- Trending Now:
ഒടുവില്‍ നിരവധി കാര്യങ്ങള്‍ പഠിക്കുകയും പരിഗണിക്കുകയും ചെയ്തതിന്റെ ഫലമായി സംരംഭ ലോകത്തേക്ക് കടക്കാന്‍ സതീഷ് തീരുമാനിച്ചിരിക്കുന്നു.സതീഷ് ഇക്കാര്യം സുഹൃത്തുക്കളെ അറിയിച്ചു. അവര്‍ സതീഷിന്റെ പുതിയ സ്റ്റാര്‍ട്ടപ്പിന് എല്ലാ വിധ ആശംസകളും നേര്‍ന്നു.വീട്ടിലെത്തി വിഷയം അവതരിപ്പിച്ചപ്പോള്‍ ബിസിനസില്‍ ഉയരങ്ങളിലെത്തട്ടെ എന്നാണ് സതീഷിന്റെ അച്ഛന്‍ ആശംസിച്ചത്.ശരിക്കും ഞാന്‍ സതീഷിന്റെ കാര്യം ഇവിടെ സൂചിപ്പിച്ചത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയെ കുറിച്ച് പറയാന്‍ ആണ്.ശരിക്കും ഒരു ബിസിനസും സ്റ്റാര്‍ട്ടപ്പും ഒന്നാണോ? ബിസിനസ് ഗൈഡ് സീരിസിലെ ഈ പുതിയ ലക്കത്തില്‍ ബിസിനസും സ്റ്റാര്‍ട്ടപ്പും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നമുക്ക് നോക്കാം .
നമ്മളില്‍ പലരും ചിന്തിക്കുന്നത് ബിസിനസും സ്റ്റാര്‍ട്ടപ്പും ഒന്നു തന്നെയാണ് എന്നാണ്.ചിലരുടെ അഭിപ്രായത്തില്‍ കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങുന്ന ബിസിനസുകള്‍ തന്നെയാണ് സ്റ്റാര്‍ട്ടപ്പ്.എന്നാല്‍ ബിസിനസും സ്റ്റാര്‍ട്ടപ്പും രണ്ടാണ്.
ബിസിനസിന്റെ കാര്യം ആദ്യം പറയാം.നമുക്കെല്ലാവര്‍ക്കും അറിയാം എന്താണ് ബിസിനസ് എന്ന്.പണം ലഭിക്കാനായി സാധനങ്ങളോ സേവനങ്ങളോ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന പ്രവര്‍ത്തി ആണ് ബിസിനസ്, അല്ലേ ?
പക്ഷെ അടിസ്ഥാനപരമായി പരിശോധിച്ചാല്‍ ബിസിനസ് എന്നത് പ്രതിഫലം വാങ്ങിക്കൊണ്ട് നല്‍കുന്ന സേവനം ആണ്.സമൂഹത്തിന് ആവശ്യമായ വസ്തുക്കള്‍,സേവനങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്തുകൊണ്ട് ബിസിനസ് ചെയ്യുന്ന ആള്‍ ഒരു നിശ്ചിത ലാഭം പ്രതിഫലമായി കൈപ്പറ്റുന്നു.
വിദഗ്ധരുടെ നിരീക്ഷണം അനുസരിച്ച് തുണിക്കടയോ,പലചരക്ക് കടയോ എന്തുമാകട്ടെ ഇവയെല്ലാം അടിസ്ഥാനപരമായി ചെയ്യുന്നത് സേവനം ആണ്.ഇക്കാര്യത്തില്‍ അറിവില്ലാതെ ആണ് പലരും എടുത്തു ചാടി പണം ഉണ്ടാക്കാനും ലാഭം നേടാനും ബിസിനസ് ചെയ്ത് വലിയ പരാജങ്ങളേറ്റുവാങ്ങുന്നത്.ഏത് ബിസിനസ് ചെയ്താലും അതൊരുതരം സേവനമാണെന്ന ബോധ്യത്തോടെ കഠിനമായി പരിശ്രമിച്ചാലെ ഗുണം ലഭിക്കൂ.
സ്റ്റാര്‍ട്ടപ്പ് എന്നാല്‍ ബിസിനസ് തന്നെയാണ് എന്നാല്‍ പക്ഷെ എല്ലാ ബിസിനസുകളെയും നമുക്ക് സ്റ്റാര്‍ട്ടപ്പ് എന്ന് വിളിക്കാനും സാധിക്കില്ല.അതായത് നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഹോട്ടല്‍,തുണിക്കട,ഫോട്ടോസ്റ്റാറ്റ് കട,എക്സ്പോട്ടിംഗ് സെന്റര്‍,കൊറിയര്‍ സര്‍വ്വീസ് അടക്കം ഒട്ടുമിക്ക ബിസിനസുകളും പലയിടത്തും പതിവായി കാണുന്നതരം ബിസിനസുകള്‍ ആണ് അതുകൊണ്ട് ഇവ ബിസിനസ് കാറ്റഗറിക്കുള്ളില്‍ ഒതുങ്ങുന്നു.
അതേസമയം സ്റ്റാര്‍ട്ടപ്പുകളെന്നതു പുതുപുത്തന്‍ ആശയത്തില്‍ ആരംഭിക്കുന്ന നവസംരംഭങ്ങള്‍ തന്നെയാണ്.സ്റ്റാര്‍ട്ടപ്പുകളുടെ ആശയം വലിയ വികാസം പ്രാപിച്ചതായിരിക്കും.ചെറിയ ചുറ്റുപാടില്‍ ഒതുങ്ങാതെ വ്യാപിക്കാനും വിപുലീകരിക്കാനും സാധ്യതയുള്ള ഭാവിയില്‍ മികച്ച വളര്‍ച്ചയുള്ള ആശയം ആണ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രത്യേകത.
ഒരിക്കലും സ്റ്റാര്‍ട്ടപ്പ് കൊണ്ട് പെട്ടെന്ന് കുറച്ചധികം പണം ഉണ്ടാക്കാമെന്നോ അല്ലെങ്കില്‍ അതിലൂടെ ജീവിതമാര്‍ഗ്ഗം ഉണ്ടാകുമെന്നോ ഉള്ള രീതിയിലുള്ള ചിന്തകളുണ്ടാകില്ല.ഭാവിയില്‍ ലോകം അറിയുന്ന വലിയൊരു കോര്‍പറേറ്റ് സ്ഥാപനം ആക്കി തന്റെ സ്റ്റാര്‍ട്ടപ്പ് വളരണമെന്ന ലക്ഷ്യത്തിലേക്ക് വേണ്ടിയാകും ഒരു സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുക.ലാഭത്തെക്കാള്‍ ഇത്തരം സ്ഥാപനങ്ങള്‍ വളര്‍ച്ചയെ കുറിച്ച് ആണ് ചിന്തിക്കുന്നത്.
അതേസമയം ബിസിനസ് തുടങ്ങുന്ന ആളിന് അത് അയാളുടെ ജീവിതത്തിലെ വരുമാന മാര്‍ഗ്ഗം തന്നെയാണ്.അതിപ്പോള്‍ വലിയൊരു ഗാര്‍മെന്റ് ഫാക്ടറി ആണെങ്കില്‍ പോലും അങ്ങനെ തന്നെയാണ്.
സൊമാറ്റോ,ബൈജൂസ് ഒക്കെ സ്റ്റാര്‍ട്ടപ്പുകളായി ആരംഭിച്ച് ഇന്ന് വിദേശ നിക്ഷേപത്തിലൂടെ വലിയ വളര്‍ച്ച നേടിയ സ്ഥാപനങ്ങളാണ്.സ്റ്റാര്‍ട്ടപ്പില്‍ എപ്പോഴും മികച്ച കഴിവുള്ള ജീവനക്കാരെ ആകും നിയമിക്കുക.അതിനൊപ്പം ടെക്നോളജിയും പരാമവധി ഉപയോഗപ്പെടുത്തും പുതിയ ടെക്നിക്കല്‍ അപ്ഡേറ്റുകളിലൂടെ ബിസിനസ് മാനേജ് ചെയ്യാന്‍ ശ്രമിക്കുന്നതും സ്റ്റാര്‍ട്ടപ്പുകളുടെ പ്രത്യേകതയാണ്.
ലാഭവും വരുമാനവും ഒന്നും സ്റ്റാര്‍ട്ടപ്പ് പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞാല്‍ തല്‍ക്കാലം ഒന്നും ലക്ഷ്യമിടുന്നില്ലെങ്കിലും ഭാവിയില്‍ ഭീമമായ ലാഭം മുന്നില്‍ കണ്ടു കൊണ്ടാണ് എല്ലാ സ്റ്റാര്‍ട്ടപ്പുകളും പ്രവര്‍ത്തിക്കുന്നത്.
ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മൂലധനം,നിക്ഷേപങ്ങളിലൂടെയും മാര്‍ക്കറ്റിംഗിലൂടെയും ആണ് കണ്ടെത്തുന്നത്.ബിസിനസുകള്‍ അതെ സമയം വായ്പകളും മറ്റും ആശ്രയിക്കുന്നു.
ബിസിനസ്സിലെ ലാഭവും, വളര്‍ച്ചയും ഒക്കെ എത്രത്തോളം ബിസിനസ്സ് നമ്മള്‍ കൈകാര്യം ചെയ്യുന്നു, എന്നതിന്റെ വ്യാപ്തി അനുസരിച്ചാണ് ഉണ്ടാവുക. അത് തന്നെയാണ് ബിസിനസ്സിന്റെ പ്രധാന ഗുണവും, ആകര്‍ഷണവും.ഉദാഹരണത്തിന് പൂവ് കച്ചവടക്കാരന്‍ ദിവസേന 100 കിലോ പൂവ് വില്‍ക്കുന്നു എന്ന് കരുതുക.ഒരു കിലോയ്ക്ക് 100 രൂപ എന്ന് കണക്ക് കൂട്ടിയാല്‍ ദിവസം 10000 രൂപയുടെ വളര്‍ച്ച ലാഭം അയാള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ പൂവ് ഇറക്കുന്ന ചെലവും,വഴിയരികിലെ കടയുടെ വാടകയും അടക്കമുള്ള ചെലവുകള്‍ കണക്കാക്കി കുറച്ചാല്‍ നെറ്റ് പ്രോഫിറ്റ് 5000 രൂപയിലൊതുങ്ങും അതായത് ഒരു കിലോ പൂവിന് ലഭിച്ച അറ്റാദായം 50 രൂപ ആണ്.
ഇതെ കച്ചവടക്കാരന്‍ പ്രതിദിനം 100 കിലോയ്ക്ക് പകരം 200 കിലോ വില്‍ക്കുന്നു എന്ന് കരുതുക അയാളുടെ നെറ്റ് പ്രോഫിറ്റ് വര്‍ദ്ധിക്കും എന്നാല്‍ ചെലവുകള്‍ ഉയരുന്നുമില്ലല്ലോ.അതായത് വില്‍പ്പന ഉയരുന്നതാണ് ബിസിനസിന്റെ ലാഭം ഉയര്‍ത്തുന്ന മാജിക്,ഉത്പന്നങ്ങള്‍ ഒന്നിച്ച് വില്‍പ്പന നടത്തുമ്പോള്‍ വലിയ തുക ലാഭം നേടാം.അതുപോലെ ഒരു തവണ വന്‍ ഉത്പാദനം നടത്തിയാലും നിര്‍മ്മാണ ചെലവ് കുറച്ച് ഒരു തുക അധികലാഭം നേടാന്‍ ബിസിനസുകാര്‍ക്ക് സാധിക്കും.
ഇതുപോലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കില്ല.അതുകൊണ്ട് തന്നെ ആശയത്തിലൂന്നി തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരിമിതികള്‍ ഉണ്ട്.മികച്ച ആശയം അല്ലെങ്കില്‍ പല സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടുന്നതിന് കാരണം ഇത് തന്നെയാണ്.പരിമിതികളെ അതിജീവിച്ച് ആശയവുമായി മുന്നേറുന്ന സ്റ്റാര്‍ട്ടപ്പുകള്‍ പിന്നീട് യൂണികോണുകള്‍ ആയി മാറുയും ശേഷം വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി രാജ്യത്തിന് അകത്തും പുറത്തും യശസ്സുയര്‍ത്തുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.