Sections

മാര്‍ക്കറ്റ് സൈസ്- വിപണിയുടെ വലുപ്പം അറിയൂ, ലാഭം കണക്ക് കൂട്ടൂ: ബിസിനസ് ഗൈഡ് സീരീസ്

Tuesday, Sep 28, 2021
Reported By Ambu Senan
business guide market size

പല കാരണങ്ങള്‍ കൊണ്ടും മാര്‍ക്കറ്റ് സൈസ് കണക്കാക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്

 

ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നമ്മള്‍ ബിസിനസ് ഗൈഡിന്റെ ആദ്യ അധ്യായത്തില്‍ കണ്ടിരുന്നു.ആദ്യം നമുക്ക് വേണ്ടത് ആശയമാണെന്നും, ആശയം ലഭിച്ചു കഴിഞ്ഞാല്‍ ആശയത്തിലുള്ള ഉത്പന്നത്തിനോ സേവനത്തിനോ വിപണി പ്രാധാന്യമുണ്ടോയെന്ന് അറിയാന്‍ മാര്‍ക്കറ്റ് സ്റ്റഡി നടത്തണമെന്ന് പറഞ്ഞു. ഇനി അടുത്ത പടിയായി നമ്മള്‍ നടത്തേണ്ടത് മാര്‍ക്കറ്റ് സൈസ് കണക്ക് കൂട്ടുകയാണ്. ഈ ലേഖനത്തില്‍ നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് മാര്‍ക്കറ്റ് സൈസ് എന്ന പോയിന്റാണ്. 

 

നിങ്ങളുടെ ഉത്പന്നം അല്ലെങ്കില്‍ സേവനം വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഏകദേശ ഉപയോക്താക്കളുടെയും ഒരു നിശ്ചിത സമയപരിധിയില്‍ നിങ്ങളുടെ ഉത്പന്നത്തിന് ലഭിക്കുന്ന വരുമാന കണക്കാണ് മാര്‍ക്കറ്റ് സൈസ് കൊണ്ട് ഉദ്ദേശിക്കുന്നത്.  മാര്‍ക്കറ്റ് സൈസിനെ നിങ്ങള്‍ക്ക് മൂന്നായി തിരിക്കാം. ചെറുത്, ഇടത്തരം, വലിയ വിപണി. 


 


പ്രാദേശികമായ രീതിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു ഉത്പന്നം അല്ലെങ്കില്‍ സേവനമാണ് നിങ്ങളുടേതെങ്കില്‍ അതിനെ ചെറിയ മാര്‍ക്കറ്റ് സൈസ് എന്ന് വിശേഷിപ്പിക്കാം. ഉദാഹരണത്തിന് നിങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത് വീട്ടില്‍ നിര്‍മിച്ചു വില്‍ക്കുന്ന മെഴുകുതിരിയോ അല്ലെങ്കില്‍ തുണികള്‍ വീട്ടില്‍ നിന്ന് ശേഖരിച്ച് അലക്കി തേച്ചു കൊടുക്കുന്ന ഒരു സേവനമോ ആണെങ്കില്‍ അത് ഒരു ചെറിയ മാര്‍ക്കറ്റ് സൈസിന്റെ ഉദാഹരണമാണ്.

ഒന്നിലധികം ജില്ലകളോ അല്ലെങ്കില്‍ വലിയൊരു ഭൂപ്രദേശമോ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിങ്ങളുടെ സേവനം അല്ലെങ്കില്‍ ഉത്പന്നമെങ്കില്‍ അതിനെ ഇടത്തരം വിപണി എന്ന് വിശേഷിപ്പിക്കാം.  

ഒരു സംസ്ഥാനമോ അല്ലെങ്കില്‍ ദേശീയ-അന്തര്‍ദേശീയ തലത്തിലോ ആണെങ്കില്‍ നിങ്ങളുടെ വിപണിയെങ്കില്‍ അത് വലിയ മാര്‍ക്കറ്റ് സൈസ് എന്ന് പറയാം.

 

പല കാരണങ്ങള്‍ കൊണ്ടും മാര്‍ക്കറ്റ് സൈസ് കണക്കാക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

1. സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു പുതിയ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനത്തില്‍ നിന്ന് എത്രമാത്രം ലാഭം നേടാന്‍ കഴിയുമെന്ന് കണക്കാക്കാന്‍ മാര്‍ക്കറ്റ് സൈസ് സഹായിക്കും. 

നിങ്ങള്‍ നിര്‍മിക്കുന്ന ഉത്പന്നത്തിന് അല്ലെങ്കില്‍ സേവനത്തിന് ഒരു മാസത്തില്‍ അന്‍പതിനായിരം ഉപയോക്താക്കളെ ലഭിക്കുമെന്ന് നിങ്ങള്‍ മാര്‍ക്കറ്റ് സൈസ് കണക്കാക്കിയതിലൂടെ നിങ്ങള്‍ മനസിലാക്കുന്നു. അങ്ങനെയെങ്കില്‍ നിങ്ങളുടെ സേവനമോ ഉത്പന്നമോ നിര്‍മിക്കാന്‍ എത്ര രൂപ ചെലവ് വരുമെന്നും അതില്‍ എത്ര ശതമാനം ലാഭം ഇടാമെന്നും നിങ്ങള്‍ക്ക് കണക്ക് കൂട്ടാന്‍ സാധിക്കും.   


2. ബിസിനസില്‍ നിക്ഷേപകരെ തേടുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ ബിസിനസില്‍ നിക്ഷേപിക്കണമോ എന്ന് തീരുമാനമെടുക്കാന്‍ മാര്‍ക്കറ്റ് സൈസ് ഒരു ഘടകമാണ്.

നിങ്ങള്‍ ബിസിനസ് ആശയവുമായി ഒരു നിക്ഷേപകനെ സമീപിക്കുമ്പോള്‍ അവര്‍ നോക്കുന്നത് അവര്‍ മുടക്കിയ പണം ലാഭമടക്കം എന്ന് തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ്. അതിന് അവര്‍ക്ക് അറിയേണ്ടത് ഉത്പന്നത്തിന്റെ വിപണി എത്രത്തോളം ഉണ്ടെന്നും, എത്ര ഉപഭോക്താക്കള്‍ ഉത്പന്നത്തിന് ലഭിക്കുമെന്നൊക്കെയാണ്. അതിന് മാര്‍ക്കറ്റ് സൈസ് പഠനം നടത്തുന്നത് സഹായിക്കും,

3. സ്ഥല സൗകര്യം, ജീവനക്കാര്‍, ചെലവ് എന്നിവ കണക്കാക്കാന്‍ മാര്‍ക്കറ്റ് സൈസ് സഹായിക്കും.

മാര്‍ക്കറ്റ് സൈസ് കണക്കാക്കുന്നത് നിങ്ങള്‍ തുടങ്ങുന്ന സംരംഭത്തില്‍ എത്ര ജീവനക്കാരെ നിയമിക്കണമെന്നതില്‍ ആദ്യം തന്നെ ഒരു വ്യക്തത നല്‍കും. ഉദാഹരണത്തിന് നിങ്ങളുടെ ഉത്പന്നത്തിന് ഒരു ദിവസം അന്‍പതിനായിരം യൂണിറ്റ് വില്‍പന നടക്കുമെന്ന് നിങ്ങള്‍ മാര്‍ക്കറ്റ് പഠനം നടത്തുന്നതിലൂടെ മനസിലാക്കി. അപ്പോള്‍ എത്ര ജീവനക്കാര്‍ വേണം, ഫാക്ടറി അല്ലെങ്കില്‍ ബിസിനസ് സ്ഥാപനം എത്ര ചതുരശ്ര അടി വേണം, കറന്റ് അല്ലെങ്കില്‍ വെള്ളം എത്ര ആവശ്യം വരും തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. 

4. വ്യക്തമായ മാര്‍ക്കറ്റിംഗ് തന്ത്രം മെനയാന്‍ മാര്‍ക്കറ്റ് സൈസിങ് വഴി സാധിക്കും 

വിപണിയുടെ വലുപ്പം കൃത്യമായി അറിയാമെങ്കില്‍ അതിനുതകുന്ന മാര്‍ക്കറ്റിംഗ് തന്ത്രം മെനയാന്‍ നിങ്ങള്‍ക്ക് സാധിക്കുകയും അത് വഴി വിപണി പിടിക്കാന്‍ സാധിക്കുകയും ചെയ്യും. 

നിലവില്‍ നിങ്ങളുടെ സമാനമായ ഉത്പന്നം വിപണിയിലുണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നവര്‍ എത്ര പേരുണ്ടെന്ന് അറിയാന്‍ മാര്‍ക്കറ്റ് സൈസിങ് നിങ്ങളെ സഹായിക്കും. കൂടാതെ അതില്‍ എത്ര പേരെ നിങ്ങള്‍ക്ക് നിങ്ങളുടെ ഉത്പന്നത്തിന്റെ ഉപയോക്താക്കളാക്കാന്‍ സാധിക്കുമെന്ന ഒരു ഏകദേശ കണക്ക് കൂട്ടാനും സാധിക്കും.

മാര്‍ക്കറ്റ് സൈസിങ് ചെയ്യുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കുള്ള വിപണി വലുപ്പം കണക്കാക്കുക. മൂന്ന് വര്‍ഷത്തിനപ്പുറമുള്ള കണക്കുകള്‍  മാറി മറിയാന്‍ സാധ്യത ഉള്ളത് കൊണ്ട് 5 അല്ലെങ്കില്‍ പത്ത് വര്‍ഷത്തേക്കുള്ള കണക്കുകള്‍ കൂട്ടുന്നത് നല്ല പ്രവണതയല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2. ഈ മൂന്ന് വര്‍ഷങ്ങളില്‍ നിങ്ങളുടെ ഉത്പന്നത്തിന് സംഭവിക്കാവുന്ന സ്വാഭാവിക വളര്‍ച്ചയോ അല്ലെങ്കില്‍ തളര്‍ച്ചയോ രേഖപ്പെടുത്തണം.

3. നിലവിലെ സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ ഉത്പന്നമോ സേവനമോ   വ്യാപിപ്പിക്കാന്‍ കഴിയുന്ന കാര്യം സൂചിപ്പിക്കുക. 

നിങ്ങള്‍ തന്നെ വിപണിയിലേക്ക് ഇറങ്ങി ഈ മാര്‍ക്കറ്റ് സൈസിങ് നടത്തണെമെന്നല്ല ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ കണ്ടറിഞ്ഞു നിങ്ങള്‍ക്ക് വേണ്ട മാര്‍ക്കറ്റ് സ്റ്റഡിയും സൈസിങ്ങും നടത്തുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. അവര്‍ നിങ്ങളെ സഹായിക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.