Sections

ഒരു സംരംഭം തുടങ്ങുമ്പോള്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ - ബിസിനസ് ഗൈഡ് സീരീസ്

Thursday, Oct 21, 2021
Reported By Jeena & Gopika
business guide series

 ഒരു സംരംഭത്തിന്റെ കാര്യം എന്ന് വെച്ചാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ് തുടങ്ങിയേക്കാം

 

ഒരു സംരംഭം തുടങ്ങുമ്പോള്‍ നമ്മള്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളെ കുറിച്ച് ഇതിനോടകം ബിസിനസ് ഗൈഡ് സീരീസ് പറഞ്ഞു കഴിഞ്ഞു.അക്കൂട്ടത്തില്‍ സംരംഭങ്ങളുടെ ഓണര്‍ഷിപ്പുകളെയും പരിചയപ്പെടുത്തി.ഇനി പറയാന്‍ പോകുന്നത് അതീവ ജാഗ്രതയോടെ നിങ്ങള്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒരു സംഗതിയാണ്. 

പ്രൊപ്രൈറ്റര്‍ഷിപ്പ്,പാര്‍ട്ണര്‍ഷിപ്പ് അങ്ങനെ ഏത് തരം സംരംഭം ആണെങ്കിലും കാര്യങ്ങളില്‍ കുറച്ച് അറിവ് കൂടിയേ തീരൂ.നമുക്ക് ബിസിനസ് ഗൈഡ് സീരീസിലൂടെ ഈ വിഷയത്തിന്റെ പ്രാധാന്യം നോക്കിയാലോ ?

ഒരു സംരംഭത്തിന്റെ കാര്യം എന്ന് വെച്ചാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ് തുടങ്ങിയേക്കാം. നിങ്ങള്‍ ആരംഭിക്കുന്ന ബിസിനസില്‍ എപ്പോഴാണ് ടാക്സ് അടച്ചു തുടങ്ങേണ്ടത് ? ഒരു ബാങ്ക് അക്കൗണ്ട് തുറക്കാന്‍ എന്തൊക്കെ രേഖകള്‍ ആവശ്യമായി വരും?.സ്ഥാപനത്തില്‍ സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് ? പി.എഫ്-ഇഎസ്ഐ രജിസ്ട്രേഷന് എന്തൊക്കെ ആവശ്യമായി വരും? തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്ക് വ്യക്തമായ അറിവ് നേടേണ്ടത് സംരംഭകന് അത്യാവശ്യമാണ്.

നികുതി അടയ്ക്കേണ്ടത് ?

നികുതിയുടെ കാര്യം വരുമ്പോള്‍ ഓണര്‍ഷിപ്പുകള്‍ മാറുന്നത് അനുസരിച്ച് നികുതിയിലും വ്യത്യാസം വരും.ഉദാഹരണത്തിന് പ്രൊപ്പൈറ്റര്‍ഷിപ്പില്‍ ടാക്സ് അടയ്ക്കേണ്ടി വരുന്നത് സ്ലാബ് റേറ്റ് അനുസരിച്ചാകും.അതായത് രണ്ടര ലക്ഷം രൂപവരെ ആണ് വരുമാനം എങ്കില്‍ നികുതി അടയ്ക്കേണ്ടതില്ല അതേസമയം രണ്ടര ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയില്‍ വരുമാനം നേടുന്ന സംരംഭങ്ങള്‍ 5 ശതമാനം വരെ നികുതി അടയ്ക്കേണ്ടതുണ്ട്. പിന്നെ 5 ലക്ഷത്തിനു മുകളിലേക്ക് ആണെങ്കില്‍ 12500 രൂപയും ഒപ്പം ആകെ വരുമാനത്തിന്റെ 20 ശതമാനവും നികുതി ഇനത്തില്‍ അടയ്ക്കേണ്ടിവരും.
10 ലക്ഷത്തിനു മുകളില്‍ വരുമാനം എത്തുമ്പോള്‍ ഈ നികുതി ശതമാനം 30 ശതമാനമായി ഉയരും.

അതേ സമയം പാര്‍ട്ട്ണര്‍ഷിപ്പിലെത്തുമ്പോള്‍ സാമ്പത്തിക വര്‍ഷത്തില്‍ ഒരു രൂപയാണ് ലാഭം എങ്കില്‍ പോലും 30 ശതമാനം ടാക്സ് അടയ്ക്കേണ്ടിവരും.അതെസമയം കമ്പനികള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന 30 ശതമാനം നികുതി 2017ലെ ബജറ്റില്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ 24 ശതമാനം ആക്കി നല്‍കിയിരുന്നു.


ബാങ്ക് അക്കൗണ്ട്

ഒരു ബാങ്കില്‍ സംരംഭവുമായി ബന്ധപ്പെട്ട് ഒരു അക്കൗണ്ട് തുറക്കാനായി എത്തുമ്പോള്‍ ബാങ്ക് ആദ്യം ആവശ്യപ്പെടുന്നത് പാന്‍ കാര്‍ഡ് ആയിരിക്കും.കമ്പനിയ്ക്ക് പാന്‍ നമ്പറിന് വേണ്ടി മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍(MOA) മതിയാകും.
പാര്‍ട്ടണര്‍ഷിപ്പ് സംരംഭങ്ങളില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഡീഡ് രജിസ്ട്രാററുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തതിന്റെ റസീപ്റ്റും പാന്‍കാര്‍ഡുമായി ബാങ്കിനെ സമീപിച്ചാല്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കും.സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പാണെങ്കില്‍ സംരംഭം ചെയ്യുന്നതിന്റെ കോര്‍പ്പറേഷന്‍ ലൈസന്‍സ് ബാങ്ക് ആവശ്യപ്പെടും.

സ്റ്റോക്ക് രജിസ്റ്റര്‍

സെയിലും പര്‍ച്ചേസും സംരംഭത്തില്‍ നടക്കുന്നുണ്ടെങ്കില്‍ സ്റ്റോക്ക് രജിസ്റ്റര്‍ അനിവാര്യമാണ്.സ്റ്റോക്കുകള്‍ എവിടെ നിന്നു എടുത്തു,എത്ര ഓര്‍ഡര്‍ ചെയ്തു,എത്ര ഉണ്ട്,എത്ര വില്‍പ്പന നടത്തി തുടങ്ങിയ കണക്കുകള്‍ സൂക്ഷിക്കണം.അതിപ്പോ ഏത് രീതിയില്‍ എഴുതി സൂക്ഷിച്ചാലും നമുക്ക് അതിനെ ഒറ്റപ്പേരില്‍ അതായത് സ്റ്റോക്ക് രജിസ്റ്റര്‍ എന്നു വിളിക്കാം.ഇതിനു പുറമെ ഒരു കമ്പനിയില്‍ ഷെയറുകളുടെയും അല്ലെങ്കില്‍ ഓഹരി ഉടമകള്‍ക്കിടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍,വാങ്ങലുകള്‍ എന്നിവയുടെ വിശദമായ രേഖയും സ്റ്റോക്ക് രജിസ്റ്ററിന്റെ പരിധിയില്‍പ്പെടും.

സേവന മേഖലകളില്‍ 9 ലക്ഷം രൂപ വരുമാനം ലഭിച്ചു തുടങ്ങുന്നത് വരെ നമ്മുടേതായ രീതിയിലാണ് ഈ രേഖകളും കണക്കുകളും സെയില്‍ ബില്ലും ഒക്കെ ഒക്കെ കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നതെങ്കിലും 9 ലക്ഷത്തിനു മുകളില്‍ വരുമാനം എത്തിയാല്‍ സര്‍വ്വീസ ടാക്സ് രജിസ്ട്രേഷന്‍ ചെയ്യേണ്ടി വരും.ഇതിനു ശേഷം അനുവദിച്ചു ലഭിക്കുന്ന പ്രത്യേക രീതിയില്‍ തന്നെ ഇന്‍വോയിസ്  കൈമാറ്റം ചെയ്യാന്‍ പാടുള്ളു അതായത് പിന്നീട് നമുക്ക് നമ്മുടെ ഇഷ്ടത്തിനുള്ള ബില്ലിംഗ് ഒന്നും പറ്റില്ലെന്ന് തന്നെ.വരുമാനം 10 ലക്ഷമാകുമ്പോള്‍ കേരള വാറ്റ് നികുതിയും അടയ്ക്കേണ്ടിവരും.

ഇ.എസ്.ഐ രജിസ്ട്രേഷന്‍

നിങ്ങളുടെ സംരംഭം അതിപ്പോള്‍ ഫാക്ടറി ആണെങ്കില്‍ തൊഴിലാളികളുടെ എണ്ണം 10 ഉം സാധാരണ സ്ഥാപനത്തില്‍ 20 ജീവനക്കാരും ആകുമ്പോള്‍ മാത്രമാണ് പിഎഫ്-ഇഎസ്ഐ രജിസ്ട്രേഷനെ കുറിച്ച് ചിന്തിക്കേണ്ടത്.പ്രതിമാസം പിഎഫിന് 15000 രൂപയും ഇഎസ്ഐ ലിമിറ്റ് 21000 രൂപയുമായി നിശ്ചയിച്ചിട്ടുണ്ട്.ഈ പരിധിക്കുള്ളില്‍ വരുമാനം വരുന്നവര്‍ക്ക് ആകും ഇ.എസ്ഐ-പിഎഫ് പരിരക്ഷ ലഭിക്കുക.

ഇത്തരം കാര്യങ്ങളാണ് ഒരു സംരംഭത്തിലെ പ്രധാനപ്പെട്ട അതായത് നിങ്ങള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത കമ്പനി കാര്യങ്ങള്‍.ഇക്കാര്യങ്ങള്‍ മനസിലാക്കിയ ശേഷം ഓണര്‍ഷിപ്പ് തീരുമാനിച്ചാലും തെറ്റില്ല.

ഏത് തരത്തിലുള്ള ഓണര്‍ഷിപ്പ് ആണ് നിങ്ങള്‍ക്ക് ആവശ്യം എന്നും അതിലേക്കായി നിങ്ങള്‍ക്ക് ആവശ്യം വരുന്ന രേഖകളെ കുറിച്ചും ഒക്കെ വ്യക്തമായി അറിയാന്‍ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് വിദഗ്ധനുമായി സംസാരിക്കുന്നതായിരിക്കും നല്ലത്.

നിങ്ങളുടെ ബിസിനസ് മോഡല്‍,ഉത്പന്നം,ടാര്‍ജറ്റ്  ഉപയോക്താക്കള്‍,ഭാവി ലക്ഷ്യം,ഫണ്ടിംഗ്,മുതലായവ കൂടി പരിഗണിച്ചുകൊണ്ട് അനുയോജ്യമായ ബിസിനസ് ഘടന തെരഞ്ഞെടുക്കാനും അവയുടെ നിയമ വശങ്ങളെ കുറിച്ച് മനസിലാക്കി തരാനും ഇത്തരം വിദഗ്ധര്‍ക്ക് സാധിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ഒക്കെ വലിയ പിന്തുണയും സഹായങ്ങളും ഏറിവരുമ്പോള്‍ സംരംഭക ആശയങ്ങള്‍ രൂപീകരിക്കുന്നതിനെക്കാള്‍ പ്രയാസമാണ് അത് നടപ്പിലാക്കുന്നതും പദ്ധതി രൂപീകരണവും ഒക്കെ.എങ്ങനെ ഒരു ഐഡിയ ലാഭം തരുന്ന ബിസിനസ് ആക്കി മാറ്റാം എന്നതിനു പോലും സ്ട്രക്ചറും നിയമവശങ്ങള്‍ അറിയുന്നതു ഗുണം ചെയ്തേക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.