- Trending Now:
മികച്ച ആശയവും അതിനൊപ്പം വ്യക്തമായ സ്റ്റഡിയും നടത്തുമ്പോള്‍ വിട്ടുപോകാതെ ചിന്തിക്കേണ്ടതും ബിസിനസിന്റെ ഭാവിയില്‍ വളരെ നിര്‍ണായകവും ആകുന്ന ഒരു വിഷയത്തെ കുറിച്ചാണ് ഇന്ന് ബിസിനസ് ഗൈഡ് സീരിസില്‍ ചര്‍ച്ച ചെയ്യുന്നത്.
നിങ്ങള്‍ തുടങ്ങാന്‍ ആരംഭിക്കുന്ന ബിസിനസില്‍ ആരൊക്കെയാകണം പങ്കാളികള്‍ ? അഥവ ഇനി ഒറ്റയ്ക്ക് ആണ് സംരംഭം തുടങ്ങുന്നതെങ്കില്‍ അക്കാര്യവും തീരുമാനിച്ച് ഉറപ്പിച്ച ശേഷം വേണം മറ്റുകാര്യങ്ങളിലേക്ക് കടക്കാന്‍.
പൊതുവെ പലരും ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുമ്പോള്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഒരുപാട് പേര്‍ മുന്നോട്ടു വരാറുണ്ട്.ഇല്ലെ ?
അക്കൂട്ടത്തില്‍ നിങ്ങളുടെ ഉറ്റ ചങ്ങാതിമാരുണ്ടാകും,കൂടെ പഠിച്ചവരുണ്ടാകാം,പണം നല്‍കി സഹായിക്കാമെന്ന് ഏറ്റ ആളുകള്‍ക്ക് ബിസിനസില്‍ ഒപ്പം കൂടാനൊരു ചിന്ത വന്നേക്കാം.ഇനി കുടുംബക്കാര്‍ക്കും തോന്നിയേക്കാം നിങ്ങളുടെ ബിസിനസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും വലിയ ലാഭം സ്വന്തമാക്കാനും.
മുകളില്‍ പറഞ്ഞ അടുപ്പവും ബന്ധവും ഒന്നും ഒരു സംരംഭത്തിന് പാര്‍ട്ണറെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമല്ലെന്ന് ആദ്യം മനസിലാക്കുക.അത് വളരെ സൂക്ഷമമായി കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണ്.
നമുക്ക് ഒരു സംരംഭം തുടങ്ങുമ്പോള്‍ ചില മേഖലകളില്‍ പരിചയസമ്പത്ത് ഉണ്ടാകും.ഉദാഹരണത്തിന് നമ്മുടെ സതീഷ് ഒരു വെഡ്ഡിംഗ് സ്റ്റുഡിയോ തുടങ്ങാന്‍ പോകുന്നു.അയാള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രഫറാണ്,അത്യാവശ്യം വീഡിയോയും ചെയ്യാന്‍ അറിയാം.ഒരുപാട് സ്ഥാപനങ്ങളില്‍ ഈ പോസ്റ്റുകള്‍ കൈകാര്യം ചെയ്ത പരിചയം ഉണ്ട്.പക്ഷെ വെഡ്ഡിംഗ് സ്റ്റുഡിയോയില്‍ സതീഷിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന ജോലികള്‍ക്ക് ഒരു പരിമിതി ഉണ്ടല്ലോ..
അവിടെ ഓഫീസ് മാനേജ് ചെയ്യാന്‍ ഒരു ആള്‍വേണം,ഒരു എഡിറ്റര്‍ വേണം,ചിലപ്പോള്‍ കളര്‍ കറക്ട് ചെയ്യാനും ലൈറ്റിംഗും കാര്യങ്ങളിലും സഹായിക്കാനും അറിയാവുന്ന ആള്‍ വേണ്ടിവരും അങ്ങനെ ഒരുപാട് പേരുടെ പരിശ്രമത്തിലൂടെ മാത്രമെ സതീഷിന്റെ സംരംഭം മുന്നോട്ടു പോകു.
ഈ പറഞ്ഞ ജോലികള്‍ക്കൊക്കെ ജോലിക്കാരെ വെച്ചാല്‍ പോരെ എന്ന് തോന്നാം.മതി പക്ഷെ എല്ലാ മേഖലകളിലും മേല്‍നോട്ടം വഹിക്കാന്‍ ആരെങ്കിലും വേണ്ടെ.ഭാവിയില്‍ സാങ്കേതികമായും മറ്റും ഉണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും അത് തങ്ങളുടെ സംരംഭത്തില്‍ നടപ്പിലാക്കാനും കഴിയുന്നവരുടെ സഹായം കൂടെ ലഭിച്ചാല്‍ മികച്ച നേട്ടവും അതിനൊപ്പം കൃത്യമായ പ്ലാനിലും സതീഷിന് തന്റെ സംരംഭം നടത്തിക്കൂടെ....
അതുകൊണ്ട് തന്നെ സതീഷ് തന്റെ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ കൂട്ടാളികളായി ചിലരെ കൂടി ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നു.ആ ആളുകള്‍ ഈ മുകളില്‍ പറഞ്ഞതുപോലെ സതീഷിന് അറിവില്ലാത്ത വിഷയങ്ങളില്‍ താല്‍പര്യമുള്ളവരാകണം എന്ന തീരുമാനം ആണ് സതീഷ് എടുത്തത്. ഈ പറഞ്ഞതില്‍ ഇത്രയെയുള്ളു.സംരംഭത്തില്‍ നമുക്ക് പരിചയക്കുറവുള്ള മേഖലകള്‍ കൈകാര്യം ചെയ്യാന്‍ പറ്റിയവരാകണം പാര്‍ട്ണര്‍മാര്‍. അല്ലാത്ത പണം മാത്രം മുടക്കുന്ന 'സൈലന്റ് പാര്‍ട്ണര്‍'മാര്‍ വേണ്ട എന്നല്ല.
കൃത്യമായ രേഖകളും കരാറുകളുടെയും അടിസ്ഥാനത്തില്‍ വേണം പങ്കാളികളെ തെരഞ്ഞെടുക്കാന്‍,വെറും വാക്കുകളുടെ ബലത്തില്‍ ഇത്തരം ഇടപടെലുകള്‍ക്ക് ഒരിക്കലും അനുവാദം നല്‍കരുതെന്നത് പ്രത്യേകം ഓര്‍ക്കണം.
പാര്‍ട്ണര്‍മാരെ തെരഞ്ഞെടുക്കുന്നതും അവരെ മാനേജ് ചെയ്യുന്നതും ഒരു വലിയ വിഷയം തന്നെയാണ് എന്തൊക്കെ കാര്യങ്ങളാണ് സംരംഭത്തില്‍ നിങ്ങള്‍ ഒരു പാര്‍ട്ട്ണറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് പറയാം.
1) വിശ്വാസം
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മറ്റ് ബാങ്കിംഗ് വിശദാംശങ്ങള്‍, ചെക്ക് ബുക്ക് എന്നിവ വിശ്വസിച്ച് ഏല്‍പിക്കാന്‍ പറ്റുന്ന ആളാണോ പാര്‍ട്ട്ണറെന്നും പൊതുവേ, വിശ്വാസ്യത കാണിക്കുന്ന ആളാണോ എന്നുമുള്ള കാര്യങ്ങളില്‍ ഉറപ്പുവരുത്തുക.കൂടുതല്‍ പരിചയമില്ലാത്ത ആളാണെങ്കില്‍,അയാളുമായി കൂടുതല്‍ ഇടപെടുന്നവരുടെ കയ്യില്‍ നിന്നും അഭിപ്രായങ്ങള്‍ കേട്ട് വിശ്വാസ്യത ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പാര്ട്ട്ണര്‍ ആക്കുക.
2) ആത്മാര്‍ത്ഥ
സംരംഭത്തില്‍ ബിസിനസ് പങ്കാളി ചെയ്യുന്ന തെറ്റുകള്‍ നിങ്ങളെയും സാരമായി ബാധിക്കും. അതിനാല്‍ ഒരാളെ പെട്ടെന്ന് ബിസിനസ് പങ്കാളിയാക്കാതെ, അയാളുടെ കൂടെ കുറച്ചു കാലം ജോലി ചെയ്യാന്‍ ശ്രമിക്കുക. അതില്‍ നിന്നും അയാളുടെ ആത്മാര്‍ഥത , തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് എന്നിവ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. നിങ്ങള്‍ സംതൃപ്തനാണെങ്കില്‍ മാത്രം സംരംഭത്തിലെ പങ്കാളിത്തത്തെ കുറിച്ചു ചിന്തിച്ചാല്‍ മതിയാകും.
3) മേഖല
തുടക്കത്തില്‍ പറഞ്ഞ അതെ കാര്യമാണ് ഈ പോയിന്റ്.ബിസിനസ്സിന്റെ ഏത് മേഖലയിലാണ് പങ്കാളിയുടെ കൂടുതല്‍ സഹായം ഉണ്ടാവുക എന്ന് ഉറപ്പു വരുത്തണം. പാര്‍ട്ട്ണറുടെ പരിചയവും കഴിവും നിങ്ങളുടെ അതേ മേഖലയില്‍ അല്ലെങ്കില്‍ അത്രയും നല്ലത്. ഉദാഹരണത്തിന്, ഒരാള്‍ സെയില്‍സിലും മറ്റെയാള്‍ അഡ്മിന്‍ ജോലികളിലും കഴിവുള്ളവരാണെങ്കില്‍ നന്നായിരിക്കും.കര്‍മ്മ മേഖലകള്‍ വ്യക്തമാക്കുന്നതോടൊപ്പം ഉത്തരവാദിത്തങ്ങളും,അതില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഫലവും കൂടി വ്യക്തമാക്കുന്നതിലൂടെ ഭാവിയിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാം.
5. ജോലി ഭാരം
ജോലിഭാരത്ത്തിന്റെ പേരും പറഞ്ഞാണ് പാര്‍ട്ടണര്‍മാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സാധാരണ കണ്ടുവരുന്നത്,സംരംഭത്തിലേക്ക് പങ്കാളിയെ സ്വാഗതം ചെയ്ത് അയാള്‍ ചെയ്യേണ്ട ജോലിയും ഉത്തരാവദിത്തങ്ങളും പറഞ്ഞേല്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ അടക്കം എല്ലാവര്‍ക്കും ഒരേ ജോലി ഭാരം വരുന്നു എന്ന് ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം അധിക ജോലിക്ക് അവരുടെ സാലറി,പ്രോഫിറ്റ് ശതമാനം എന്നിവയില്‍ അത് കൂട്ടിച്ചേര്‍ക്കണം ഇതുകൂടി അംഗീകരിച്ചുകൊണ്ടാകണം പങ്കാളിയുമായി സംരംഭം മുന്നോട്ട് കൊണ്ടുപോകേണ്ടത്.
6. പണം
പങ്കാളിത്ത ബിസിനസ്സുകളില്‍ പണം വലിയ പ്രശ്നമായി തലപൊക്കാറുണ്ട്. ഇന്‍വെസ്റ്റ് ചെയ്യുന്നതു മുതല്‍, ഓരോ ആവശ്യങ്ങള്‍ക്ക് തുക ചെലവാക്കുന്നതും, പ്രോഫിറ്റ് വീതം വെയ്ക്കുന്നതും ഒക്കെ വ്യക്തമായ ധാരണകളുടെ അടിസ്ഥാനത്തിലാകണം. ഇല്ലെങ്കില്‍, ഓരോ തവണയും കാശിന്റെ കാര്യത്തില്‍ വഴക്കുകള്‍ ഉണ്ടായേക്കാം. പണം ഉപയോഗിക്കുന്നത് എന്തിനു വേണ്ടി, എപ്പോഴെല്ലാം, വരുമാനംഏതെല്ലാം തരത്തിലായിരിക്കും,എത്ര മാത്രം ലഭിച്ചേക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തമായ പദ്ധതിയോട് കൂടി രേഖാമൂലം തന്നെ തീരുമാനിച്ചിരിക്കണം.
7. ധാരണ
പലപ്പോഴും കമ്പനി വില്ക്കാാന്‍ ശ്രമിക്കുമ്പോളാണ് പങ്കാളികള്‍ തല പൊക്കുക. വെറുതെ ഇരുന്നിരുന്നവര്‍ പോലും തങ്ങളുടെ പങ്കിനു വേണ്ടി രംഗത്തെത്തും.അതിനാല്‍ തന്നെ കമ്പനി രൂപീകരിക്കുമ്പോള്‍ തന്നെ, കമ്പനി വാല്യുവേഷന്‍ എങ്ങനെ ആയിരിക്കണമെന്നും, ഓരോരുത്തര്ക്കും ഉള്ള ലാഭ വിഹിതം,ഓഹരി എന്നിവ എങ്ങനെയാണെന്നും ധാരണ വേണം. കമ്പനിയില്‍ നിന്ന് ഒരാള്‍ക്ക് എങ്ങനെ പുറത്തു പോകാം എന്ന കാര്യത്തിലും വ്യക്തത വരുത്തുന്നതാകും നല്ലത്.
8. സന്തോഷം
മികച്ച കഴിവുകളുള്ള വിശ്വസിക്കാവുന്ന ഒരു പങ്കാളിയെ ആണ് സംരംഭത്തില്‍ കൂട്ടായി നിങ്ങള്‍ തെരഞ്ഞെടുത്ത് എങ്കിലും അയാളുമായി സംസാരിക്കുമ്പോള്‍ ഒരു വേവ്ലെഗ്ത് ഉണ്ടായില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാകും.അങ്ങനെയുള്ളവരുമായി പലപ്പോഴും നാം സംസാരം ഒഴിവാക്കാന്‍ ആണ് ശ്രമിക്കുക. നമുക്ക് സംസാരിക്കുമ്പോള്‍ സന്തോഷം ലഭിക്കുന്ന ആളാകണം നമ്മുടെ പങ്കാളി. ഒപ്പം പരസ്പരം അംഗീകരിക്കാനും, ഒപ്പം നില്ക്കാനും ഒക്കെയുള്ള മനസ്ഥിതിയും സംഭത്തിന്റെ വളര്‍ച്ചയില്‍ പ്രധാനമാണ്.
ഈ എല്ലാ യോഗ്യതകളും ഉള്ള ആളുകളെ കണ്ടെത്തുക അത്ര എളുപ്പമല്ല.എന്നാലും ഈ പറഞ്ഞകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിച്ചാല്‍ സംരംഭത്തെ അത് പകുതി വിജയിപ്പിക്കുമെന്ന് ഉറപ്പാണ്.പാര്ട്ണറെ കണ്ടെത്തുന്നതില്‍ പണവും സൗഹൃദവും ഒക്കെ മാനദണ്ഡമാക്കിയാല്‍ അതു നമ്മുടെ ബിസിനസ്സിലും പ്രതിഫലിക്കും എന്നോര്‍ക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.