Sections

ബിസിനസ് പ്ലാന്‍ തയ്യാറാക്കേണ്ടേ?- ബിസിനസ് ഗൈഡ് സീരീസ്

Wednesday, Sep 29, 2021
Reported By Jeena & Ambu
business guide series

 ബിസിനസ് ഗൈഡ് സീരീസ് ഇന്ന് ചര്‍ച്ച ചെയ്യുന്നത് ബിസിനസ് പ്ലാനിനെ കുറിച്ചാണ്


'മികച്ച ആശയവും പിന്നാലെ മാര്‍ക്കറ്റ് സ്റ്റഡിയും നടത്തി കഴിഞ്ഞു, ഇനി നിങ്ങള്‍ ശരിക്കും ഒരു സംരംഭത്തിന്റെ പ്രാരംഭഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്', ബിസിനസ് അഡൈ്വസര്‍ ആയ അജുവിന്റെ വാക്കുകള്‍ കേട്ട നിവിന്‍ പകച്ചു നിന്നു ...ഒരു പക്ഷെ പുതുതായി സംരംഭം തുടങ്ങുന്ന ഏവരും ഇതേ ഘട്ടത്തില്‍ നിവിനെ പോലെ അന്തംവിട്ട് നിന്നുപോകാം. കാരണം നമ്മള്‍ തെരെഞ്ഞെടുത്ത ആശയവയും അതിന് പിന്നാലെ നടത്തിയ മാര്‍ക്കറ്റ് സ്റ്റഡിയും എല്ലാം ശരിയായി വന്നു..ഇനി എന്തെന്ന് ചോദ്യം ആകും എല്ലാവരുടെയും മനസില്‍.

ഇനി ചെയ്യേണ്ടത് തന്റെ ആശയത്തെ ഒരു ബിസിനസ് പ്ലാനാക്കി മാറ്റുക എന്നതാണ്.സംരംഭത്തെ കുറിച്ച് വ്യക്തമായ മുന്‍കാല പരിചയം ഇല്ലാത്തതുകൊണ്ട് തന്നെ എന്താണ് ബിസിനസ് പ്ലാന്‍ എന്ന് ഭൂരിഭാഗം 
പേര്‍ക്കും അറിയില്ല.

ബിസിനസ് ഗൈഡ് സീരീസ് ഇന്ന് ചര്‍ച്ച ചെയ്യുന്നത് ബിസിനസ് പ്ലാനിനെ കുറിച്ചാണ്.ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ആശയത്തിന്റെ അതായത് സംരംഭത്തിന്റെ ഭാവിയെ കുറിച്ചുള്ള ഒരു വിവരണം ആണ് ബിസിനസ് പ്ലാന്‍.

എന്താണ് നിങ്ങള്‍ ചെയ്യേണ്ടത്,അതെങ്ങനെ ആസൂത്രണം ചെയ്യണമെന്ന് വിവരിക്കുന്ന ഒരു രേഖ; സിംപിളായി അത്രെയുള്ളു ബിസിനസ് പ്ലാന്‍.

 

നിങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങള്‍, നിറവേറ്റാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍,ബിസിനസില്‍ അഭിമുഖീകരിക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍,അവ പരിഹരിക്കാനുള്ള വഴികള്‍,നിങ്ങളുടെ ബിസിനസിന്റെ ഘടന,മൂലധനത്തിന്റെ അളവ് അടക്കമുള്ള ബിസിനസിന്റെ പ്രവര്‍ത്തനപരവും,സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍, അവയെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കും എന്നതുമടക്കം ഒരു സമ്പൂര്‍ണ പദ്ധതിവിവരണമാണ് ഈ ബിസിനസ് പ്ലാന്‍.

നിങ്ങളുടെ പദ്ധതിയുടെ ഉദ്ദേശ്യവും അതിന്റെ ദൈര്‍ഘ്യവും നിര്‍ണിയിക്കുക മാത്രമല്ല അപകടസാധ്യതയുള്ള അതായത് റിസ്‌ക് എലമെന്റുള്ള ഒരു സംരംഭം ആരംഭിക്കുന്നതിന് ദശലക്ഷക്കണക്കിന് രൂപ മൂലധനം തേടാന്‍ നിങ്ങളുടെ പദ്ധതി വിശദീകരിക്കുകയും അത് മറ്റുള്ളവരെ പ്രത്യേകിച്ച നിക്ഷേപകരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.അതിന് ഒരു മികച്ച ബിസിനസ് പ്ലാന്‍ കൂടിയേ തീരു.


പ്രധാനമായും ഒരു നല്ല ബിസിനസ് പ്ലാനില്‍ മൂന്ന് ഭാഗങ്ങളാണ് ഉള്ളത് അത് ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

1) ബിസിനസ് കോണ്‍സെപ്റ്റ്

ഇവിടെയാണ് നിങ്ങളുടെ സംരംഭം,അതിന്റെ ബിസിനസ് ഘടന,നിങ്ങളുടെ ഉത്പന്നം അല്ലെങ്കില്‍ സേവനം എന്നിവയെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്നത്.എങ്ങനെയാണ് സംരംഭം നിങ്ങള്‍ വിജയകരമാക്കാന്‍ പദ്ധതിയിടുന്നതെന്നതാണ് ബിസിനസ് കോണ്‍സെപ്റ്റിലെ പ്രധാന ഭാഗം.

2) വിപണന മേഖല/ മാര്‍ക്കറ്റ് പ്ലെയ്‌സ് സെലക്ഷന്‍

രണ്ടാമത്തേതും വളരെ പ്രാധാന്യവുമുള്ള ബിസിനസ് പ്ലാനിലെ ഘട്ടമാണ് വിപണന മേഖല.ഇവിടെയാണ് നിങ്ങളുടെ ഉത്പന്നം അല്ലെങ്കില്‍ സേവനം ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപഭോക്താക്കളെ കുറിച്ച് വിശകലനം ചെയ്യുന്നത്.ആരാണ് ടാര്‍ജറ്റ്,അവര്‍ എവിടെയാണ്, എന്താണ് നിങ്ങളുടെ പ്രോഡക്ട് അവരെ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകം തുടങ്ങിയ കാര്യങ്ങളും നിങ്ങള്‍ക്ക് വിപണിയിലുണ്ടാകാന്‍ സാധ്യതയുള്ള മത്സരത്തെ കുറിച്ചും അതിനെ മറികടക്കനുള്ള നിങ്ങളുടെ പദ്ധതിയെ കുറിച്ചും ഈ ഭാഗത്ത് വിവരിക്കുന്നു. മാര്‍ക്കറ്റ് സ്റ്റഡി നടത്തിയതിലൂടെ നിങ്ങള്‍ക്ക് ഈ ഭാഗം നിങ്ങള്‍ നേരത്തെ മനസിലാക്കിയിട്ടുണ്ടാകും.

3) ഫിനാന്‍ഷ്യല്‍ സെക്ഷന്‍ 

അവസാനമായി സാമ്പത്തിക കാര്യങ്ങളാണ് ബിസിനസ് പ്ലാനിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഭാഗം.എങ്ങനെ വരുമാനം വരുമെന്നും ബാലന്‍സ് ഷീറ്റും ബ്രേക്ക് അപ്പ് വിശകലനങ്ങളും അടക്കമുള്ള സാമ്പത്തിക അനുപാതങ്ങളും കണക്കുകളും ഈ ഭാഗത്ത് അടങ്ങിയിരിക്കുന്നു.മുകളിലുള്ള മറ്റ് രണ്ട് ഘട്ടങ്ങള്‍ ഒരു സംരംഭകന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെങ്കിലും ഈ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് ഒരു അക്കൗണ്ടന്റിന്റെ സഹായം കൂടിയേ തീരു.അതോടൊപ്പം സ്‌പ്രെഡ്ഷീറ്റ് സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമുകളും ആവശ്യമായി വന്നേക്കാം.

ഈ മൂന്ന് പ്രധാന വിഭാഗങ്ങളെ കൂടുതല്‍ ആഴത്തിലേക്ക് പരിശോധിച്ചാല്‍ ഒരു ബിസിനസ് പ്ലാനില്‍ ഏഴ് ഘട്ടങ്ങള്‍ അടങ്ങിയിരിക്കുന്നു.

1. എക്‌സിക്യൂട്ടീവ് സമ്മറി
2. വിപണി വിശകലനം
3. മത്സര വിശകലനം
4. മാര്‍ക്കറ്റിംഗ് തന്ത്രം
5. മാനേജ്‌മെന്റ് പ്ലാന്‍
6. ഓപ്പറേറ്റിംഗ് പ്ലാന്‍
7. സാമ്പത്തിക പദ്ധതി

ഇവയെ കൂടാതെ ബിസിനസ് പ്ലാനിന് ഒരു കവര്‍-ടൈറ്റില്‍ പേജും കണ്ടന്റ് ടേബിള്‍ പേജും ഉണ്ടായിരിക്കണം.

എന്ത് കൊണ്ടാണ് ഒരു സംരംഭത്തിന് ബിസിനസ് പ്ലാന്‍ വേണം എന്ന് പറയുന്നത് ?


പുതിയ സംരംഭം തുടങ്ങാനുള്ള ആശയം നിങ്ങളുടെ മനസില്‍ ഉണ്ടെങ്കിലും, ബിസിനസിന് നിലനില്‍പ്പുണ്ടോ എന്ന് തീരുമാനിക്കാന്‍ പോലും ബിസിനസ് പ്ലാന്‍ നിങ്ങളെ സഹായിച്ചേക്കും.നിങ്ങളുടെ ബിസിനസ് നഷ്ടത്തിലാകുമെങ്കിലോ,വിജയ സാധ്യത കുറവാണെങ്കിലോ പിന്നെ ആ ബിസിനസ് ആരംഭിച്ചിട്ട് ഒരു കാര്യവുമില്ല.ഒരു വ്യക്തമായ ബിസിനസ് പ്ലാന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സംരംഭത്തിന്റെ വിജയസാധ്യത എന്താണെന്ന് കണ്ടെത്താന്‍ സഹായിച്ചേക്കും.

പല കേസുകളിലും പുതിയ ബിസിനസുകള്‍ ആരംഭിക്കുന്ന ആളുകള്‍ക്ക് അവര്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ പണമില്ലാതെ വരാം.സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്
ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ഠ ബിസിനസ് എങ്ങനെ ലാഭമുണ്ടാക്കാം എന്ന് രേഖാമൂലം കാണിക്കുന്ന ബിസിനസ് പ്ലാനിന്റെ സഹായത്തോടെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയും.

നിങ്ങള്‍ ലക്ഷ്യമിടുന്ന വിപണിയില്‍ നിങ്ങളുടെ ഉത്പന്നമോ സേവനമോ ആവശ്യമുണ്ടോ എന്ന് വെളിപ്പെടുത്താന്‍ മാര്‍ക്കറ്റ് വിശകലനം സഹായിക്കുന്നു. ഇതിനോടകം നിങ്ങളു ഉദ്ദേശിക്കുന്ന ബിസിനസില്‍ മറ്റാരെങ്കിലും വിജയം നേടിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബിസിനസ് മോഡലില്‍ മാറ്റം വരുത്തേണ്ടി വരും.

മത്സരാധിഷ്ഠിതമായ വിശകലനം ഒരു വിപണി മത്സരത്തിന്റെ ശക്തിയും അതു പോലെ ദൗര്‍ബല്യവും പരിശോധിക്കാന്‍ സഹായിക്കും.നിലവിലുള്ള കമ്പനിയാണ് നിങ്ങളുടെ സ്ഥാപിത എതിരാളികള്‍ എങ്കില്‍ അവരോട് വിജയിക്കാന്‍ കുറഞ്ഞ വില,മെച്ചപ്പെട്ട സേവനം തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മാര്‍ക്കറ്റ് പ്ലാന്‍ കൂടിയേ തീരു.

നിങ്ങളുടെ ബിസിനസ് ഘടന,മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കൈവരാനും,നിങ്ങളുടെ സംരംഭത്തിന് പ്രത്യേക ജീവനക്കാരന്റെയും മാനേജ്‌മെന്റ് വൈദഗ്ദ്ധ്യതയുടെയും ആവശ്യമുണ്ടെങ്കില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും നിയമിക്കാനും ബിസിനസ് പ്ലാന്‍ സഹായിക്കുന്നു.

ഓപ്പറേഷന്‍ പ്ലാനില്‍ നിങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍,വസ്തുവകങ്ങള്‍,നിര്‍മ്മാണ ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണെങ്കില്‍ അവയുടെ കണക്ക് എന്നിവ കണ്ടെത്താന്‍ ബിസിനസ് പ്ലാനിലൂടെ സാധിക്കും.

ബാങ്കുകള്‍ മുതല്‍ ഇക്വിറ്റി അടക്കമുള്ള മേഖലകളിലൂടെ സ്റ്റാര്‍ട്ട് അപ്പ് ഫണ്ടിംഗ് ലഭിക്കാന്‍ സാധ്യതയുണ്ടോ? നിങ്ങളുടെ നിര്‍ദ്ദിഷ്ട ബിസിനസ്സ് ആശയം ലാഭമുണ്ടാക്കുന്നതാണോ എന്നകാര്യവും ബിസിനസ് പ്ലാനിലൂടെ അറിയാവുന്നതാണ്. മതിയായ വരുമാനമുണ്ടാക്കില്ലെന്ന് ബിസിനസ്സ് പ്ലാന്‍ വ്യക്തമായാല്‍ പിന്നെ ആ ബിസിനസ്സ് മോഡല്‍ പ്രായോഗികമല്ലെന്നതാണ് വസ്തുത.

നിങ്ങളുടെ ബിസിനസ് ആശയത്തിനെ ആശ്രയിച്ച് വിശദമായ ഒരു ബിസിനസ് പ്ലാന്‍ 100 ഓളം പേജുകള്‍ വരെയാകാം.സാധാരണ ഒരു ചെറിയ ബിസിനസ് പ്ലാന്‍ 15 മുതല്‍ 20 പേജുകള്‍ വരെയുള്ളതാണ്.

ചുരുക്കത്തില്‍ ഒരു ബിസിനസ്സ് പ്ലാന്‍ എന്നത് ജാഗ്രതയാണ്. അത് നിങ്ങളുടെ സമയവും പണവും ഇല്ലാതാക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. സംരംഭത്തിലേക്കുള്ള മികച്ച താക്കോല്‍ ആയി ബിസിനസ് പ്ലാനിനെ നമുക്ക് വിശേഷിപ്പിക്കാം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.