Sections

മികച്ച വ്യക്തിത്വം നേടാൻ സഹായിക്കുന്ന 7 വഴികൾ

Sunday, Oct 27, 2024
Reported By Soumya
Person actively listening and communicating, representing personality development tips

വ്യക്തിത്വം രൂപപ്പെടുത്താനുള്ള കഴിവ് മനുഷ്യനുണ്ട്. മികച്ച വ്യക്തിയാവുക വഴി മറ്റുള്ളവരുടെ സന്തോഷത്തിനു നമ്മൾ കാരണമാകും. ഒരാളുടെ ബന്ധങ്ങളെയും വളർച്ചയേയും തീരുമാനിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണു വ്യക്തിത്വം. മറ്റുള്ളവരോടുള്ള പെരുമാറ്റം, സമൂഹത്തിൽനിന്നു ലഭിക്കുന്ന അംഗീകാരം, പ്രതിസന്ധികളെ നേരിടാനും വെല്ലുവിളികൾ ഏറ്റെടുക്കാനുമുള്ള കഴിവ് എന്നിങ്ങനെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. മികച്ച വ്യക്തിത്വം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. മികച്ച വ്യക്തിത്വം നേടാൻ സഹാായിക്കുന്ന ചില കാര്യങ്ങൾ നോക്കാം.

  • സംസാരിക്കാൻ ഇഷ്ടമാണ്. പക്ഷേ കേട്ടിരിക്കാൻ മടിയാണ്. മറ്റേയാൾ സംസാരിക്കുന്നത് ഒരു പക്ഷേ നിങ്ങൾക്കു തീരെ താൽപര്യമില്ലാത്ത വിഷയമായിരിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് അറിയുന്ന ഒരു വിഷയത്തെക്കുറിച്ചായിരിക്കും.പലർക്കും ഇത്തരം സാഹചര്യങ്ങളിൽ മുഖത്തെ അതൃപ്തി ഒളിപ്പിച്ചു വെയ്ക്കാനാകില്ല. ചിലപ്പോൾ പുച്ഛമായിരിക്കും ഭാവം. എന്നാൽ എല്ലാവരെയും അംഗീകരിക്കുന്നതും അവരെ ശ്രദ്ധയോടെ കേൾക്കുന്നതും ഒരു മികച്ച വ്യക്തിയുടെ ലക്ഷണമാണ്. തങ്ങളെ എല്ലാവരും കേൾക്കണമെന്ന് മനുഷ്യർ ആഗ്രഹിക്കുന്നു. വലുപ്പ-ചെറുപ്പമില്ലാതെ മറ്റുള്ളവരെ കേൾക്കുന്നവരാണ് അസാധാരണ മനുഷ്യർ. എല്ലാവരെയും ശ്രദ്ധയോടെ ക്ഷമയോടെ കേൾക്കാം. തീരെ സമയമില്ലാത്ത സാഹചര്യത്തിൽ അത് അവരെ പറഞ്ഞു മനസ്സിലാക്കുക. മറ്റൊരു സാഹചര്യത്തിൽ തീർച്ചയായും നമുക്ക് സംസാരിക്കാം എന്ന് അവരോടു പറയുക.
  • ആരോടാണോ സംസാരിക്കുന്നത് അവരുടെ താൽപര്യം മനസ്സിലാക്കണം. പലരും സംസാരിക്കുമ്പോൾ ബോറായി തോന്നാറില്ലേ. ചിലരുടെ 'കത്തി വെയ്ക്കൽ' പേടിച്ച് ഓടിയൊളിക്കുന്നവരെ കണ്ടിട്ടില്ലേ?, നിങ്ങളും ചിലപ്പോഴൊക്കെ ഓടിയൊളിച്ചിരിക്കും. ഇതേ അവസ്ഥ മറ്റുള്ളവർക്ക് ഉണ്ടാക്കരുത്. സാഹചര്യങ്ങളറിഞ്ഞു സംസാരിക്കുക. ഇങ്ങനെയുള്ള വ്യക്തികൾക്കു നിരവധി സുഹൃത്തുക്കൾ ഉണ്ടാകും. ഒരു തവണ സംസാരിച്ചവർ പോലും നിങ്ങളെ ഓർത്തു വെയ്ക്കും.
  • ഏതൊരു പ്രതിസന്ധികളിൽ ഉപദേശം തേടാവുന്ന ഒരു വ്യക്തിയായി നിങ്ങളെ മറ്റുള്ളവർ കരുതണം. ഇതിനു കൂടുതൽ മേഖലകളിൽ അറിവും അഭിരുചികളും ആവശ്യമാണ്. ഇത്തരത്തിലുള്ളവർക്ക് ഒരിടത്തും ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരില്ല. മറ്റുള്ളവരുടെ ഇഷ്ട വിഷയത്തിൽ സംസാരിക്കാനും അവർ പറയുന്നതു മനസ്സിലാക്കാനും എളുപ്പം സാധിക്കും. ഇതിനായി വായന വർധിപ്പിക്കുക. ഇന്ന് എല്ലാ വിഷയങ്ങളിലും നിരവധി വിഡിയോകൾ ലഭ്യമാണ്. ഇതെല്ലാം ഫലപ്രദമായി ഉപയോഗിക്കുക. അപ്ഡേറ്റഡായി ഇരിക്കുക.
  • ഓരോ വ്യക്തികളും വ്യത്യസ്തരാണ്. എല്ലാവരിലും അവരിൽ മാത്രമായുള്ള സ്വഭാവ സവിശേഷതകൾ ഉണ്ടായിരിക്കും. മറ്റു സംസ്കാരങ്ങളിലുള്ളവർ, വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമുള്ളവർ. ഇത്തരത്തിലുള്ള പലതരം ആളുകളുമായി ഇടപെടുമ്പോൾ നമ്മൾ പുരോഗതി നേടുകയാണ്. പുതിയ അറിവുകൾ ലഭിക്കുന്ന അവസരമാക്കി ഇതെല്ലാം മാറ്റിയെടുക്കുക. ഓരോരുത്തരേയും വ്യക്തിത്വം കൊണ്ട് ആകർഷിക്കുക.
  • എല്ലാം പോസിറ്റീവായി മാത്രം കാണാൻ സാധിക്കണം. ഇത് ശീലമാക്കാൻ ജീവിത രീതിയിലും വളരെ മാറ്റങ്ങൾ വരുത്തണം. നല്ല ശീലങ്ങളും ചിന്തകളുമായി ഓരോ ദിവസവും ആരംഭിക്കാനാവണം. മനസ്സു തുറന്നു ചിരിക്കാൻ പഠിക്കണം. നമ്മിലെ പോസറ്റീവ് ഊർജം മറ്റുളളവർക്ക് അനുഭവിക്കാനാകണം.
  • മറ്റുള്ളവരുടെ ദുഃഖങ്ങളിൽ പങ്കാളിയാകാനും അവരെ സഹായിക്കാനും സാധിക്കണം. കാര്യങ്ങൾ കണ്ട് മനസ്സിലാക്കുകയാണു നല്ലൊരു വ്യക്തി ചെയ്യുക. ചിലർ ഒന്നും തുറന്നു പറയില്ല, അവരുടെ വേദന തിരിച്ചറിയാനും ആശ്വസിപ്പിക്കാനും സാധിക്കുമ്പോൾ അത് വ്യക്തിത്വമല്ല മനുഷ്യത്വമാവുകയാണ്. നാം കാരണം ഒരാൾക്ക് ആശ്വാസം ലഭിക്കുമ്പോൾ അതിലും മികച്ചതായി ലോകത്തൊന്നുമില്ല.
  • പദവിയിൽ ഉയർന്നവരും താഴ്ന്നവരുമുണ്ടാകും. എന്നാൽ മനുഷ്യരിൽ അങ്ങനെയില്ല. എല്ലാവരെയും ബഹുമാനിക്കുക. എല്ലാവരും തുല്യലാണ്. ചെറിയ കാര്യങ്ങൾക്കും നന്ദി പറയുക. വ്യക്തിത്വം മികവുറ്റതാക്കാൻ ഇതിലും മികച്ച വഴിയില്ല. എല്ലാവരെയും ബഹുമാനിച്ചും അംഗീകരിച്ചും മുന്നേറുമ്പോൾ നിങ്ങൾ ഭൂമിയിലെ ഏറ്റവും മികച്ച വ്യക്തിയാകുന്നു. മറ്റുള്ളവർ ബഹുമാനത്തോടെയും സ്നേഹത്തോടെയും നിങ്ങളെ സ്വീകരിക്കും

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.