Sections

ലോണ്‍ എളുപ്പത്തില്‍ കിട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- ബിസിനസ് ഗൈഡ് സീരീസ്

Friday, Oct 22, 2021
Reported By Ambu Senan & Jeena S Jayan
business guide

ലോണ്‍ ഏതൊക്കെ തരത്തില്‍, എവിടുന്നൊക്കെ കിട്ടും?

 

ബിസിനസിലേക്ക് കടക്കുമ്പോള്‍ അത് ചെറിയ രീതിയിലാണെങ്കിലും അല്ലെങ്കിലും പണത്തിന് വലിയ പ്രാധാന്യമുണ്ട്.പ്രധാനമായും നിങ്ങളെല്ലാവരും വായ്പകളെ ആകും ഫണ്ടിംഗിന് വേണ്ടി ആശ്രയിക്കുക.പുതിയ സംരംഭകര്‍ മാത്രമല്ല ആരംഭിച്ച സംരംഭം വിപുലീകരിക്കാനും ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും വായ്പയ്ക്ക് വേണ്ടി പലരും സമീപിക്കാറുണ്ട്.ഈ അവസരത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്ന് ബിസിനസ് ഗൈഡ് സീരിസ് പങ്കുവെയ്ക്കുന്നത്.

കോവിഡിനെ തുടര്‍ന്ന് വിദേശത്ത് നിന്ന് ജോലി ഉപേക്ഷിച്ച് വരുന്നവരും ഇവിടെ ജോലി നഷ്ടമായവരും ഒക്കെ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിലേക്ക് വലിയ തോതില്‍ തിരിയുന്നുണ്ട്.അതോടൊപ്പം സര്‍ക്കാര്‍ ലൈസന്‍സ് അടക്കമുള്ള നടപടികള്‍ ലഘൂകരിക്കുക കൂടി ചെയ്തതോടെ ബിസിനസ് മേഖല കൂടുതല്‍ ആകര്‍ഷകമായി കഴിഞ്ഞിരിക്കുന്നു.

ബാങ്കുകള്‍ കെഎഫ്സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളൊക്കെ ഇപ്പോള്‍ സംരംഭകര്‍ക്ക് വായ്പകള്‍ നല്‍കാന്‍ താല്‍പര്യപ്പെടുന്ന അവസരത്തില്‍ പണത്തിനായി മറ്റേത് വഴിയെക്കാളും സിംപിളാണ് സംരംഭ വായ്പകള്‍ എന്ന് നമുക്ക് പറയാം.പക്ഷെ നിങ്ങളുടെ വ്യവസായം ആരംഭിക്കും മുന്‍പ് തന്നെ ഓര്‍ക്കേണ്ട ചില കാര്യങ്ങളാണ് ആദ്യം പറയുന്നത്.

നിങ്ങള്‍ ഒരു ഉത്പന്നം അല്ലെങ്കില്‍ സേവനം വികസിപ്പിക്കുന്നു ഈ സംരംഭത്തിന്റെ പ്രൊജക്ട് സാധ്യത പഠനം ആണ് ആദ്യം നടത്തേണ്ടത്.മുന്‍പ് ബിസിനസ് ഗൈഡ് സീരിസില്‍ പരാമര്‍ശിച്ചത് പോലെ നമ്മള്‍ പദ്ധതിയിടുന്ന സംരംഭത്തിനെ എല്ലാ തലത്തിലും സമീപിച്ച് പഠിക്കണം.

ഇനി മറ്റൊരു കാര്യം നിങ്ങള്‍ പദ്ധതിയിടുന്ന സംരംഭം പ്രൊജക്ട് പ്ലാനില്‍ ലക്ഷ്യമിടുന്ന വഴിയിലേക്ക് പോകുന്നില്ല അതായത് ഏതെങ്കിലും വിധ പ്രശ്നങ്ങളില്‍പ്പെട്ട് വിചാരിച്ചത് പോലെ വിജയിക്കുന്നില്ലെങ്കില്‍ അടുത്ത് നിങ്ങളുടെ നീക്കം എന്തായിരിക്കും എന്നത് തുടക്കത്തിലെ ഉറപ്പിക്കുക.ചുരുക്കി പറഞ്ഞാല്‍ ഒരു പ്ലാന്‍ ബിയും സിയും ഒക്കെ ഉണ്ടാക്കി വെയ്ക്കുന്നത് നല്ലതാണ്.

നിങ്ങളുടെ സംരംഭത്തില്‍ നിന്ന് വില്‍പ്പന നടത്തുന്ന ഉത്പന്നമോ അല്ലെങ്കില്‍ സേവനമോ അതിന്റെ വിറ്റകാശ് തിരിച്ചു പിടിക്കാന്‍ അഥവാ പിരിച്ചെടുക്കാനുള്ള സ്വന്തം ശേഷി ഒന്ന് വിലയിരുത്തുക.ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് നമ്മുടെ നാട്ടില്‍ സംരംഭം തുടങ്ങാനോ പ്രൊഡക്ട് പുറത്തിറക്കാനോ അല്ല ശരിക്കും പ്രയാസം, അത് പ്രൊഡക്ട് വിറ്റഴിക്കുക എന്നതാണ്.

ഇനിയാണ് വളരെ പ്രധാനപ്പെട്ട, തുടക്കത്തില്‍ സൂചിപ്പിച്ച പണത്തിന്റെ കാര്യം.നിങ്ങള്‍ക്ക് സംരംഭത്തിലേക്ക് മുടക്കാന്‍ കടമല്ലാതെ എത്ര തുക സ്വന്തം പോക്കറ്റിലുണ്ടെന്നത് കാല്‍ക്കുലേറ്റ് ചെയ്യുക.ഉദാഹരണത്തിന് ഒരു 5 ലക്ഷം രൂപയുടെ പദ്ധതിയുമായി നിങ്ങള്‍ ബിസിനസിന് ഇറങ്ങുന്നു എന്ന് സങ്കല്‍പ്പിക്കുക.ബാങ്ക് ലോണ്‍വഴി ഒരു 3 ലക്ഷം എങ്കിലും സംഘടിപ്പിക്കാം അപ്പോഴും 2 ലക്ഷം എങ്കിലും നിങ്ങളുടെ പക്കല്‍ ഉണ്ടാകണം.

അതുപോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ ലോണ്‍ ഹിസ്റ്ററി.ഇതുവരെ ഏതെങ്കിലും വായ്പകളെടുത്തിട്ടുണ്ടോ ? അത് കൃത്യമായി തിരിച്ചടച്ചിട്ടുണ്ടോ ? എന്നീകാര്യങ്ങള്‍ പരിശോധിക്കുക.സിബില്‍ സ്‌കോര്‍ മികച്ചതാണെങ്കില്‍ മാത്രമെ ബാങ്കുകള്‍ ലോണ്‍ അനുവദിക്കാന്‍ താല്‍പര്യപ്പെടാറുള്ളു.

പ്രധാനമായും രണ്ട് തരത്തിലുള്ള സിബില്‍ സ്‌കോര്‍ ആണുള്ളത്.സിംഗിള്‍ ഓണര്‍ഷിപ്പാണെങ്കില്‍ സംരംഭ ഉടമയുടെ സിബിലും അതല്ല മറിച്ച് പങ്കാളിത്ത സംരംഭം ആണെങ്കില്‍ ഓരോ പാര്‍ട്ട്ണര്‍മാരുടെ സിബിലും പരിശോധിക്കാറുണ്ട്.

ഇതുകൂടാതെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംരംഭം ആണ് വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ കൊമേഴ്ഷ്യല്‍ എംഎസ്എംഇ സിബില്‍ അതായത് വ്യവസായ യൂണിറ്റ് നേരത്തെ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവ് ചരിത്രം ആകും ബാങ്കുകള്‍ പരിശോധിക്കുക.സംരംഭകന്റെയോ സംരംഭത്തിന്റെയോ സിബില്‍ സ്‌കോര്‍ മോശമാണെങ്കില്‍ വായ്പ അപേക്ഷ തള്ളിക്കളയാന്‍ ബാങ്കുകള്‍ ശ്രമിക്കും.

ഇനി സംരംഭത്തിലേക്ക് വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ അവതരിപ്പിക്കുന്ന പ്രൊജക്ട് റിപ്പോര്‍ട്ടില്‍ നിങ്ങള്‍ ആദ്യ വര്‍ഷം നിര്‍മ്മിക്കുന്ന ഉത്പന്ന നിരക്കും ഉപയോഗിക്കുന്ന യന്ത്രസംവിധാനം ഉപയോഗിച്ച് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നിരക്കും തമ്മില്‍ ചേര്‍ച്ചയില്ലാതെ പോകാം.ഇത് ബാങ്കുകള്‍ നോട്ട് ചെയ്യും.ഇതിനൊപ്പം വാണിജ്യ സാധ്യതയില്ലാത്ത ആശയത്തെ അവതരിപ്പിക്കുകയോ അവതരണത്തിലൂടെ വാണിജ്യ സാധ്യത തെളിയിക്കാനോ കഴിഞ്ഞില്ലെങ്കിലും വായ്പ സാധ്യത മങ്ങിപ്പോകാം.

ബാങ്കുകളോട് ചോദിക്കുന്ന വായ്പ തുക ഉയര്‍ന്നിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.ഉദാഹരണത്തിന് നിങ്ങള്‍ ഒരു ഫോട്ടോസ്റ്റുഡിയോ ആരംഭിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.അവിടെ ഉപയോഗിക്കുന്ന എല്ലാ സിസ്റ്റവും ആപ്പിളിന്റേതാകണം ക്യാമറകള്‍ നിക്കോണിന്റേത് തന്നെയാകണം എന്നതടക്കം എല്ലാം ചെലവേറിയതാകും ബാങ്കിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍.ഇക്കൂട്ടത്തില്‍ പ്രാരംഭ ഘട്ടത്തില്‍ ഒഴിവാക്കാനാകുന്ന ചിലവുകള്‍ എല്ലാം കൂടി ചേര്‍ത്ത് വലിയ തുക തന്നെ ആവശ്യപ്പെട്ടാല്‍ ബാങ്ക് കൈമലര്‍ത്തി കാണിക്കാം.

സംരംഭം പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സുകളും രജിസ്ട്രേഷനുകളും പൂര്‍ത്തിയാക്കിയ ശേഷമാകണം ബാങ്കുകളിലേക്ക് വായ്പയ്ക്കായി അപേക്ഷ നല്‍കാന്‍.

വ്യക്തമായ ധാരണയില്ലാതെ സംരംഭത്തിലേക്ക് കടക്കുന്നവര്‍ ശ്രദ്ധിക്കണം.ഉദാഹരണത്തിന് ഉണ്ടായിരുന്ന ജോലി നഷ്ടമായി മറ്റൊന്നും കിട്ടാത്തതുകൊണ്ട് ഒരു ബിസിനസ് തുടങ്ങാം എന്ന് കരുതി,അല്ലെങ്കില്‍ പ്രത്യേകിച്ച് ജോലി ഒന്നുമില്ലാത്തത് കൊണ്ട് ഒരു സംരംഭം ആരംഭിക്കാന്‍ താല്‍പര്യപ്പെടുന്നു.ഇത്തരം  ആളുകള്‍ക്ക് ചെയ്യാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് വലിയ ധാരണ ഉണ്ടാകില്ല.ബാങ്കുമായോ ധനകാര്യസ്ഥാപനങ്ങളുമായോ വായ്പയ്ക്ക് വേണ്ടിയുള്ള ആദ്യഘട്ടചര്‍ച്ചയില്‍ തന്നെ നിങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലെന്ന് ബോധ്യമായാലും വായ്പ അനുവദിക്കാന്‍ സാധ്യതയില്ല.

ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ഒരിക്കലും ബിസിനസ് ലോണ്‍ അനുവദിക്കുന്നത് കൊളാറ്ററല്‍ നോക്കിയാകില്ല.എപ്പോഴും സംരംഭത്തിന്റെ പ്രവര്‍ത്തന സാധ്യത വിലിയിരുത്തിയാകും എന്നത് ഓര്‍ക്കണം.

നിങ്ങള്‍ മറ്റൊരു ജോലി ചെയ്യുകയും സൈഡ് ബിസിനസ് ആയി ഒരു സംരംഭം തുടങ്ങുകയും ആണ് .ഈ ഒരു വസ്തുതയും ബാങ്കുകളെ വായ്പ നല്‍കുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചേക്കാം.നിങ്ങളുടെ പ്രധാന ശ്രദ്ധ ജോലിയിലേക്ക് ആയിരിക്കുമല്ലോ എന്ന കാരണം ചൂണ്ടിക്കാട്ടി ബാങ്കുകള്‍ വായ്പ അപേക്ഷ തള്ളാം.

ഈ പറഞ്ഞകാര്യങ്ങളൊക്കെ മനസില്‍ വെച്ച് കൃത്യമായ ധാരണയോടെ ബാങ്കുകളെയോ ധനകാര്യസ്ഥാപനങ്ങളെയോ സമീപിച്ചാല്‍ 100ശതമാനം ഉറപ്പായും നിങ്ങളുടെ സംരംഭ വായ്പ തള്ളിപ്പോകില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.