Sections

സംരംഭത്തിലെ വിവിധ ഓണര്‍ഷിപ്പ് രൂപങ്ങള്‍ : ബിസിനസ് ഗൈഡ് സീരിസ്

Wednesday, Oct 13, 2021
Reported By Ambu Senan & Jeena S Jayan
business guide series

ഒരു പുതിയ സംരംഭം ആരംഭിക്കുമ്പോള്‍ അത് ഏത് രീതിയിലുള്ളതാകണം എന്ന ചിന്തയും തുടക്കത്തില്‍ ഉണ്ടാകേണ്ടതാണ്

ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിലൂടെയോ,നിലവിലുള്ള ഒരു ബിസിനസ് ഫ്രാഞ്ചൈസി തുടങ്ങുന്നതിലൂടെയോ,നിലവിലുള്ള ഒരു ബിസിനസ് വാങ്ങുന്നതിലൂടോയോ ഒരു സ്ഥപനത്തിന്റെ ഉടമയാകാന്‍ സാധിക്കും.സ്ഥപനത്തിന്റെ പൂര്‍ണയനിയന്ത്രണം നിങ്ങള്‍ക്ക് ലഭിക്കുന്നു എന്നതാണ് ഉടമസ്ഥതകൊണ്ടുള്ള പ്രധാന ഗുണം.നിങ്ങള്‍ ആരോടും ഉത്തരം പറയേണ്ടതില്ല,മറ്റൊരാളുടെ നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുമില്ല.അതുപോലെ തന്നെ ബിസിനസ് ഉടമകള്‍ക്ക് പുതിയ സേവനങ്ങളും ഉത്പന്നങ്ങളും ബിസിനസ് വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍,വളര്‍ച്ചയ്ക്കും വിജയത്തിനും ആവശ്യമായ മാറ്റങ്ങള്‍ എന്നിവയൊക്കെ അവതരിപ്പിക്കാനും സാധിക്കും.

ഈ മുകളില്‍ പറഞ്ഞ പലരീതികളിലൂടെയും ഒരു സ്ഥാപനത്തിന്റെ ഉടമ ആകാം.ഇക്കൂട്ടത്തില്‍ ഭൂരിഭാഗം ആളുകളും സ്വന്തം പാഷനും ആശയത്തിനും പ്രാധാന്യം നല്‍കി കൊണ്ട് പുതിയൊരു സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പില്‍ തന്നെയായിരിക്കും.

ഒരു പുതിയ സംരംഭം ആരംഭിക്കുമ്പോള്‍ അത് ഏത് രീതിയിലുള്ളതാകണം എന്ന ചിന്തയും തുടക്കത്തില്‍ ഉണ്ടാകേണ്ടതാണ്.ഇന്ത്യയില്‍ ഒരു സംരംഭം പ്രവര്‍ത്തിക്കുമ്പോള്‍ അത് രജിസ്റ്റര്‍ ചെയ്യുന്നത് വ്യത്യസ്ത ഓണര്‍ഷിപ്പ് രീതികളിലാണ്.അതെകുറിച്ചുള്ള അവബോധം സംരംഭത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങള്‍ നേടിയിരിക്കണം.ബിസിനസ് ഗൈഡ് സീരിസ് ഇന്ന് പരിചയപ്പെടുത്തുന്ന വിഷയവും ഇതുതന്നെയാണ് സംരംഭത്തിലെ വിവിധ ഓണര്‍ഷിപ്പ് രൂപങ്ങള്‍.

സംരംഭത്തിനായി ഒരു ആശയം മനസില്‍ ആലോചിച്ച് തുടങ്ങുമ്പോഴേ എടുത്ത് ചാടി ഓണര്‍ഷിപ്പ് തീരുമാനിക്കുന്നവരാണ് നമ്മുടെ കൂട്ടത്തില്‍ പലരും.പക്ഷെ കൃത്യമായ പഠനവും ചിന്തയും ഓണര്‍ഷിപ്പ് തെരഞ്ഞെടുക്കുമ്പോള്‍ വേണം.

പ്രധാനമായും ഏതൊക്കെ തരം ഉടമസ്ഥാരൂപങ്ങള്‍ അതായത് ഓണര്‍ഷിപ്പ് രൂപങ്ങള്‍ ആണ് സംരംഭകര്‍ക്ക് മുന്നിലുള്ളത് എന്ന് നോക്കാം

1) പ്രൊപ്രൈറ്റര്‍ഷിപ്പ്

തനിച്ച് ഒരാള്‍ക്ക് ബിസിനസ് ചെയ്യേണ്ടി വരുമ്പോള്‍ ഏറ്റവും സുരക്ഷിതമായി തെരഞ്ഞെടുക്കാവുന്ന ഓണര്‍ഷിപ്പ് ആണ് പ്രൊപ്രൈറ്റര്‍ഷിപ്പ്.നിയമപരമായ ഒരു പ്രശ്‌നങ്ങളും നൂലാമാലകളും ഇല്ലാതെ ഇത്തരം സംരംഭങ്ങള്‍ രൂപീകരിക്കാവുന്നതാണ്.മറ്റ് ഓണര്‍ഷിപ്പുകളെ പോലെ കരാറോ രജിസ്‌ട്രേഷനോ പ്രൊപ്രൈറ്റര്‍ഷിപ്പിന് ആവശ്യമില്ല.സംരംഭത്തിന്റെ എല്ലാവിധ ലൈസന്‍സുകളും സ്ഥാപകന്റെ പേരിലായിരിക്കും.വ്യക്തിഗത രീതിയിലുള്ള നടത്തിപ്പ് ആയതിനാല്‍ ബാധ്യതകളും ലാഭവും ഒരുപോലെ സ്ഥാപകനായ വ്യക്തിയില്‍ തന്നെ നില്‍ക്കും.ചെറിയ ബിസിനസുകള്‍ക്കും വലിയ മൂലധന നിക്ഷേപം മറ്റുള്ളവരില്‍ നിന്ന് ആവശ്യമില്ലാത്ത ബിസിനസുകള്‍ക്കും യോജിച്ച് ഓണര്‍ഷിപ്പ് തന്നെയാണ് പ്രൊപ്രൈറ്റര്‍ഷിപ്പ്.

2) വണ്‍ പേര്‍സണ്‍ കമ്പനി

ഒരു വ്യക്തിക്ക് ചെയ്യാവുന്ന ബിസിനസിന്റെ മറ്റൊരു ഓണര്‍ഷിപ്പ് ആണ് വണ്‍ പേര്‍സണ്‍ കമ്പനി അഥവാ ഒ.പി.സി. ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് പോലെ കമ്പനി നിയമത്തിന് വിധേയമായി തന്നെ ഇതും ചെയ്യാവുന്നതാണ്.സംരംഭവും ഉടമയും രണ്ട് വ്യത്യസ്ത വ്യക്തികളായി തിരിച്ചിരിക്കുന്ന ഈ ഓണര്‍ഷിപ്പില്‍ ബാധ്യത പ്രൊപ്രൈറ്റര്‍ഷിപ്പിനെക്കാള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.അതായത് ബിസിനസിലെ ബാധ്യതകള്‍ ഉടമസ്ഥന്റെ സ്വകാര്യ ആസ്ഥികളെ ബാധിക്കുന്നില്ല.കമ്പനി രൂപീകരിക്കുന്ന വ്യക്തിക്ക് നോമിനിയെ നിയമിക്കാനുള്ള സൗകര്യമുള്ള വണ്‍ പേര്‍സണ്‍ കമ്പനി പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസിന്റെ പല പ്രശ്‌നങ്ങളെയും പരിഹരിക്കുന്നുണ്ട്.

3) പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്

രണ്ടോ അതിലധികമോ വ്യക്തികള്‍ കൂടി നടത്തുന്ന ബിസിനസുകള്‍ക്ക് യോജിച്ച ഓണര്‍ഷിപ്പ് ആണ് പാര്‍ട്ട്ണര്‍ഷിപ്പ്.ബിസിനസില്‍ ഉണ്ടാകുന്ന ലാഭവും നഷ്ടവും പാര്‍ട്ട്ണര്‍മാര്‍ ഒന്നിച്ച് പങ്കുവെയ്ക്കുന്നു.അതായത് സംരംഭത്തിലുണ്ടാകുന്ന എല്ലാവിധ ബാധ്യതകളും ഉടമസ്ഥകരുടെ സ്വകാര്യ ആസ്തികളെയും ബാധിക്കാം.വലിയ പ്രശ്‌നങ്ങളില്ലാതെ ലളിതമായി ഇത്തരത്തിലുള്ള പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനികള്‍ രൂപീകരിക്കാവുന്നതെയുള്ളു.പങ്കാളിത്ത എഗ്രിമെന്റ് തയ്യാറാക്കി കമ്പനി രൂപീകരിക്കാം.ആവശ്യമെങ്കില്‍ രജിസ്ട്രാര്‍ ഓഫ് ഫേംസില്‍ രജിസ്റ്റര്‍ചെയ്യാം.

4) ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്

പാര്‍ട്ട്ണര്‍ഷിപ്പ് പോലെ തന്നെ രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് ബിസിനസ് ചെയ്യുമ്പോള്‍ യോജിച്ച ഓണര്‍ഷിപ്പ് രൂപമാണ് ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്.ബിസിനസില്‍ വരുന്ന ബാധ്യതകളില്‍ നിന്നും ഉടമസ്ഥരുടെ സ്വകാര്യ ആസ്തികള്‍ ഒഴിവാക്കപ്പെടും.പങ്കാളികള്‍ എത്രയാണോ മൂലധനം നിക്ഷേപിക്കുവാന്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് അതില്‍ മാത്രമായി അവരുടെ ബാധ്യത പരിമിതപ്പെടുത്തിയിരിക്കുന്നു.കമ്പനികള്‍ രജിസ്‌ററര്‍ ചെയ്യുന്നത് പോലെ നിയമപരമായി രജിസ്ട്രാര്‍ ഓഫ് കമ്പനീസിലാണ് ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പും രജിസ്‌ററര്‍ ചെയ്യേണ്ടത്.മൂലധന നിക്ഷേപം കൂടുതല്‍ ആവശ്യമുള്ള, നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്ന ബിസിനസുകള്‍ക്ക് വളരെ അനുയോജ്യമാണ് ഈ ഓണര്‍ഷിപ്പ്.

5) പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് ബിസിനസ് ചെയ്യേണ്ടി വരുമ്പോള്‍ അനുയോജ്യമായ മറ്റൊരു ഓണര്‍ഷിപ്പാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഇത്തരം ഓണര്‍ഷിപ്പുകളില്‍ മൂലധനം ഷെയറുകളായി വിഭജിച്ചിരിക്കുന്നു. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലെ പങ്കാളികളുടെ പോലെതന്നെ കമ്പനിയുടെ മെമ്പര്‍മാരുടെ ബാധ്യത പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും പരിമിതപ്പെടുത്തിയിരിക്കുന്നു.പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ മെമ്പര്‍മാരുടെ എണ്ണത്തിന് പരിമിതികളുണ്ട്.
ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മില്‍ ആദായ നികുതി നിരക്കില്‍ വ്യത്യാസമുണ്ട്. ഇത് കൂടി കണക്കിലെടുത്തു വേണം ഉടമസ്ഥരൂപം തിരഞ്ഞെടുക്കുവാന്‍. വലിയ മൂലധനം ബിസിനസിന് ആവശ്യമായി വരുമ്പോള്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ഉടമസ്ഥരൂപമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.

സ്റ്റാര്‍ട്ടപ്പുകളെ പോലെ വലിയ മൂലധനം നിക്ഷേപകരില്‍ നിന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലോ ഓണര്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.കാരണം നിക്ഷേപകര്‍ ഒരിക്കലും വലിയ ബാധ്യതകള്‍ ചുമക്കേണ്ടി വരാന്‍ സാധ്യതയുള്ള പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസുകളില്‍ നിക്ഷേപിക്കുവാന്‍ താല്പ്പര്യപ്പെടുകയില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.