനസിലാക്കിയിരിക്കണം.ഐടി നിയമവശങ്ങളെ കുറിച്ച് അറിവു നേടുന്നത് ബിസിനസ് അവസരങ്ങള്‍ പര്യവേഷണം ചെയ്യാന്‍ സംരംഭകനെ സഹായിക്കും.

ഓണ്‍ലൈനിലെ സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കുന്ന നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.ഒരു സംരംഭം അതിന്റെ ഉപഭോക്താക്കളില്‍ നിന്ന് സെന്‍സിറ്റീവ് ആയ ഡേറ്റ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ അതിനു ഡേറ്റ ചോര്‍ച്ച ഒഴിവാക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷിതത്വവും ഏര്‍പ്പെടുത്താന്‍ സ്ഥാപനം ബാധ്യസ്ഥരാണ്.


4)സ്വത്തവകാശ നിയമങ്ങള്‍

ഓരോ ബിസിനസിനു ഉണ്ടായിരിക്കേണ്ട ബിസിനസിന്റെ നിയമപരമായ അവകാശമാണ് ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ.ഏതൊരു വ്യക്തിയുടെയും കണ്ടെത്തല്‍,പുതിയ ആശയം,കലാപരമായ പ്രവര്‍ത്തനം എന്നിവ ഉറപ്പുവരുത്തുന്ന നിയമങ്ങളാണ് ഇതിനു കീഴില്‍ വരുന്നത്.കോപ്പിറൈറ്റ് ആക്ട് ഒക്കെ വളരെ പ്രധാനപ്പെട്ടതാണ്.ട്രേഡ് മാര്‍ക്ക്,പേറ്റന്റ് എന്നീ കാര്യങ്ങളെ കുറിച്ചും സംരംഭകന്‍ മനസിലാക്കിയിരിക്കണം.

ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി നിയമ സംരംക്ഷണത്തിലൂടെ ഒരു സംരംഭത്തിന്റെ കോഡുകള്‍,ഡിസൈനുകള്‍,പ്രോഗ്രാമുകള്‍ എന്നീ രൂപത്തിലുള്ള ആസ്തികള്‍ സംരക്ഷിക്കാന്‍ സഹായിക്കും.ഉദാഹരണത്തിന് പേറ്റന്റ് ഒക്കെ പേറ്റന്റ് ഓഫീസില്‍ ഫയല്‍ ചെയ്ത് നിങ്ങളുടേതാണെന്ന രേഖ കൈപ്പറ്റണം.ഒരു സ്ഥാപനത്തിന്റെ ലോഗോ പോലുള്ളവ ട്രേഡ് മാര്‍ക്ക് ചെയ്ത് മറ്റാരും പകര്‍ത്താതെ സംരക്ഷിക്കാന്‍ സാധിക്കും.രജിസ്റ്റര്‍ ചെയ്ത ട്രേഡ്മാര്‍ക്കിന്റെ ഉടമയ്ക്ക് നിയമ പരിരക്ഷ നമ്മുടെ രാജ്യത്ത് ഉറപ്പാക്കിയിട്ടുണ്ട്.

പൊതുവെ ഭൂരിപക്ഷം സംരംഭകരും ധാരാളം സമയം ബിസിനസ് വികസിപ്പിക്കാന്‍ ചെലവഴിക്കുകയും അതേസമയം സംരംഭത്തിന്റെ വിവിധ നിയമവശങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് നമുക്ക് കാണാവുന്നതാണ്.ഒരു സംരംഭം ആരംഭിച്ച് വിജയത്തിനായി പ്രയ്തനിക്കുന്നവരാകുമല്ലോ നിങ്ങളെല്ലാവരും.അതുകൊണ്ട് തന്നെ എല്ലാ നിയമപരമായ ഘടകങ്ങളും അന്വേഷിക്കാന്‍ വിമുഖത കാണിക്കരുത്.അത് ഭാവിയിലെങ്കിലും നിങ്ങളുടെ സംരംഭത്തെ ബാധിച്ചേക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.