Sections

മാര്‍ക്കറ്റ് സ്റ്റഡി അഥവാ മാര്‍ക്കറ്റ് അനാലിസിസ്- ബിസിനസ് ഗൈഡ് സീരീസ് ഭാഗം- 3  

Friday, Sep 24, 2021
Reported By Ambu Senan & Jeena S Jayan
business guide series

മാര്‍ക്കറ്റ് സ്റ്റഡിയുടെ പ്രധാന ഉദ്ദേശം രണ്ടായി തിരിക്കാം

 

ബിസിനസ് ഗൈഡ് സീരിസിലൂടെ ഒരു സംരംഭം തുടങ്ങാന്‍ നമുക്ക് ആദ്യം വേണ്ടത് ആശയം ആണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ.ഇനി പറയുന്നത് ഒരു സംരംഭം പ്രവര്‍ത്തന സജ്ജമാകുന്നതിന്റെ ആദ്യഘട്ടത്തില്‍ അതായത് ആശയം ജനിച്ചു കഴിഞ്ഞാല്‍ അടുത്ത് വേണ്ട നീക്കത്തെ കുറിച്ചാണ്.അതായത് മാര്‍ക്കറ്റ് സ്റ്റഡി തന്നെ.

 

നിങ്ങളുടെ ആശയത്തിനനുസരിച്ച് ബിസിനസ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിന്റെ സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്ന് ഒരു പഠനം നടത്തണം. അതാണ് മാര്‍ക്കറ്റ് സ്റ്റഡി അഥവാ മാര്‍ക്കറ്റ് അനാലിസിസ്. നമ്മള്‍ നിലവിലെ വിപണിയും നമ്മള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭം അതിന് അനുയോജ്യമാണോ എന്ന് വിശകലനം ചെയ്യണം. ഉദാഹരണത്തിന് ഒരു 10 അല്ലെങ്കില്‍ 15 വര്‍ഷം മുന്‍പ് വരെ കുപ്പി വെള്ള നിര്‍മ്മാണം എന്നത് ലാഭകരമായ ബിസിനസ് ആയിരുന്നു. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. കോവിഡിന്റെ തുടക്കക്കാലത്ത് മാസ്‌ക് നിര്‍മ്മാണം എന്നത് ലാഭകരമായ ബിസിനസ് ആയിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. അപ്പോള്‍ സംരംഭം തുടങ്ങുന്നതിന് മുന്‍പ് കൃത്യമായി നിലവിലെ വിപണി പഠിച്ച്, സാധ്യതകള്‍ മനസിലാക്കിയ ശേഷം തുടങ്ങണം. അല്ലെങ്കില്‍ അത് പരാജയത്തില്‍ കലാശിക്കും. 

മാര്‍ക്കറ്റ് സ്റ്റഡിയുടെ പ്രധാന ഉദ്ദേശം രണ്ടായി തിരിക്കാം.

1. നിലവിലെ വിപണി തിരിച്ചറിയാന്‍
2. നീണ്ട കാലയളവിലേക്ക് ഒരു സുസ്ഥിരമായ വിപണി ബിസിനസിന് ലഭിക്കുമോ എന്നറിയുക 

നീണ്ട കാലയളവിലേക്ക് നമ്മുടെ ബിസിനസിനും ഉത്പന്നത്തിനും വിപണിയില്‍ നിലനില്‍ക്കാന്‍ കഴിയില്ലെങ്കില്‍ നമ്മള്‍ ബിസിനസില്‍ മുടക്കുന്ന വലിയ തുകയും അധ്വാനവും നഷ്ടമാകും. അത് കൊണ്ട് തന്നെ ഭാവിയില്‍ നമ്മള്‍ ചെയ്യുന്ന ബിസിനസിന് എന്ത് സാധ്യത ഉണ്ടെന്ന് കൂടി മാര്‍ക്കറ്റ് സ്റ്റഡി നടത്തണം. ചിലരുടെ മനോഭാവം അനുസരിച്ച് ഇന്ന ബിസിനസ് എന്നൊന്നുമില്ല, അപ്പോള്‍ ഉള്ള ബിസിനസ് ചെയ്യണം, കാശ് വാരണം, പോകണം..ആ മനോഭാവം നഷ്ടത്തില്‍ ആയിരിക്കും കലാശിക്കുക. 

ബിട്ടു ശര്‍മ്മയും ശ്രുതിയും കൂടി ഒരു വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനി ആരംഭിക്കുന്നു.സമൂഹത്തില്‍ വിവാഹത്തിനുള്ള പ്രാധാന്യവും.ഒരു വിവാഹം മോശമല്ലാതെ നടത്താനും ഭക്ഷണം,പന്തല്‍,സല്‍ക്കാരം തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാനും വീട്ടുകാര്‍ക്ക് കഴിയില്ലെന്ന സത്യവും മനസിലാക്കി കൊണ്ടാണ് ബിട്ടുവും ശ്രുതിയും തങ്ങളുടെ ഷാദി മുബാറക്ക് എന്ന വെഡ്ഡിംഗ് പ്ലാനിംഗ് എന്റര്‍പ്രൈസസ് തുടങ്ങുന്നത് തന്നെ.2010ല്‍ തിയേറ്ററുകളിലെത്തിയ മനീഷ് ശര്‍മ്മ ചിത്രം വിശദമായി മാര്‍ക്കറ്റ് സ്റ്റഡിയുടെ ആവശ്യകഥയും ബുദ്ധിമുട്ടും ഒക്കെ നമുക്ക് കാണിച്ചു തരുന്നുണ്ട്. 

നിലവിലെ വിപണി വിശകലനം ചെയ്യുമ്പോള്‍ ആരാണ് നിങ്ങളുടെ ബിസിനസിന്റെ അല്ലെങ്കില്‍ ഉത്പന്നത്തിന്റെ ഉപയോക്താക്കള്‍ എന്ന് തിരിച്ചറിയുക. അവര്‍ നിലവില്‍ ഉപയോഗിക്കുന്ന ബദല്‍ ഉത്പന്നം അല്ലെങ്കില്‍ സേവനം ഏതെന്ന് നോക്കുക. ആ ഉത്പന്നങ്ങളാണ് നിങ്ങളുടെ എതിരാളികള്‍. ആ ഉത്പന്നങ്ങളുടെ പ്രത്യേകത എന്തെന്നൊക്കെ പഠിക്കുക. നിങ്ങളുടെ ഉത്പന്നത്തിന് അവയെക്കഴിഞ്ഞും എന്ത് കൂടുതലായി കൊടുക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ ചിന്തിക്കുക. അതിനനുസരിച്ച് നിങ്ങളുടെ ഉത്പന്നവും സേവനവും രൂപകല്‍പ്പന ചെയ്യുക.

സംരംഭത്തിനായി വിപണി പഠിക്കുന്നത് ഒരല്‍പ്പം ശ്രദ്ധയോടെ തന്നെ ചെയ്യേണ്ട കാര്യമാണ്.ഈ രംഗത്ത് ഉണ്ടാകുന്ന അശ്രദ്ധ സംരംഭത്തിന്റെ പരാജയത്തിനു പോലും കാരണമായി തീരുമെന്നത് മറക്കരുത്.

ഉദാഹരണത്തിന് ഒരു ഭക്ഷ്യോല്‍പ്പന്നമാണ് നിങ്ങളുടെ സംരംഭം എന്ന് കരുതുക.വിപണിയില്‍ നിങ്ങളുടെ സംരംഭത്തിന്റെ ആവശ്യം ഉണ്ടോ എന്ന് ആദ്യം വിലയിരുത്തണം.നാട്ടില്‍ നാടന്‍,അറബിക്,ചൈനീസ് ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകള്‍ ഇപ്പോള്‍ ഒരുപാടുണ്ട്.പാവപ്പെട്ടവനും പണക്കാരനും അടക്കം ഏത് സമൂഹത്തിനും ധൈര്യമായി ചെന്നുകയറാന്‍ കഴിയുന്ന പലതരം ഭക്ഷണ ശാലകളും നമ്മുടെ നാട്ടിലുണ്ട്.അപ്പോള്‍ നിങ്ങളുടെ സംരംഭത്തിന് വിപണയില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടോ.ഈ വ്യത്യസതയെ വിപണി എങ്ങനെയാകും സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വിശകലനം നടത്തേണ്ടതുണ്ട്.ചിന്തകള്‍ക്കൊടുവില്‍ വ്യത്യസ്തതയ്ക്കായി ഒരു വഴിയും തെളിഞ്ഞില്ലെങ്കില്‍ ഇനിയൊരു ഭക്ഷണശാലയ്ക്ക് സാധ്യതയില്ലെന്ന് മനസിലാക്കിക്കോണം.

ഇനി മറിച്ച് നിങ്ങളുടെ ആശയം വിപണിക്ക് ആവശ്യമുണ്ടെന്ന് ഇരിക്കട്ടെ.അങ്ങനെയാണെങ്കിലും മാര്‍ക്കറ്റ് സ്റ്റഡി അവിടെ വെച്ച് അവസാനിപ്പിക്കരുത്.പിന്നീടുള്ള പഠനത്തില്‍ എത്ര വലുതാണ്,പരമാവധി എത്ര ഉപഭോക്താക്കള്‍ എത്താന്‍ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ കണക്കാക്കണം,വിപണി ചെറുതാണെങ്കില്‍ കൃത്യമായ മാര്‍ഗ്ഗരേഖകളോടെ മാത്രമെ അതിലേക്ക് കടക്കാവു.ഇതെല്ലാം അനുകൂലമായാല്‍ പോലും സംരംഭം തനിക്ക് ചേര്‍ന്നതാണോ എന്ന് വീണ്ടും വിലയിരുത്താനും മറക്കരുത്.

ചെറുസരംഭകര്‍ക്ക് വിപണിയില്‍ ആരംഭിക്കാന്‍ പോകുന്ന സംരംഭത്തില്‍ വ്യത്യസ്ത കൊണ്ടുവരുന്നത് വലിയ വെല്ലുവിളി തന്നെയാണ്.ഇതിനൊരു പരിഹാരം എന്ന നിലയില്‍ പറയാന്‍ സാധിക്കുന്നത് നിങ്ങളുടെ വിപണിക്ക് പുറത്ത് വന്‍വിജയമായ സംരംഭങ്ങളെ കുറിച്ച് അത് നിങ്ങളുടെ ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്നതായാല്‍ അത്രയും നല്ലത് മികച്ച പഠനം നടത്തുക.

ഉദാഹരണത്തിന് നിങ്ങള്‍ തിരുവനന്തപുരത്ത് ഒരു റസ്റ്റോറന്റ് ആരംഭിക്കുന്നു.എന്നാല്‍ തലസ്ഥാനത്തുള്ള എല്ലാ റസ്റ്റോറന്റുകളില്‍ നിന്നും വ്യത്യസ്തമായൊരു ആശയം ആണ് നിങ്ങളുടേത്.ഏകദേശം സമാനരീതിയില്‍ കോഴിക്കോട് ഒരു റസ്റ്റോറന്റുള്ളത് നിങ്ങള്‍ക്ക് അറിയാം എങ്കില്‍ ആ സ്ഥാപനത്തെ കുറിച്ച് അടിമുടി പഠിച്ച കൂടുതല്‍ മികവോടെ നിങ്ങളുടെ ആശയത്തെ തിരുവനന്തപുരത്ത് അവതരിപ്പിക്കാന്‍ സാധിക്കും.കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമെന്ന് തോന്നും പക്ഷെ നന്നായി വിയര്‍ക്കേണ്ട മേഖല തന്നെയാണ് മാര്‍ക്കറ്റ് സ്റ്റഡി.

നമുക്ക് ഏറ്റവും മികച്ച ഉദാഹരണം പറഞ്ഞു തരുന്ന ഒരു സിനിമയുണ്ട്.എം മോഹനന്‍ സംവിധാനം ചെയ്ത കഥപറയുമ്പോള്‍.മേലു കാവ് ഗ്രാമത്തിലെ ബാര്‍ബര്‍ ആണല്ലോ നമ്മുടെ നായകനായ ഇ.പി ബാലന്‍.ഈ ബാലന്റെ നാട് ഗ്രാമപ്രദേശമാണ് പൊതുവെ ഇത്തരം ഇടങ്ങളില്‍ ഒരു സലൂണ്‍ അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ ബാര്‍ബര്‍ഷോപ്പെ ഉണ്ടാകാറുള്ളു.അത് തിരുത്തി കൊണ്ടാണ് ആ ഗ്രാമത്തില്‍ മറ്റൊരു സലൂണ്‍ തുറക്കാന്‍ ജഗദീഷ് അവതരിപ്പിച്ച സരസന്‍ എന്ന കഥാപാത്രം ശ്രമിക്കുന്നത്.ബാലന്റെ അതെ സംരംഭം മേലുകാവില്‍ സരസന്‍ വീണ്ടും അവതരിപ്പിക്കുകയല്ല ചെയ്തത്.പുതിയ സാങ്കേതിക വിദ്യയും ആകര്‍ഷകമായ കെട്ടിടവും ഉപകരണങ്ങളും കൊണ്ട് തന്റേത് വ്യത്യസ്തമായ ഒരു സലൂണ്‍ ആണെന്ന് കാണിച്ച് അവിടേക്ക് ഉപഭോക്താക്കളെ എത്തിക്കുകയാണ് സരന്‍സന്‍ ചെയ്തത്.അയാള്‍ക്ക് വേണമെങ്കില്‍ ബാലന്റേതു പോലെ ഒരു സാധാരണ ബാര്‍ബര്‍ഷോപ്പ് തുടങ്ങാമായിരുന്നു.എന്നാല്‍ കാലം മാറിയെന്നും പട്ടണത്തിലും വിദേശത്തുമൊക്കെ മുടിവെട്ട് അടിമുടി മാറിയെന്നും തിരിച്ചറിഞ്ഞ സരസന്‍ തന്റെ പുത്തന്‍ സലൂണിന് വിപണയില്‍ നിലനില്‍പ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് സധൈര്യം മേലുകാവില്‍ സ്ഥാപനം തുറന്നു.

നിങ്ങളുടെ സംരംഭം വിജയിപ്പിക്കാന്‍ മാര്‍ക്കറ്റ് സ്റ്റഡി നടത്താന്‍ ഇനി ഇന്ത്യ മുഴുവന്‍ കറങ്ങേണ്ടി വന്നാലും അത് ഗുണമേ ചെയ്യു.നിങ്ങള്‍ കണ്ടിട്ടില്ലേ ചില പ്രവാസികള്‍ ഗള്‍ഫില്‍ നിന്നൊക്കൈ നാട്ടിലെത്തി കൈയ്യിലുള്ള പണം ഇറക്കി വിദേശത്തെ ആശയങ്ങള്‍ ഇവിടെ നടപ്പാക്കി ദയനീയമായി പരാജയപ്പെടുന്നത്. കാരണം മറ്റൊരു രാജ്യത്തെ വിപണിയല്ല ഇവിടുത്തേത്.വിദേശ ആശയങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സംരംഭം ക്ലിക്കാകണമെന്നില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.