- Trending Now:
ഇന്നത്തെ തലമുറ അതിവേഗത്തില്‍ ജീവിക്കുന്നവരാണ്. ഇന്റര്‍നെറ്റില്‍ ഒറ്റ ക്ലിക്കിലൂടെ നമുക്ക് ഇന്ന് എല്ലാം ലഭ്യമാകുന്നു.നിങ്ങള്‍ ഈ ലോകത്തിനു മുന്നില്‍ പുതിയൊരു ബിസിനസ് ഐഡിയ അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ സമൂഹത്തിന്റെ ടെക്നോളജി താല്‍പര്യങ്ങളെ കൂടി ആദ്യ ഘട്ടത്തില്‍ പരിഗണിക്കേണ്ടതുണ്ട്.ആദ്യകാലത്ത് ഫര്‍ണിച്ചര്‍ സ്റ്റോറുകളും ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍ ഒക്കെ വില്‍ക്കുന്ന ഇലക്ട്രോണിക് ഷോപ്പുകളും മാത്രമായിരുന്നു ഡോര്‍ ഡെലിവറി നടത്തിയിരുന്നത്.പിന്നീട് ഊബര്‍,സ്വിഗ്ഗി എന്നിവരുടെ വരവോടെ അത് റസ്റ്റോറന്റുകളുടെ കുത്തകയായി ഇന്ന് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്തിനും ഹോം ഡെലിവറി പ്രതീക്ഷിക്കുന്ന സമൂഹമാണ് നമ്മുടേത്.അതുകൊണ്ട് തന്നെ നിങ്ങള്‍ ആരംഭിക്കുന്ന സംരംഭം പ്രദാനം ചെയ്യുന്ന ഉത്പന്നമോ-സേവനമോ എത്രയും വേഗം ഉപഭോക്താക്കള്‍ക്ക് കിട്ടുന്ന തരത്തിലുള്ളതാകണം.
ബിസിനസ് ഗൈഡ് സീരീസിലൂടെ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ആധുനിക ലോകത്തിന് ഒഴിവാക്കാന്‍ സാധിക്കാത്ത ഹോം ഡെലിവറിയുടെ പ്രാധാന്യം എത്രമാത്രം ബിസിനസിനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചാണ്.
ഇന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല മറ്റ് സംരംഭങ്ങളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വെബ്സൈറ്റുകള്‍ വികസിപ്പിക്കാറുണ്ട്.അതുകൊണ്ട് തന്നെ ഇ-കൊമേഴ്സ് കമ്പനികളുടെ മാത്രം കുത്തകയല്ല ഓണ്‍ലൈന്‍ ഡെലിവറി.എന്തിന് വെബ്സൈറ്റുകളില്ലെങ്കില്‍ പോലും ഫോണ്‍ വഴി നേരിട്ടോ അല്ലെങ്കില്‍ വാട്സ് ആപ്,ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയോ ഓണ്‍ലൈന്‍ ഡെലിവറി സാധ്യമാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
നിലവില്‍ സാധനങ്ങള്‍ക്കൊപ്പം വേഗതയേറിയ ഡെലിവറി സേവനം കൂടി ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.ബിസിനസില്‍ നിങ്ങളുടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ബിസിനസ് വര്‍ദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡെലിവറി പ്രവര്‍ത്തനങ്ങളില്‍ വലിയ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
നമുക്ക് ഇ-കൊമേഴ്സിലെ ഡെലിവറി സേവനത്തിലൂടെ തന്നെ ബിസിനസില്‍ ഡെലിവറിക്കുള്ള പ്രാധാന്യം മനസിലാക്കിയാലോ ?
പൊതുവെ ഫിള്പികാര്‍ട്ട്-ആമസോണ്‍-മിന്ത്ര പോലുള്ള വമ്പന്‍ ഇ-കൊമേഴ്സ് കമ്പനികളുടെ ഡെലിവറി തന്നെ 4 മുതല്‍ 10 ദിവസം വരെ സമയമെടുക്കാറുണ്ട്.പൊതുവെ ഈ രംഗത്തെ പുതുമുഖ കമ്പനികളുടേത് ഇതിലും വൈകാറുണ്ട്.ഓണ്‍ലൈനില്‍ വാങ്ങുന്ന സാധനങ്ങള്‍ക്കൊപ്പം ഡെലിവറി ഏത് രീതിയിലാകണം എന്ന് ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും.വളരെ പെട്ടെന്ന് സാധനം കൈകളിലെത്തുക എന്ന ലക്ഷ്യത്തിലാണ് ഉപഭോക്താവ് അതുകൊണ്ട് തന്നെ വൈവിധ്യമാര്‍ന്ന ഡെലിവറി ഓപ്ഷനുകള്‍ നല്‍കുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കാറുണ്ട്.
ആമസോണ്‍ അടക്കം നിര്‍ദ്ദിഷ്ട മേഖലകളില്‍ ഒരു ദിവസം കൊണ്ട് ഡെലിവറി വാഗ്ദാനം ചെയ്യുന്നുണ്ട്.അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഡെലിവറി വളരെ വേഗത്തിലാണ്.
ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഡെലിവറിയിലുണ്ടാകുന്ന അപാകതയും കാലതാമസവും വലിയ ദോഷം ചെയ്യും.അതുകൊണ്ട് തന്നെ ശരിയായ ലോജിസ്റ്റിക് കമ്പനി തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.ചെലവിനെക്കാള്‍ മികച്ച സേവനം നല്‍കുന്ന കൊറിയര്‍ തെരഞ്ഞെടുക്കുന്നത് ഉപഭോക്താക്കളെ നിങ്ങളില്‍ തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ചെറുകിട ബിസിനസുകള്‍ അവരുടെ ഡെലിവറി സേവനം ഒറ്റയ്ക്ക് തന്നെ കൈകാര്യം ചെയ്തേക്കും.അതേസമയം ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചാല്‍ ഇത് മികച്ചൊരു കൊറിയര്‍ കമ്പനിക്ക് കൈമാറുന്നതാണ് നല്ലത്.
ട്രാക്കിംഗ് സംവിധാനം കൂടി ഉള്‍പ്പെടുത്തി ഡെലിവറി സാധ്യമാക്കുന്നതാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്.ഒന്നിലേറെ ഓര്‍ഡറുകള്‍ ഉള്ളതിനാല്‍ പാഴ്സലുകള്‍ ട്രാക്ക് ചെയ്യുന്നതിലൂടെ അയച്ച പാഴ്സലുകള്‍ നിരീക്ഷിക്കാന്‍ ബിസിനസില്‍ സാധിക്കുന്നു ഒരു പ്രശ്നം ഉണ്ടായാല്‍ വേഗത്തില്‍ ഇടപെടാനും ഇതിലൂടെ സാധിക്കുന്നു.
ഡെലിവറി ചാര്‍ജ്ജും ഇ-കൊമേഴ്സ് കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകളോടെ ആണ് അവതരിപ്പിക്കുന്നത്.ഒരു നിശ്ചിത പരിധിക്ക് മുകളില്‍ ഷോപ്പിംഗ് നടത്തിയാല്‍ സൗജന്യ ഡെലിവറി അല്ലെങ്കില്‍ ഡിസ്‌കൗണ്ട് ഡെലിവറി ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് അനുവദിച്ച് നല്‍കാറുണ്ട്.ഇതിലൂടെ അധികമായി ഉപഭോക്താക്കള്‍ ഷോപ്പിംഗ് നടത്തുന്നതിനും അതിലൂടെ ബിസിനസിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും സാധിക്കുന്നു.
ഇ-കൊമേഴ്സില്‍ വളരെ മോശപ്പെട്ട ഡെലിവറി സേവനം നല്‍കുമ്പോള്‍ അത് കമ്പനിയുടെ പ്രശസ്തിയെ ഗണ്യമായി ബാധിക്കും.സോഷ്യല്‍മീഡിയയിലൂടെയും മറ്റും ഉപഭോക്താക്കള്‍ പരാതികള്‍ ഉയര്‍ത്തും അതുകൊണ്ട് തന്നെ ഇന്ന് ഇ-കൊമേഴ്സ് കമ്പികള്‍ ഡെലിവറി മികച്ചതാക്കാന്‍ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്.
ഇ-കൊമേഴ്സ് കമ്പനികളുടെ കാര്യം പോലെ അത്ര ബുദ്ധിമുട്ടുള്ളതല്ല ചെറുകിട കമ്പനികളുടെ ഡെലിവറി.മിക്കവാറും ഒരു നിശ്ചിത പരിധിക്കുള്ളില്‍ സംരംഭങ്ങളിലെ ജീവനക്കാര്‍ തന്നെ സാധനങ്ങളും സേവനങ്ങളും എത്തിക്കുന്നുണ്ട്.ദൂരപരിധി കഴിയുമ്പോഴാണ് കൊറിയര്‍ സേവനങ്ങളെ ആശ്രയിക്കുന്നത്.
വീട്ടുവാതില്‍ക്കല്‍ എല്ലാം ലഭ്യമാക്കുക എന്നത് ഒരു പ്രായോഗിക ഓപ്ഷനായി ഇന്ന് മാറിയിട്ടുണ്ട്.പലചരക്ക് സാധനങ്ങള്‍,മരുന്നുകള്‍,ഭക്ഷ്യവസ്തുക്കള്‍ അടക്കം എല്ലാം ഇന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കും.
ചെറിയ ഗ്രാമ പ്രദേശങ്ങളില്‍ പോലും വാട്സ് ആപ് വഴിയൊക്കെ ഡെലിവറി സാധ്യമാകുന്നുണ്ട് ഇന്ന്.പച്ചക്കറിയും പഴങ്ങളും ഭക്ഷ്യവസ്തുക്കളും ഇത്തരത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉപഭോക്താവിന്റെ പക്കലെത്തുന്നു.നേരിട്ട് ഉപഭോക്താക്കള്‍ക്ക് അഭിപ്രായ പ്രകടനം നടത്താന്‍ സാധിക്കുമെന്നതിനാല്‍ മികച്ച സേവനം വളരെ വേഗത്തില്‍ നടപ്പിലാക്കാന്‍ ചെറുകിട ബിസിനസുകാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
നേരിട്ടുള്ള ഇടപാടുകള്‍ക്ക് പുറമെ ഇത്തരം ഡെലിവറി ഓപ്ഷനുകള്‍ അധിക വരുമാനം നല്‍കുകയും സംരംഭത്തെ വളര്‍ത്തുകയും ചെയ്യും എന്നത് കൂടി മനസില്‍ വെച്ചേക്കു.
ഇനി നമ്മുടെ നാട്ടില്‍ പൊതുവെ പ്രശസ്തമായ ഡോര്‍ ഡെലിവറി സംരംഭങ്ങളെ പരിചയപ്പെടാം.
1) പലചരക്ക് ഡെലിവറി ബിസിനസ്
പലചരക്ക് സാധനങ്ങള്‍ നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്തതാണ്.നിരവധി ഓണ്‍ലൈന്‍-ഓഫ്ലൈന്‍ സേവനങ്ങള്‍ ഇതിനായി ഇപ്പോള്‍ ലഭ്യമാണ്.അവയുടെ സേവനം ലഭ്യമാകാന്‍ വെബ്സൈറ്റ് പോലും വേണമെന്നില്ല.ഓര്‍ഡറുകള്‍ എടുക്കാന്‍ ഒരു സ്മാര്‍ട്ഫോണ്‍ മാത്രം മതി.ജിപിഎസ് സൗകര്യവും അതിനൊപ്പം ഡെലിവറി ബോയിസിനെ നിയമിച്ചും ഓര്‍ഡറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാവുന്നതാണ്.
2) ഡ്രൈ ക്ലീനിംഗ്-അലക്കല്‍ സേവനങ്ങള്‍
ശുചികരണത്തിന് വലിയ പ്രാധാന്യമാണ് കോവിഡിനെ തുടര്‍ന്ന് നമ്മുടെ നിത്യജീവിത്തതിലുണ്ടായിട്ടുള്ളത്. പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ അലക്കലും ഡ്രൈക്ലീനിംഗ് സേവനങ്ങളും ഉപയോഗിച്ച് ലാഭകരമായ ഡെലിവറി ബിസിനസിന് വലിയ സാധ്യതകളാണുള്ളത്.ഇതിനു പക്ഷെ മികച്ച ഗതാഗത സംവിധാനം കൂടി ആവശ്യമാണ്.വൃത്തിയാക്കി ഇസ്തിരിയിട്ട് മികച്ച രീതിയില്‍ വസ്ത്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും വൃത്തിയാക്കാനുള്ളവ ശേഖരിക്കാനുമുള്ള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുകയും വേണം.
3) ഭക്ഷണ വിതരണ സേവനങ്ങള്‍
വളരെ ചെറിയ രീതിയിലും നിങ്ങളുടെ നഗരത്തിലോ പ്രദേശത്തിലോ ഭക്ഷണ കൗണ്ടറുകള്‍,ഹോട്ടലുകള്‍ എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ട സൊമാറ്റോ,സ്വിഗ്ഗി,ഫുഡ് പാണ്ട, പോലുള്ള ഭക്ഷണ വിതരണ ബിസിനസ് ആരംഭിക്കാവുന്നതാണ്.സുരക്ഷിതമായ ഗതാഗത സംവിധാനങ്ങള്‍ക്കൊപ്പം ഡെലിവറി ബോയിസിന് ഇന്‍ഷുറന്‍സ് കൂടി ആവശ്യമായി വന്നേക്കാം.ഈ രംഗത്ത് സൊമാറ്റോ പോലുള്ള കമ്പനികളുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടപ്പിലാക്കിയും ലാഭമുണ്ടാക്കാന്‍ സാധിക്കും.
4) ഗിഫ്റ്റ് ബാസ്‌കറ്റ് ഡെലിവറി
ഓണത്തിനും ക്രിസ്മസ്സിനും പിറന്നാളിനും വിവാഹത്തിനും തുടങ്ങി എല്ലാ അവസരങ്ങളിലും ആളുകള്‍ ഗിഫ്റ്റുകള്‍ നല്‍കുന്നു.ഇതൊരു മികച്ച ബിസിനസാക്കാവുന്നതാണ്.സാധനങ്ങള്‍ എത്തിക്കാന്‍ തയ്യാറുള്ള ഗിഫ്റ്റ് സ്റ്റോറുകളുമായി ബന്ധപ്പെട്ട് ബിസിനസ് ആരംഭിക്കാവുന്നതാണ്.
5) മെഡിക്കല്‍ ഡെലിവറി
വര്‍ദ്ധിച്ചു വരുന്ന രോഗങ്ങളുടെയും അസ്വസ്ഥതകളുടെയും അവസരത്തില്‍ മരുന്നുകള്‍ ഡെലിവറി ചെയ്യുന്നത് വലിയ സാധ്യതകളുള്ള ബിസിനസ് ആണ്.പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരനമാര്‍ക്ക് അടുത്തകാലത്തായി ഇത് ഏറ്റവും ലാഭകരമായ ഡെലിവറി ബിസിനസുകളില്‍ ഒന്നാണ്.അതുപോലെ തന്നെ ടെസ്റ്റുകളുടെ പരിശോധന റിപ്പോര്‍ട്ടുകളെത്തിക്കുന്നതും മരുന്നുകളുടെ ഡെലിവറിക്കൊപ്പം ചെയ്യാവുന്നതാണ്.
6. ഫര്‍ണിച്ചര്‍ ഡെലിവറി
ഒരു പുതിയ വീടിനോ നിലവിലുള്ള വീട് പുതുക്കിപ്പണിയുന്നതിനോ ഓഫീസുകളിലേക്കോ ആകട്ടെ,ഫര്‍ണിച്ചറുകള്‍ ഡെലിവറി ചെയ്യുന്നതും അതുപോലെ മികച്ച ആശയം ആണ്.ഇതിനായി വലിയ വാഹനങ്ങള്‍ ആവശ്യമായി വന്നേക്കും.
ഭാവിയിലും നേരിട്ടുള്ള ഇടപാടുകളെക്കാള്‍ ഉപഭോക്താക്കള്‍ക്ക് താല്‍പര്യം നേരിട്ടല്ലാതെയുള്ള സര്‍വ്വീസുകളായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.അതുകൊണ്ട് തന്നെ നിങ്ങള്‍ ബിസിനസ് ആശയം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അവയുടെ ഓണ്‍ലൈന്‍-ഡോര്‍ ഡെലിവറി സാധ്യതകളെ കൂടി ആലോചിക്കുന്നത് നന്നായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.